എം.കെ.സാനു
ഒരു സമ്പൂർണ ജീവിതം പൂർത്തിയാക്കിയാണ് സാനു മാഷ് വിട്ടുപിരിയുന്നതെങ്കിലും അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത വളരെ വലുതാണ്. ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയുമെല്ലാം ഏറ്റവും ഉദാത്തമായ ആവിഷ്കാരമാണ് ആ ജീവിതത്തിലും രചനകളിലും കാണാനാവുക. കേൾവിക്കാർക്ക് ഹൃദയത്തിലേക്ക് നേരിട്ട് കടന്നുചെന്ന് ഇടം പിടിക്കുന്ന തെളിച്ചമുള്ള ഭാഷയിലാണ് അദ്ദേഹം പ്രഭാഷണം നടത്താറുള്ളതും അധ്യാപകനെന്ന നിലയിൽ ക്ലാസുകൾ കൈകാര്യം ചെയ്യാറുള്ളതും. എഴുത്തിൽ പ്രൗഢവും അതേസമയം ലളിതവുമായ ഭാഷ ശൈലി നമുക്കദ്ദേഹത്തിൽ കാണാനാവും.
നിതാന്ത വായനയും ചിന്തയും അതിന്റെ ആവിഷ്കാരങ്ങളായ പ്രഭാഷണങ്ങളും ഗ്രന്ഥ രചനകളും കൊണ്ട് വിശ്രമരഹിതമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. അവസാന നാളുകളിലും രചനയുടെ ലോകം ഉപേക്ഷിക്കാതിരുന്ന മാഷിന്റെ വിഖ്യാതമായ കൃതിയുടെ പേര് ‘അസ്തമിക്കാത്ത വെളിച്ചം’ എന്നാണ്. ആ ഗ്രന്ഥ ശീർഷകം സാനു മാഷിനുള്ള വിശേഷണം കൂടിയാണ്. മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും അദ്ദേഹത്തോടൊപ്പം ഒട്ടേറെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
ജൂണിൽ കൊച്ചിയിൽ നടന്ന സിയാഉസ്സലാമിന്റെ ‘ബീയിങ് മുസ്ലിം ഇൻ ഹിന്ദു ഇന്ത്യ: എ ക്രിട്ടിക്കൽ വ്യൂ’ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനത്തിലാണ് അവസാനം ഒന്നിച്ച് പങ്കെടുത്തത്. അന്ന് ഏറെനേരം അദ്ദേഹവുമായി സംസാരിച്ചിരുന്നു. അതിനുമുമ്പ് എറണാകുളത്ത് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിലും ഒരുമിച്ച് പങ്കെടുത്തു.
എറണാകുളത്തുനിന്ന് എം.എൽ.എയായി അദ്ദേഹം നടത്തിയ പ്രവർത്തനവും മികച്ചതായിരുന്നു. അസാധാരണ ഉൾക്കാഴ്ചയോട് കൂടി ജീവചരിത്ര രചനയില്‍ അദ്ദേഹം പ്രാഗല്ഭ്യം പുലര്‍ത്തി. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങൾ മലയാളികളില്‍ ആഴത്തിലിറങ്ങുന്ന വിധത്തില്‍ മികച്ച രചനകൾ നടത്താന്‍ അദ്ദേഹത്തിനായി. മൂന്ന് ഡസനിലേറെ പുസ്തകങ്ങളെഴുതിയ മാഷിന്റെ ഗ്രന്ഥങ്ങളിൽ ശ്രീനാരായണ ഗുരു, സഹോദരൻ അയ്യപ്പൻ, ചങ്ങമ്പുഴ കൃഷ്ണപിള്ള അടക്കമുള്ളവരെക്കുറിച്ചുള്ളവ കേരളത്തിലെ ഏറ്റവും മികച്ച രചനകളിൽപെടുന്നവയാണ്. സാനു മാഷിന്റെ വിയോഗം മലയാള ഭാഷക്കും സാഹിത്യത്തിനും പറഞ്ഞറിയിക്കാന്‍ പറ്റാത്ത നഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.