അട്ടപ്പാടിയിൽ വൻ പട്ടയ അട്ടിമറി; കൈവശരേഖയോ കുടികിടപ്പോ ഇല്ലാതെ നിയമവിരുദ്ധമായി പട്ടയം നൽകിയെന്ന് റിപ്പോർട്ട്

തൃശൂർ: അട്ടപ്പാടിയിൽ വൻ പട്ടയ അട്ടിമറി. കൈവശരേഖയോ കുടികിടപ്പോ ഇല്ലാതെ നിയമവിരുദ്ധമായി പട്ടയം നൽകിയെന്ന് അന്വേഷണ റിപ്പോർട്ട്. പൊന്തക്കാടുകൾ നിറഞ്ഞ സ്ഥലപരിശോധന നടത്താൻ കഴിയാത്ത ഭൂമിക്കാണ് പട്ടയം അനുവദിച്ചതെന്ന് മണ്ണാർക്കാട് തഹസിൽദാർ എസ്. ശ്രീജിത്താണ് സബ് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

അട്ടപ്പാടി ലാൻഡ് ട്രൈബ്യൂണൽ ഓഫിസിലെയും പുതൂർ വില്ലേജ് ഓഫിസിലെയും രേഖകൾ പരിശോധിച്ചും പ്രാദേശിക അന്വേഷണം നടത്തിയുമാണ് റിപ്പോർട്ട് തയാറാക്കിയത്. 79 എസ്.എം പട്ടയ അപേക്ഷകളിൽ ക്രമക്കേടുകൾ നടന്നതായി പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഫയലുകൾ പരിശോധിച്ചത്.

പുതൂർ വില്ലേജിലെ 1130, 1131, 1132, 1134, 1135. 1136, 1137 എന്നീ സർവേ നമ്പറുകളിൽപ്പെട്ട ഒരുപാട് സ്ഥലം കാടുപിടിച്ച് വനഭൂമി പോലെ കിടക്കുന്നതാണ്. ഈ സ്ഥലങ്ങൾക്ക് വർഷങ്ങളായി ആരും ഭൂനികുതി അടച്ചുവന്നിരുന്നില്ല. എന്നാൽ, 2020ന് ശേഷം പലർക്കും വില്ലേജ് ഓഫിസിൽനിന്ന് താൽകാലിക തണ്ടപ്പേർ പിടിച്ച് വ്യത്യസ്ത വിസ്തീർണത്തിൽ ഭൂമിക്ക് ഭൂനികുതി അടച്ചുകൊടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി.

ഈ ഭൂമി വനഭൂമിയിൽപ്പെട്ടതല്ല എന്നതിന് വനം വകുപ്പിെൻറ നിരാക്ഷേപപത്രവും ചില അപേക്ഷകൾക്കൊപ്പം ഹാജരാക്കി. 2020ൽ നൽകിയ ഇരുപത്തിരണ്ടോളം പട്ടയ അപേക്ഷകൾ കണ്ടെത്തി. ഇതിൽ പ്രത്യേകിച്ച് കൈവശരേഖകൾ ഒന്നും ഹാജരാക്കിയിട്ടില്ല. 2023 കാലഘട്ടത്തിൽ അൻപത്തിയേഴോളം പട്ടയ അപേക്ഷകളും പ്രത്യേകിച്ച് കൈവശ രേഖകളൊന്നും ഹാജരാകാത്ത നിലയിൽ സമർപ്പിച്ചതായി പരിശോധയിൽ വ്യക്തമായി.

ഈ അപേക്ഷകൾക്കെല്ലാം കൈവശരേഖയായി ഹാജരാക്കിയിരിക്കുന്നത് 844/1942, 386/1926 എന്നീ രണ്ട് പാട്ടശീട്ടുകളാണ്. ഈ പാട്ടശീട്ടുകളിൽ വ്യക്തമായ സർവേ നമ്പറുകളോ വിസ്തീർണമോ നാലതിരുകളോ ചേർത്തുകാണുന്നില്ല. പാട്ടശീട്ടിൽ സർവേ ചെയ്യാത്ത ഭൂമി( " Unsurveyed Land ") എന്നാണ് ചേർത്തിരിക്കുന്നത്. വെറുമ്പാട്ടശീട്ടുകളിൽ പരാമർശിച്ചിരിക്കുന്ന സ്ഥലമുടമകളുടെ പേരിലോ അവരുടെ അനന്തരാവകാശികളുടെ പേരിലോ അല്ല പുതിയ പട്ടയ അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്.

