ബാണാസുര സാഗർ ഡാം റിസർവോയർ
വെള്ളമുണ്ട: കാലവർഷം തുടങ്ങിയതോടെ മഴക്കൊയ്ത്തിനൊരുങ്ങി ബാണാസുരസാഗർ ഡാം. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശമുണ്ട്. ബുധനാഴ്ച ഉച്ചയോടെ ജലനിരപ്പ് 766.45 മീറ്ററായി ഉയർന്നു. ജലനിരപ്പ് 775.60 മീറ്ററിലെത്തിയാൽ മാത്രമേ ഷട്ടർ തുറന്നുവിടേണ്ടി വരികയുള്ളൂ. അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളിലൊന്നും ഷട്ടർ തുറക്കാൻ സാധ്യതയില്ല.
കഴിഞ്ഞ ദിവസങ്ങളിൽ വൻതോതിൽ ജലം പൊങ്ങിയിട്ടുണ്ട്. ഡാമിന്റെ പ്രാന്തപ്രദേശങ്ങളിൽ ശക്തമായ മഴ തുടർന്നാൽ മാത്രമാണ് ജലനിരപ്പുയരുക. വേനൽക്കാലത്ത് വൈദ്യുതി ഉൽപാദനത്തിനായി ഇവിടെ നിന്ന് വെള്ളം കൊണ്ടുപോകാറുണ്ട്. മഴ തുടങ്ങിയതോടെ ഇത് നിർത്തി. മഴവെള്ളം പരമാവധി ശേഖരിച്ച് റിസർവോയർ നിറക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. സെൻട്രൽ വാട്ടർ കമീഷന്റെ നിർദേശപ്രകാരം മഴയുടെ തുടക്കത്തിൽ എത്ര മഴ പെയ്താലും ഡാം നിറക്കുന്ന നടപടി ഉണ്ടാവില്ല.
സർക്കാർ തലത്തിൽ നടന്ന പഠനപ്രകാരം ഓരോ മാസവും ശേഖരിക്കേണ്ട വെള്ളത്തിന്റെ അളവ് ക്രമപ്പെടുത്തിയിട്ടുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ നിശ്ചിത അളവ് വെള്ളം മാത്രം ശേഖരിക്കുകയും ഓഗസ്റ്റ് മാസത്തോടെ റിസർവോയർ നിറക്കുക എന്നതാണ് മുമ്പ് ഇറക്കിയ നിർദേശം. ഡാമിന്റെ ഷട്ടർ തുറക്കുന്ന സമയത്ത് ഡാമിന്റെ പരിസരത്ത് മീൻപിടിത്തം അനുവദിക്കില്ല.
ഇതിന്റെ ഭാഗമായി ബ്ലൂ, ഓറഞ്ച്, റെഡ് തുടങ്ങിയ മൂന്ന് അലേർട്ട് ലെവൽ നിജപ്പെടുത്തിയിട്ടുണ്ട്. മഴ തുടങ്ങിയാൽ രണ്ടാഴ്ചയിലൊരിക്കൽ വെള്ളത്തിന്റെ ലെവൽ പഠിച്ച് അധികം വരുന്നത് തുറന്നുവിടുകയോ മറ്റ് സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്യും. ഷട്ടർ തുറക്കുന്നതിന് മുമ്പ് മൂന്നോ നാലോ തവണ മുന്നറിയിപ്പ് സൈറൺ മുഴക്കും. അഞ്ച് കിലോമീറ്റർ പരിധിയിൽ ശബ്ദം എത്തിക്കാൻ കഴിയുന്ന സൈറണും ഡാമിലുണ്ട്. നിലവിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.