തൃശൂർ: അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ ചെറുവത്തേരിയിൽ സ്വർണാഭരണ നിർമാണശാലയിൽനിന്നുള്ള രാസമാലിന്യം കിണറുകളിലെ വെള്ളം മലിനമാക്കിയെന്നാരോപിച്ച് നടന്ന കുടിവെള്ള സമരവുമായി ബന്ധപ്പെട്ട് ചേർപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 14 പ്രതികളെയും തൃശൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.
ജഡ്ജി കെ. ആൽഫ മാമേയ് ആണ് വിധി പ്രസ്താവിച്ചത്. കുടിവെള്ള സമര സമിതി കൺവീനർ ചന്ദ്രൻ (72), സമരസമിതി പ്രവർത്തകരായ ചെറുവത്തേരി കിഷോർ (48), തിലകൻ (61), ചെറുപറമ്പത്ത് രാജേഷ് (41), നെല്ലിപ്പറമ്പിൽ വിനോഷ് (41), ചെറുവത്തേരി പ്രസാദ് (43), പടയാടി സജീവൻ (51), വാർഡ് 11 മെംബർ നീലംകുളം ശ്രീജിത്ത് (33), പുതിയ മഠത്തിൽ നിഖിൽ ദാസ് (34), ചോറാട്ടിൽ സുഭാഷ് (43), ചെമ്പിൽ സുലജ് (45), ചെറുവത്തേരി വത്സൻ (56), ചെറുവത്തേരി സതീശൻ (50), ചെറുവത്തേരി പ്രദീപ് (59) എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.
2024 ഒക്ടോബർ ഏഴിന് സെൻറ് ആൻറണീസ് ജൂവലറി വർക്സ് എന്ന സ്ഥാപനത്തിലേക്ക് വെള്ളവുമായി വന്ന ടാങ്കർ ലോറികൾ തടഞ്ഞുനിർത്തി, അന്യായമായി സംഘം ചേർന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ഡ്രൈവർമാരെയും ക്ലീനർമാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ, സ്വർണാഭരണ നിർമാണശാലയിൽനിന്ന് പുറന്തള്ളുന്ന ആസിഡ്, മെർക്കുറി, കാഡ്മിയം, ക്രോമിയം തുടങ്ങിയ രാസമാലിന്യങ്ങൾ കാരണം പ്രദേശത്തെ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായതിനെത്തുടർന്നാണ് നാട്ടുകാർ സമരരംഗത്തിറങ്ങിയതെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.
ഇതുസംബന്ധിച്ച് ജില്ല കലക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും നേരത്തേതന്നെ പരാതികൾ നൽകിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പ്രദേശവാസികൾക്ക് ശുദ്ധജലം നൽകണമെന്ന് ഹൈകോടതിയും ജില്ല ദുരന്ത നിവാരണ അതോറിറ്റിയും ഉത്തരവിട്ടിരുന്നതായും ഈ രേഖകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.