കൊല്ലം: കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എം.എസ്.സി എൽസ ത്രീ കപ്പലിലെ വസ്തുങ്ങൾ കണ്ടെടുക്കാൻ ദൗത്യസംഘം വീണ്ടും കടലിലേക്ക് പോയി. കൊല്ലം പോർട്ടിൽനിന്ന് രണ്ട് കപ്പലിലായി പോയ സംഘം കടൽ പ്രക്ഷുബ്ദമായതിനെ തുടർന്ന് വ്യാഴാഴ്ച മടങ്ങിയിരുന്നു. അനുകൂല കാലാവസ്ഥ കണക്കിലെടുത്തും കൂടുതൽ സുരക്ഷസംവിധാനങ്ങളോടെയുമാണ് ശനിയാഴ്ച സംഘം പുറപ്പെട്ടത്. ഡി.എസ്.വി സതേൺ നോവ, ഓഫ് ഷോർ മൊണാർക്ക് എന്നീ കപ്പലുകളിലായി 105 അംഗങ്ങളാണ് സാൽവേജ് സംഘത്തിലുള്ളത്.
ക്യാപ്റ്റൻ രവി ആന്റണി ക്ലമന്റ് ഫെർണാണ്ടോയാണ് സംഘത്തെ നയിക്കുന്നത്. എസ്റ്റോണിയയിൽനിന്നുള്ള ആൻഡ്രേ റാഡിയാനോയയാണ് മേൽനോട്ടം വഹിക്കുന്നത്. മുംബൈ ആസ്ഥാനമായ മെർക്ക് സാൽവേജ് ഓപറേഷൻസ് കമ്പനിയുടെ നേതൃത്വത്തിലാണ് ദൗത്യം. സത്യം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് ആണ് കൊല്ലത്തെ ഏജന്റ്. എട്ട് രാജ്യങ്ങളിൽനിന്നുള്ള എൻജീനിയർമാർ, മുങ്ങൽ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവർ സംഘത്തിലുണ്ട്. കടലിൽനിന്ന് കണ്ടെടുക്കുന്ന വസ്തുക്കളെല്ലാം കൊല്ലത്താണ് എത്തിക്കുക.
എൽസ ത്രീയിലെ ബങ്കർ ഓയിൽ, അപകടകരമായ വസ്തുക്കൾ എന്നിവ കണ്ടെടുക്കുക എന്നതാണ് പ്രഥമ ദൗത്യം. അടുത്ത ഘട്ടത്തിൽ കണ്ടെയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം തുടങ്ങും. ലൈബീരിയൻ കപ്പലായ എൽസ ത്രീ മേയ് 24നാണ് കൊച്ചി തീരത്തിന് 38 നോട്ടിക്കൽ മൈൽ അകലെ കടലിൽ മുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.