ആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നെഹ്റുട്രോഫി വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് വിൽപന മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: ഈമാസം 30ന് പുന്നമടക്കായലിൽ നടക്കുന്ന 71ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റുകൾ വെള്ളിയാഴ്ച മുതൽ ലഭിക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഓൺലൈൻ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. https://nehrutrophy.nic.in എന്ന നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ (എൻ.ടി.ബി.ആർ) ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വിൽപന. ഫെഡറൽ ബാങ്കും എസ്.ബി.ഐയും കരൂർ വൈശ്യബാങ്കും പേയ്മെന്റ് ഗേറ്റ്വേ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം തുടങ്ങിയ ജില്ലകളിലെയും പ്രധാന സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് ടിക്കറ്റുകള്‍ ലഭിക്കും. നാലുപേര്‍ക്ക് പ്രവേശനം ലഭിക്കുന്ന നെഹ്റു പവിലിയനിലെ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് വില 25,000 രൂപയാണ്. 10,000 രൂപയാണ് ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് നിരക്ക്. പ്ലാറ്റിനം കോര്‍ണർ ടിക്കറ്റുകള്‍ എടുക്കുന്നവരെ പവിലിയനിലെത്തിക്കാന് പ്രത്യേക ബോട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണസൗകര്യവും ഒരുക്കും.
നെഹ്റു പവിലിയിനിലെ ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റ് 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ 2500, കോണ്‍ക്രീറ്റ് പവിലിയനിലെ റോസ് കോര്‍ണര്‍ 1500, വിക്ടറി ലെയ്നിലെ വുഡന്‍ ഗാലറി 500, ഓള് വ്യൂവുഡന് ഗാലറി 400, ലേക്ക് വ്യൂഗോള്ഡ് 200, ലോണ്‍ 100 എന്നിങ്ങനെയാണ് മറ്റ് ടിക്കറ്റുകളുടെ നിരക്ക്.
നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ കലക്ടർ അലക്സ് വർഗീസ്, അഡീ. ജില്ല മജിസ്ട്രേറ്റ് ആശ സി. എബ്രഹാം, എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറി സമീർ കിഷൻ, ആലപ്പുഴ നഗരസഭ ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, ഡെപ്യൂട്ടി കലക്ടർ സി. പ്രേംജി, എസ്.ബി.ഐ റീജനൽ മാനേജർ ടി.വി. മനോജ്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് റീജനൽ ഹെഡ് വിപിൻ വി. ഉണ്ണിത്താൻ, കരൂർ വൈശ്യ ബാങ്ക് കേരള ഹെഡ് കെ.എം. സജിത് തുടങ്ങിയവർ പങ്കെടുത്തു.
കമന്ററി മത്സരം 19ന്
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി കമന്ററി മത്സരം 19ന് രാവിലെ 10ന് ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി, കോളജ്, പൊതുവിഭാഗം(പ്രായപരിധിയില്ല) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം.
അഞ്ചു മിനിറ്റാണ് സമയപരിധി. 2024 നെഹ്റുട്രോഫി വള്ളംകളിയുടെ ഫൈനലിനെ ആസ്പദമാക്കിയുള്ള കമന്ററിയാണ് അവതരിപ്പിക്കേണ്ടത്. താൽപര്യമുള്ളവര് ചൊവ്വാഴ്ച രാവിലെ 9.30ന് രജിസ്ട്രേഷന് ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. വിവരങ്ങള്‍ക്ക്: 0477-2251349.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.