തനിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് മന്ത്രി ചിഞ്ചുറാണി, മിഥുന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

കൊല്ലം: തേവലക്കരയിലെ വിദ്യാർഥി മിഥുന്‍റെ മരണത്തെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി ചിഞ്ചുറാണി. വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതിനുശേഷം മന്ത്രി തനിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിക്കുകയായിരുന്നു.

അതേസമയം, മന്ത്രി ജെ. ചിഞ്ചുറാണിയുടെ വിവാദ പരാമർശത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിശദീകരണം തേടിയിട്ടുണ്ട്. വിദ്യാർഥിയുടെ മരണത്തിൽ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം തെറ്റായിരുന്നുവെന്നാണ് സി.പി.ഐയുടെ വിലയിരുത്തൽ. മന്ത്രിയുടെ അനുചിതമായ വാക്കുകളിൽ പാർട്ടിക്കുള്ളിലും അമർഷം പുകഞ്ഞതോടെയാണ് മന്ത്രി മിഥുന്‍റെ വീട്ടിലെത്തി തെറ്റുപറ്റിയെന്ന് സമ്മതിച്ചതും ഖേദം പ്രകടിപ്പിച്ചതും.

മിഥുന്റെ വീട്ടിലെത്തിയ മന്ത്രി അമ്മൂമ്മ അടക്കമുള്ളവരെ ആശ്വസിപ്പിച്ചു. 'ഈ കുടുംബത്തിന്റെ ദുഃഖത്തില്‍ താനും പങ്കുചേരുകയാണ്. മിഥുന്റെ അമ്മ വിദേശത്താണ്. നാളെ എത്തുമെന്നാണ് അറിയുന്നത്. മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും ചെയ്യും.' മന്ത്രി പറഞ്ഞു.

മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നേരത്തെ നടത്തിയ പ്രസ്താവനയില്‍ മന്ത്രി ജെ. ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. ആ പ്രസ്താവന തെറ്റായിപ്പോയി. ഒഴിവാക്കാമായിരുന്നു. താന്‍ ലഹരിക്കെതിരായ പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു. അതിനുശേഷമാണ് അപകടത്തെപ്പറ്റി അറിഞ്ഞത്. ആ സമയത്ത് നടത്തിയ പ്രതികരണം ആയിരുന്നു അതെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.

സ്വന്തം ജില്ലയില്‍ ഒരു വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് അറിഞ്ഞിട്ടും മന്ത്രി ചിഞ്ചുറാണി തൃപ്പൂണിത്തുറയില്‍ സി.പി.ഐ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന വനിതാ സമ്മേളനത്തില്‍ പങ്കെടുത്ത് സൂംബാ ഡാന്‍സ് കളിച്ചുവെന്നും വിവാദം ഉയർന്നിരുന്നു. ഇതേ വേദിയില്‍ മിഥുന്‍റെ മരണത്തെ ലഘൂകരിച്ച് സംസാരിച്ച മന്ത്രി അധ്യാപകരെ കുറ്റപ്പെടുത്താൻ ആവില്ലെന്നും പ്രസംഗിച്ചിരുന്നു. ഇതാണ് വിവാദമായത്.

Tags:    
News Summary - Minister Chinjurani admitted her lapse and visited Mithun's house to console his family.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.