തിരൂർ: ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഭൂരിപക്ഷത്തിന്റെ ഉത്തരവാദിത്വമാണെന്ന് നടൻ പ്രകാശ് രാജ്. ഭൂരിപക്ഷമാണ് ശരിയെങ്കിൽ മയിലിന് പകരം കാക്കയെ ദേശീയപക്ഷിയായും കടുവക്ക് പകരം പശുവിനെ ദേശീയ മൃഗമായും കാണേണ്ടി വരുമെന്നും പ്രകാശ് രാജ് പറഞ്ഞു.
മുസോളിനി, ഹിറ്റ്ലർ എന്നിവരെ പോലെ നരേന്ദ്ര മോദിയും ആർ.എസ്.എസും ഫോബിയയെ ഉപയോഗിക്കുകയാണെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. തിരൂർ തുഞ്ചൻ പറമ്പിൽ സംഘടിപ്പിച്ച ദേശീയ മാനവിക വേദി വാർഷികാഘോഷത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുമ്പും കേന്ദ്ര സർക്കാറിനും മോദിക്കും ബോളിവുഡ് താരങ്ങൾക്കും എതിരെ പ്രകാശ് രാജ് വിമർശനം ഉയർത്തിയിരുന്നു. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശക്തിയുള്ള സർക്കാറുകൾക്ക് അഭിപ്രായ പ്രകടനങ്ങളെ തടയാനാകും. അതാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈയിടെ തന്റെയൊരു സുഹൃത്ത് പ്രകാശ് നിങ്ങൾക്ക് അഭിപ്രായം പറയാൻ ധൈര്യമുണ്ടെന്നും തനിക്കതില്ലെന്നും പറഞ്ഞു. ചരിത്രം എഴുതുമ്പോൾ കുറ്റങ്ങൾ ചെയ്തവരെ വിട്ടുകളഞ്ഞേക്കും. എന്നാൽ, നിശബ്ദത പാലിച്ചവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബോളിവുഡിലെ പലർക്കും തന്നോടൊപ്പം സിനിമയിൽ പ്രവർത്തിച്ചാൽ അർഹതപ്പെട്ടത് ലഭിക്കില്ലെന്ന ആശങ്കയുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. സർക്കാറിനെതിരെ സംസാരിച്ചാൽ അവസരം നഷ്ടപ്പെടുമോയെന്ന ചോദ്യത്തിന് മുമ്പ് ലഭിച്ചത്രയും അവസരങ്ങൾ ലഭിക്കില്ലെന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് താരം ഫവാദ് ഖാനും വാണി കപൂറും അഭിനയിച്ച ‘അബിർ ഗുലാൽ’ സിനിമയുടെ പ്രദർശനം നിരോധിച്ചതിനെതിരെ നടൻ പ്രകാശ് രാജ്. അതിർത്തികൾക്കതീതമായി ചിന്തിക്കാനും നല്ല ചിത്രങ്ങളെ സ്വീകരിക്കാനും പ്രേക്ഷകർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
കല ആളുകളെ ഒന്നിപ്പിക്കാനുള്ളതാണ്, ഭിന്നിപ്പിക്കാനുള്ളതല്ല. ബാല പീഡനം, അശ്ലീലം പോലുള്ളവയുണ്ടെങ്കിലൊഴികെ വിവാദ ഉള്ളടക്കങ്ങളുള്ള സിനിമകൾ നിരോധിക്കുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായം. സിനിമ കാണാനും അഭിപ്രായം രൂപവത്കരിക്കാനുമുള്ള അവസരം പ്രേക്ഷകർക്കുണ്ടാകണം. സിനിമകളെ ചുറ്റിപ്പറ്റിയുള്ള പ്രതിഷേധം ഭയം സൃഷ്ടിക്കാനുള്ള ബോധപൂർവമായ തന്ത്രത്തിന്റെ ഭാഗമാണ്. ‘പഠാൻ’ സിനിമയിലെ ദീപിക പദുക്കോണിന്റെ വസ്ത്രത്തിന്റെ നിറത്തിന്റെ പേരിലുണ്ടായ ഭീഷണി അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സെൻസർഷിപ് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഈ വ്യവസ്ഥാപിതമായ സമ്മർദം ആവിഷ്കാര സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണ്. ഭാവിയിൽ എന്തെങ്കിലും സൃഷ്ടിക്കുന്നതിന് മുമ്പുതന്നെ സ്വയം സെൻസർ ചെയ്യാൻ ഇത് നിർബന്ധിതമാക്കും. സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചിട്ടും, ഗോധ്ര കലാപത്തിന്റെ ചിത്രീകരണത്തിന്റെ പേരിൽ ഭീഷണി നേരിട്ട ‘എമ്പുരാൻ’ ഇതിന് ഉദാഹരണമാണ്. നടൻ മോഹൻലാലിന് ക്ഷമാപണം നടത്തേണ്ടി വരികയും ചില രംഗങ്ങൾ എഡിറ്റ് ചെയ്യേണ്ടിയും വന്നു.
‘ദി കശ്മീർ ഫയൽസ്’ പോലുള്ള ചിത്രങ്ങൾ സുഗമമായി റിലീസ് ചെയ്തപ്പോൾ ചില ചിത്രങ്ങൾക്കെതിരെ ഭീഷണി ഉയർന്നു. ഇത്തരം തെരഞ്ഞെടുത്ത പ്രതിഷേധങ്ങൾ നടത്തുന്നത് ഏതെങ്കിലും ഒരു പാർട്ടി മാത്രമല്ല. എന്നാൽ, കേന്ദ്ര സർക്കാർ അത്തരം അസഹിഷ്ണുതയെ പിന്തുണക്കുമ്പോൾ സ്ഥിതി കൂടുതൽ ആശങ്കാജനകമാകും -പ്രകാശ് രാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.