വെള്ളമുണ്ട: കൈയെത്തും ഉയരത്തിൽ തൂങ്ങിനിൽക്കുന്ന സർവിസ് വയറുകളും അലക്ഷ്യമായി ചുമരിലൂടെ താഴ്ത്തിയിട്ട വൈദ്യുതി വയറുകളും സുലഭമായുള്ള വിദ്യാലയങ്ങൾക്കുപോലും ഫിറ്റ്നസ് നൽകുന്ന നാട്ടിൽ വിദ്യാർഥികളുടെ ജീവന് ഭീഷണിയുയരുന്നു.
രക്ഷിതാക്കൾ രേഖാമൂലം പരാതി നൽകിയിട്ടും ഇതു സംബന്ധിച്ച നടപടികൾ കാട്ടിക്കൂട്ടലാവുകയാണെന്ന് പരാതിയുണ്ട്. കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിനു പിന്നാലെ സ്കൂളുകളിൽ അറ്റകുറ്റപ്പണികൾ സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയരുന്നത്.
വെള്ളമുണ്ട പഞ്ചായത്തിലെ പ്രമുഖ എയ്ഡഡ് വിദ്യാലയത്തിൽ വൈദ്യുതി ലൈനിൽനിന്നുള്ള സർവിസ് വയർ വർഷങ്ങളായി താഴ്ന്നുകിടക്കുകയാണ്. പ്രധാന കെട്ടിടങ്ങളിലെ ചുമരുകളിൽ അപകടനിലയിൽ വയറുകൾ താഴ്ന്നുകിടക്കുന്നുമുണ്ട്. ഇതിനു ചുവട്ടിലൂടെ നടന്നാണ് വിദ്യാർഥികൾ ക്ലാസ് മുറികളിലെത്തുന്നത്.
പഞ്ചായത്തധികൃതർ കാലങ്ങളായി ഫിറ്റ്നസ് നൽകുന്നതും ഈ കെട്ടിടങ്ങൾക്കാണ്. ശോച്യാവസ്ഥയിലുള്ള കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നൽകരുതെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രമുഖ വിദ്യാലയത്തിന് ജൂൺ മാസം ഫിറ്റ്നസ് തടയുകയും എന്നാൽ, അപകട സാഹചര്യം നിലനിൽക്കെതന്നെ ജൂലൈ ആദ്യത്തിൽ ഫിറ്റ്നസ് അനുവദിക്കുകയും ചെയ്തു. സമീപ പഞ്ചായത്തുകളിലും നിരവധി വിദ്യാലയങ്ങൾ സുരക്ഷിതമല്ലാത്ത നിലയിൽ ഇപ്പോഴും പ്രവൃത്തിക്കുന്നുണ്ട്.
കാടുമൂടിയ കെട്ടിടങ്ങൾക്കരികിലെ ക്ലാസ് മുറികളിൽ തികച്ചും അപകടകരമായാണ് വിദ്യാർഥികൾ പഠിക്കുന്നത്. താൽക്കാലികമായി കാട് വെട്ടിമാറ്റുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. സുരക്ഷിതമല്ലാത്ത ക്ലാസ് റൂമുകൾ ആര് നന്നാക്കണമെന്ന തർക്കത്തിലാണ് പല സ്കൂളുകളിലും. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ചുമരും തറയും പ്രൈമറി വിദ്യാലയങ്ങളുടെ സ്ഥിരം കാഴ്ചയാണ്.
വൈദ്യുതി കണക്ഷൻ പോലും ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് നൽകിയിട്ടുണ്ട്. ബാലാവകാശ കമീഷനടക്കം പരാതി നൽകിയാലും സ്കൂളിലെത്തി ഒരു അന്വേഷണം നടത്താൻപോലും ബന്ധപ്പെട്ടവർ തയാറാവുന്നില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.
പരിശോധനകളും നടപടികളും കാലങ്ങളായി പ്രഹസനമായ അനുഭവങ്ങളാണ് ജില്ലയിലുള്ളത്. തദ്ദേശ സ്വയംഭരണ എ.ഇമാർ വിദ്യാലയങ്ങളിലെ ക്ലാസ് മുറികള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ചില തൽപരകക്ഷികളുടെ സ്വാധീനത്തിൽ എല്ലാം അട്ടിമറിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.