തരുവണ-മാനന്തവാടി റോഡിലെ തരുവണ നടക്കൽ വളവിൽ കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട വാഹനങ്ങൾ
വെള്ളമുണ്ട: തരുവണ-മാനന്തവാടി റോഡിലെ തരുവണ നടക്കൽ വളവ് അപകടമേഖലയായി തുടരുമ്പോഴും പരിഹാര നടപടികളില്ല. വാഹനാപകടങ്ങൾ പതിവായ ഈ വളവിൽ സുരക്ഷാഭിത്തികളോ വ്യക്തമായ സൂചനാബോർഡുകളോ മുഴുവൻ സ്ഥലത്തും ഇല്ല.
വയലിനോട് ചേർന്ന വളവായതിനാൽ വേഗതയിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. കഴിഞ്ഞ ദിവസം അഞ്ച് വാഹനങ്ങൾ ഈ വളവിനോട് ചേർന്ന് കൂട്ടിയിടിച്ചു അപകടത്തിൽപ്പെട്ടിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. അഞ്ചുവാഹനങ്ങൾക്ക് നാശനഷ്ടമുണ്ടായി. നടക്കൽ വർക്ക്ഷോപ്പിൽനിന്നും പുറത്തേക്ക് വന്ന ഒരു കാർ അവിടെയുണ്ടായിരുന്ന രണ്ട് വാഹനങ്ങളിൽ ഇടിച്ചശേഷം റോഡിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.
ഈ കാർ വരുന്നത് കണ്ട് മാനന്തവാടി ഭാഗത്തുനിന്നും തരുവണ ഭാഗത്തേക്ക് ഇഞ്ചി കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പ് പെട്ടെന്ന് വെട്ടിച്ചപ്പോൾ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന് മുകളിലൂടെ വയലിലേക്ക് മറിയുകയായിരുന്നു. ഈ കാറും ഇഞ്ചി വാഹനത്തോടൊപ്പം വയലിലേക്ക് മറിയുകയായിരുന്നു. അപകടങ്ങൾ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.