2024ൽ എം. ഗോപകുമാർ എന്ന വില്ലേജ് ഓഫിസറാണ് അൻപതിലേറെ പട്ടയങ്ങൾ ബുക്ക് ചെയ്തുകൊടുത്തിരിക്കുന്നത്. അപേക്ഷകളിൽ ഭൂരിഭാഗം അപേക്ഷകളിലും ചേർത്തിരിക്കുന്ന ഭൂനികുതി രശീത് രഞ്ജിത് വി.ആർ എന്ന എസ്.വി.ഒ അടച്ചു കൊടുത്തതാണ്. മുൻ വർഷങ്ങളിലെ കുടിശ്ശിക ഒന്നും ഈടാക്കാതെ നടപ്പുവർഷത്തെ നികുതി മാത്രമാണ് അടച്ചിരിക്കുന്നത്. വളരെ മുൻപേ ഈ കൈവശക്കാർ ഈ സ്ഥലങ്ങൾ കൈവശം വച്ചുവന്നിരുന്നു. എങ്കിൽ അത്രയും വർഷത്തെ കുടിശ്ശിക നികുതി കൂടി ഈടാക്കേണ്ടതായിരുന്നു.

ബ്ലാക്ക് ലോഗ് (Backlog) അപേക്ഷ പ്രകാരം പോക്കുവരവിനായി ഇവരുടെ അപേക്ഷകൾ അട്ടപ്പാടി ഭൂരേഖ തഹസിൽദാർക്ക് പുതൂർ വില്ലേജ് ഓഫിസർ അയച്ചിരുന്നു. ഇതിൽ മിക്കവയും കൈവശാവകാശം തെളിയിക്കുന്നതിനുള്ള പ്രസക്തമായ രേഖകൾ അറ്റാച്ചുചെയ്യുക (Attach relevent documents to prove the possession) എന്ന് രേഖപ്പെടുത്തി തഹസിൽദാർ ഫയൽ മടക്കി അയച്ചിരുന്നു. പട്ടയ വിചാരണ വേളയിൽ ഈ എൺപതോളം അപേക്ഷകർക്കും വേണ്ടി ഹാജരായതാകട്ടെ പി. മണികണ്ഠൻ (അഗളി മണികണ്ഠ വിലാസം)ആണ്.

ഇക്കാര്യം തഹസിൽദാർ ഫയലിൽ വ്യക്തമാക്കി. മിക്ക അപേക്ഷകളിലും വിചാരണക്ക് ഹാജരാകുന്നതിനും പിന്നീട് സ്ഥലം കൈമാറ്റം ചെയ്യുന്നതിനും മണികണ്ഠനെ രേഖാമൂലം അപേക്ഷകർ ചുമതലപ്പെടുത്തിയിരുന്നുവെന്ന് മണികണ്ഠൻ അവകാശപ്പെട്ടിരുന്നതായി തഹസിൽദാർ അറിയിച്ചു. ഈ സ്ഥലങ്ങളൊന്നും അപേക്ഷകർ ആരും പ്രത്യേകം പ്രത്യേകം അതിർത്തി കെട്ടി സംരക്ഷിക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നില്ല എന്നാണ് പ്രാദേശിക അന്വേഷണത്തിൽ തെളിഞ്ഞത്. പൊന്തക്കാടുകൾ നിറഞ്ഞ് കിടക്കുന്നതിനാൽ സ്ഥലത്ത് പ്രവേശിച്ച് പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല.

കൈവശ രേഖയോ കുടികിടപ്പോ ഇല്ലാതെ കിടന്നിരുന്ന ഈ ഭൂമിക്ക് കൃത്രിമമായ കൈവശരേഖ സംഘടിപ്പിക്കാൻ അപേക്ഷകരും മണികണ്ഠനും ശ്രമം നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പട്ടയം ബുക്ക് ചെയ്തുകൊടുത്ത വില്ലേജ് ഓഫീസറും, നടപടിക്രമങ്ങൾ പാലിക്കാതെ ഭൂനികുതി അടച്ചുകൊടുത്ത വില്ലേജ് ജീവനക്കാരും ഇക്കാര്യത്തിൽ ഗുരുതര നിയമലംഘനം നടത്തി.

പട്ടയ അപേക്ഷകരെ നേരിട്ട് വിചാരണ നടത്തുകയും സമഗ്ര അന്വേഷണം നടത്തുകയും ചെയ്താൽ മാത്രമേ യഥാർഥ കുറ്റവാളികളെ കണ്ടെത്താനും ശിക്ഷിക്കാനും കഴിയു. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ വിശദമായ അന്വേഷണം നടത്തണമെന്നാണ് മണ്ണാർക്കാട് തഹസിൽദാർ എസ്. ശ്രീജിത്ത് സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശ. 

Tags:    
News Summary - Major land title scam in Attappadi; Report says title was issued illegally without possession or tenancy deed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.