ഈ വർഷം വീടിന്റെ മുൻവശത്തുണ്ടായ മണ്ണിടിച്ചിൽ
വെള്ളമുണ്ട: മണ്ണിടിച്ചിൽ തുടർച്ചയായ സ്ഥലത്ത് ഭീതിയോടെ ആദിവാസി കുടുംബങ്ങൾ. കഴിഞ്ഞ വർഷത്തെ കനത്തമഴയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ ആദിവാസി കുടുംബം ഇപ്പോഴും മണ്ണിടിച്ചിൽ ഭീതിയിലാണ്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഏഴേനാൽ എടത്തിൽ പണിയ ഉന്നതിയിലെ മൂന്ന് വീടുകളാണ് തകർച്ചയുടെ വക്കിലുള്ളത്.
കനത്ത മഴയെതുടർന്ന് ഉന്നതിയിലെ ശ്രീധരന്റെ വീടിനു മുകളിലേക്ക് കഴിഞ്ഞ വർഷം പിറകുവശത്തെ കുന്ന് വൻമരമടക്കം ഇടിഞ്ഞ് താഴുകയായിരുന്നു. വാർപ്പ് വീടിന്റെ മുകളിലേക്കു പതിച്ച മണ്ണ് സാവധാനം വീടിന്റെ ഒരുവശം മൂടിയതിനാൽ ഭാഗ്യത്തിനാണ് കുടുംബം അന്ന് രക്ഷപ്പെട്ടത്. എന്നാൽ, വലിയ തോതിൽ മണ്ണും കല്ലും ചുമരിലേക്ക് വന്നടിഞ്ഞതിനാൽ വീടിന്റെ നിലനിൽപ്പുതന്നെ അപകടത്തിലായിരുന്നു.
മണ്ണിടിഞ്ഞ് ഒരുവർഷം പിന്നിട്ടിട്ടും മണ്ണ് നീക്കം ചെയ്യാനോ സുരക്ഷ നടപടി ഒരുക്കാനോ അധികൃതർ തയാറായില്ല. ഈ വർഷം മഴ തുടങ്ങുന്നതിനുമുമ്പായി ശ്രീധരൻ സ്വയം മണ്ണ് നീക്കം ചെയ്തു. എന്നാൽ, ഈ വർഷത്തെ മഴയിലും മണ്ണിടിഞ്ഞ ഭീതിയിലാണ് ശ്രീധരന്റെ കുടുംബം.
ശ്രീധരന്റെ വീടിനു മുകൾഭാഗത്തുള്ള സുമതി, പാറു എന്നിവരുടെ രണ്ടു വീടുകളും അപകടാവസ്ഥയിലാണ്. ഈ രണ്ടു വീടുകളുടെ മുറ്റമടക്കം ഇടിഞ്ഞ് താഴ്ന്നു. സുമതിക്ക് ലഭിച്ച പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വീട് നിർമാണം പൂർത്തിയായപ്പോഴാണ് കഴിഞ്ഞ വർഷം മണ്ണിടിച്ചിലുണ്ടായത്.
താമസം തുടങ്ങുംമുമ്പ് വീട് വാസയോഗ്യമല്ലാതായി. മഴക്ക് ശമനമായെങ്കിലും ഇടിഞ്ഞുനിൽക്കുന്ന കുന്നിന് ചുവട്ടിലാൽ സ്ഥിതി ചെയ്യുന്ന മൂന്നു വീടുകളും ഇപ്പോഴും അപകടാവസ്ഥയിലാണ്.
മാധ്യമം വാർത്തയെതുടർന്ന് പഞ്ചായത്തും ട്രൈബൽ വകുപ്പും ഇടപെട്ട് പ്രദേശത്തെക്കുറിച്ച് പഠിക്കുകയും ഇടിഞ്ഞ ഭാഗം കെട്ടി സംരക്ഷിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ആദിവാസികളുടെ പ്രതിഷേധത്തെതുടർന്ന് ആറു മാസം മുമ്പ് പ്രദേശത്ത് മതിൽ നിർമിക്കുമെന്ന് രേഖാമൂലം ശ്രീധരനെ അറിയിച്ചിരുന്നു.
പാലിക്കപ്പെടാത്ത ഉറപ്പുകൾ മാത്രമാണ് അധികൃതരിൽ നിന്നുണ്ടാവുന്നതെന്ന് ഉന്നതിനിവാസികൾ പറയുന്നു. പൊതുവിഭാഗത്തിന് ഉണ്ടാകുന്ന ദുരന്തക്കെടുതികൾ പെട്ടെന്ന് പരിഹരിക്കുന്ന അധികൃതർ ആദിവാസികളുടെ ദുരിതം കണ്ടില്ലെന്നു നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.