നിർമാണം പൂർത്തിയായ ചാലക്കുടി ആയുഷ് ആശുപത്രി കെട്ടിടം
ചാലക്കുടി: നിർമാണം പൂർത്തിയായി ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും ചാലക്കുടി ആയുഷ് ഇന്റഗ്രേറ്റഡ് ഹോസ്പിറ്റലിന്റെ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നു. കേന്ദ്ര ആയുഷ് വകുപ്പിന് കീഴിൽ ഒമ്പത് കോടി രൂപ ചെലവിൽ നാല് നിലകളിലായി കെട്ടിട്ട നിർമാണം പൂർത്തിയായിട്ടുണ്ട്. താഴത്തെ നിലയിൽ ഒ.പി വിഭാഗവും പഞ്ചകർമയും ഫിസിയോ തെറപ്പിയും നേത്ര ചികിത്സ സ്പെഷാലിറ്റിയും ലാബും ഉൾപ്പെടെ സൗകര്യങ്ങളാണ് ഒരുക്കുക.
നേത്ര വിഭാഗത്തിന്റെ സ്പെഷലിസ്റ്റ് ഹോസ്പിറ്റലായ ഇവിടേക്ക് നിലവിലുള്ള ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ പ്രവർത്തനവും ജനറൽ വിഭാഗം ഡോക്ടറുടെ സേവനവും മാറ്റും. പ്രവർത്തനത്തിന് മറ്റ് അനുബന്ധ ജീവനക്കാരെ നിയമിക്കണം. ഫിസിയോതെറപ്പി, ലാബ്, ഒപ്റ്റോമെട്രി, പഞ്ചകർമ്മ എന്നിവക്കാവശ്യമായ ഉപകരണങ്ങൾ എത്തിക്കേണ്ടതുണ്ട്. കിടത്തിച്ചികിത്സ ഉൾപ്പെടെ പ്രവർത്തനങ്ങളാണുണ്ടാകുക. ആശുപത്രിയുടെ അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കാൻ 4.75 കോടി രൂപ കൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്.
ചുറ്റുമതിൽ, എസ്.ടി.പി സൗകര്യം, ദേശീയപാതയിൽനിന്നുള്ള പ്രവേശനത്തിനുള്ള പാലം, ടൈൽ വിരിക്കൽ തുടങ്ങിയ പ്രവൃത്തികൾ ബാക്കി നിൽക്കുകയാണ്. എസ്.ടി.പി സ്ഥാപിക്കാനുള്ള 10 സെന്റ് ഭൂമിയും പ്രവേശന കവാടത്തിനുള്ള ഏഴ് സെന്റ് ഭൂമിയും നൽകുന്നതിനുള്ള നടപടി നഗരസഭ നൽകിയിട്ടില്ല.
സനീഷ് കുമാർ ജോസഫ് എം.എൽ.എ ഈയിടെ സ്ഥലം സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കത്തക്ക വിധത്തിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകി. കെ.എസ്.സി.സിയാണ് നിർമാണ ഏജൻസി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.