സ്വാതന്ത്ര്യസമരകാലത്ത് സമരയോദ്ധാക്കൾ ഒത്തുകൂടിയിരുന്ന ‘ഗാന്ധി മൈതാനം’എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ ക്ഷേത്രത്തിനോടു ചേർന്ന സ്ഥലം
ചരിത്രസവിശേഷതകളുടെയും മൈത്രീസംസ്കൃതിയുടെയും മഹിതപാരമ്പര്യം പേറുന്ന കൊടുങ്ങല്ലൂർ രാജ്യസ്വാതന്ത്ര്യത്തിനുള്ള പോരാട്ടങ്ങളെ എല്ലാ വൈകാരികതയോടെയും ആവേശപൂർവം നെഞ്ചേറ്റിയ മണ്ണാണ്. ദേശീയതലത്തിൽ നടന്ന സമരമുന്നേറ്റങ്ങൾ പലതും ഇവിടെയും അലയടിച്ചുയർന്നിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങൾ ഏറ്റെടുക്കാൻ കൊടുങ്ങല്ലൂരിലെയും പരിസരപ്രദേശങ്ങളിലെയും ദേശസ്നേഹികൾ സധൈര്യം മുന്നോട്ടുവരുകയുണ്ടായി.
സ്വാതന്ത്ര്യവാഞ്ഛയോടൊപ്പം സാമൂഹിക തിന്മകൾക്കും ഉച്ചനീചത്വങ്ങൾക്കും അനീതികൾക്കും രാജഭരണത്തിന്റെ അരുതായ്മകൾക്കെതിരായ സമരവും ഉൾച്ചേർന്നതായിരുന്നു കൊടുങ്ങല്ലൂരിന്റെ സ്വാതന്ത്ര്യസമര പോരാട്ടം. നിസ്സഹകരണ പ്രസ്ഥാനം, വിദേശവസ്ത്ര ബഹിഷ്കരണം, ക്വിറ്റ് ഇന്ത്യ സമരം, നികുതിനിഷേധം തുടങ്ങിയ സമരാഹ്വാനങ്ങളിലെല്ലാം കൊടുങ്ങല്ലൂർ മേഖലയിലെ സമരസേനാനികൾ ആവേശപൂർവം പങ്കാളികളായി. മദ്യപാനികളെ അതിൽനിന്ന് പിന്മാറ്റാൻ കൊടുങ്ങല്ലൂർ നഗരത്തോടു ചേർന്ന കാവിൽകടവിൽ കള്ളുഷാപ്പിനെതിരെ നിരന്തര പിക്കറ്റിങ് നടത്തിയത് സ്വാതന്ത്ര്യസമര സേനാനികളായിരുന്നു.
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കേ നടയായിരുന്നു സേനാനികളുടെ സംഗമ കേന്ദ്രം. ഇവിടം ഗാന്ധി മൈതാനം എന്നും അറിയപ്പെട്ടിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെ ഇവിടെയത്തി സ്വാതന്ത്ര്യസമരത്തിൽ അണിചേർന്നിരുന്നു. ഓരോ ദിവസവും ഗാന്ധിമൈതാനത്ത് ഒത്തുകൂടിയാണ് യോദ്ധാക്കൾ സമരത്തിനായി പുറപ്പെടുക. തികച്ചും ലളിതമായ ജീവിതരീതിയായിരുന്നു പോരാളികളുടേത്. സ്വാതന്ത്ര്യസമര പോരാട്ടത്തിനായി ജീവിതം സമർപ്പിച്ചവർ ഏറെയാണ്. ഇവരിൽ ക്രൂരമർദനം ഏറ്റുവാങ്ങിയവരും ജയിൽവാസമനുഷ്ഠിച്ചവരും ഉണ്ട്. പോരാളികളിൽ ഏറെ ധീരനായിരുന്ന പി. വെമ്പല്ലൂരിലെ മുതിരിക്കൽ രാമൻ കുട്ടി പണിക്കരുടെ രക്തസാക്ഷിത്വം ഇനിയും വേണ്ടത്ര ഉയർത്തിപ്പിടിക്കാൻ നാടിനായിട്ടില്ല. നാടുവാഴി കുടുംബത്ത് സുഖലോലുപനായി കഴിയാമായിരുന്നിട്ടും സ്വാതന്ത്ര്യസമര പോരാട്ടത്തിലേക്ക് ഇറങ്ങിത്തിരിച്ച ആ യുവാവിനെ സേലം ജയിലിലിട്ട് ക്രൂരമായി മർദിച്ച് കൊല്ലുകയായിരുന്നു.
ദേശീയതലത്തിൽതന്നെ അറിയപ്പെട്ടിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഗർജിക്കുന്ന സിംഹം എന്ന വിശേഷണമുള്ള മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബായിരുന്നു കൊടുങ്ങല്ലൂരിലെ സമരരംഗത്തെ വലിയ പ്രചോദനം. രോഗശയ്യയിൽ കിടക്കുന്ന ഉമ്മയെ കാണാൻ ജയിലിൽനിന്ന് വിലങ്ങണിഞ്ഞ് ബന്ധിതനായി പൊലീസ് അകമ്പടിയോടെ കൊടുങ്ങല്ലൂർ കാവിൽ സാഹിബ് വന്നിറങ്ങിയത് അന്നത്തെ വലിയ സംഭവമായിരുന്നു. ഈ രംഗം നേരിൽ കണ്ട സ്വാതന്ത്ര്യസമര സേനാനിയും കവിയും ചലച്ചിത്രകാരനുമായ പി. ഭാസ്കരൻ മാഷുടെ ഹൃദയത്തിൽനിന്ന് മികച്ചൊരു കവിത പിറവിയെടുക്കുകയുണ്ടായി.
ഭാസ്കരൻ മാഷുടെ പിതാവ് നന്ത്യേലത്ത് പത്മനാഭ മേനോൻ കൊടുങ്ങല്ലൂരിലെ സ്വാതന്ത്ര്യസമര നേതാക്കളിൽ പ്രധാനിയായിരുന്നു. പത്മനാഭ മേനോന്റെ നേതൃത്വത്തിലായിരുന്നു കാവിൽ കടവ് സമരം. ഇ. ഗോപാലകൃഷ്ണണമേനോൻ, എൻ.പി. ശങ്കരൻകുട്ടി മേനോൻ, പുൽപ്പിള്ളി കേശവമേനോൻ സി.എ. അബ്ദുൽ ഖാദർ, ശേഖരൻ നായർ പനങ്ങാട്, യു. കരുണാകരമേനോൻ, പി.എസ്. ശങ്കരനാരായണൻ, സേലം കൃഷ്ണണൻ, കെ. കുട്ടികൃഷ്ണൻ നായർ, കൗമുദി അമ്മ, പി.പി. കുമാരൻ, ടി.എൻ. കുമാരൻ തുടങ്ങിയവരെല്ലാം സ്വാതന്ത്ര്യ സമരത്തിൽ അണിചേർന്നവരാണ്. സ്വാതന്ത്ര്യസമരത്തിനിടയിലെ സാമൂഹിക പരിഷ്കരണ, കർഷക പ്രക്ഷോഭങ്ങളെ നയിച്ചവരായിരുന്നു മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി, കെ.എം. ഇബ്രാഹിം സാഹിബ്, കെ.എം. കുഞ്ഞിമൊയ്തീൻ, കുഞ്ഞികുട്ടി തമ്പുരാട്ടി ഉൾപ്പെടെയുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.