ഭിന്നശേഷി ശൗചാലയം
വെള്ളമുണ്ട: ഇനി എന്നാണ് വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാവുക എന്ന ചോദ്യം എല്ലാ അധ്യയനവർഷവും ഉയരുകയാണ്. വിദ്യാലയങ്ങൾ ഹൈടെക്കായിട്ടും ഇന്നും ക്ലാസ് മുറികളും ബാത്റൂമുകളും ഭിന്നശേഷി സൗഹൃദമായിട്ടില്ല. ഇതോടെ പൊതുവിദ്യാലയങ്ങളിൽനിന്ന് ഭിന്നശേഷി വിദ്യാർഥികൾ അകലുകയാണ്.
ഭിന്നശേഷി വിദ്യാർഥികൾക്ക് ക്ലാസ് മുറിയിൽ കയറുന്നതിനായി ചരിഞ്ഞ നടപ്പാതകൾ ഉണ്ടാവണം. കൂടാതെ, ഇവരുടെ പ്രാഥമിക കൃത്യത്തിനുള്ള ബാത്റൂം സൗകര്യങ്ങളുമൊരുക്കണം എന്നതാണ് ചട്ടം. ജില്ലയിൽ വിരലിലെണ്ണാവുന്ന വിദ്യാലയങ്ങളിൽ മാത്രമാണ് പേരിനെങ്കിലും ഭിന്നശേഷി ശൗചാലയങ്ങളുള്ളത്. ബഹുഭൂരിപക്ഷം വിദ്യാലയങ്ങളിലും പൊതു ബാത്റൂമും ടോയ് ലറ്റുമാണ് ഇപ്പോഴുമുള്ളത്.
ഭിന്നശേഷി വിദ്യാർഥികൾക്ക് നടന്നുപോകാൻ പാകത്തിലുള്ള വഴിയും അവർക്ക് പ്രയാസമില്ലാതെ ഉപയോഗിക്കാൻ കഴിയുംവിധം താഴ്ത്തി യൂറോപ്യൻ ക്ലോസറ്റുമടക്കം നിർമിച്ച ബാത്റൂം ഉണ്ടായിരിക്കണം. ഈ ബാത്റൂമുകൾ തിരിച്ചറിയുംവിധം നെയിംബോർഡും സ്ഥാപിക്കണം.
ഭിന്നശേഷി സൗഹൃദം പറയുന്നവർ ഇത് പാലിക്കുന്നില്ലെന്നു മാത്രമല്ല, ഇത്തരം വിദ്യാർഥികളെ പരിഗണിക്കുകകൂടി ചെയ്യുന്നില്ലെന്നാണ് ആരോപണം. ഭിന്നശേഷി സൗഹൃദ ബാത്റൂമില്ലാത്ത കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നൽകരുതെന്നും നിയമം പറയുന്നുണ്ട്. ജില്ലയിലെ പല വിദ്യാലയങ്ങളിലും പുതുതായി നിർമിച്ച കെട്ടിടങ്ങളിൽപോലും ഭിന്നശേഷി സൗഹൃദ ബാത്റൂമില്ലെന്ന് അധ്യാപകരും വിദ്യാർഥികളും പറയുന്നു.
ത്രിതല പഞ്ചായത്ത് അധികൃതരാണ് കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നത്. എന്നാൽ, നിയമങ്ങൾ പാലിക്കാതെയാണ് ഫിറ്റ്നസും കെട്ടിട പെർമിറ്റും നൽകുന്നതെന്ന് ആക്ഷേപമുണ്ട്. ഇത് ഭിന്നശേഷി വിദ്യാർഥികളോട് ചെയ്യുന്ന നീതികേടാണ്. എന്നാൽ, പരാതികളില്ലെന്ന ന്യായം പറഞ്ഞ് അധികൃതരും ഇത് അവഗണിക്കുകയാണ് പതിവ്.
പൊതുവിദ്യാലയങ്ങളിൽ പഠനത്തിനെത്തുന്ന ഭിന്നശേഷി വിദ്യാർഥികൾ പ്രാഥമിക സൗകര്യമില്ലാത്തതിനാൽ പഠനം നിർത്തുകയോ ബഡ്സ് സ്കൂളുകളിലേക്ക് മാറുകയോ ചെയ്യുന്നതാണ് മുൻവർഷങ്ങളിലെ പതിവ്.
പഞ്ചായത്ത് അടിസ്ഥാനത്തിൽ ഭിന്നശേഷി വിദ്യാർഥികൾ നിരവധിയുണ്ടെങ്കിലും പൊതുവിദ്യാലയങ്ങളിൽ ഇവരെ കാണാത്തതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. ഭിന്നശേഷി വിദ്യാർഥികളെ ഉൾക്കൊള്ളാനുള്ള അവബോധം മറ്റു വിദ്യാർഥികൾക്ക് നൽകുന്നില്ലെന്ന പരാതിക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.