ആലപ്പുഴ: ആർപ്പുവിളിയും ആരവവുമുയർത്തി പുന്നമടയിലെ ഓളപ്പരപ്പിലെ വേഗപ്പോരിൽ ജലരാജാവിനെ തിരിച്ചറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 71ാമത് നെഹ്റു ട്രോഫി മത്സരത്തിനായി തുഴക്കാർ സർവശക്തിയും സംഭരിച്ച് തുഴത്താളം തീർക്കുമ്പോൾ ജലരാജാക്കന്മാർ തമ്മിലുള്ള പോരാട്ടവും പ്രവചനാതീതമാകും. കരക്കാരുടെ ഹൃദയംകവരാൻ എല്ലാ അടവുകളും പയറ്റി ഫിനിഷിങ് പോയന്റ് ലക്ഷ്യമാക്കി വെള്ളിക്കപ്പിൽ മുത്തമിടാൻ ചുണ്ടനുകൾ കുതിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. സിംബാബ്വെയിലെ വ്യവസായ-വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി, സിംബാബ്വെ അംബാസഡർ സ്റ്റെല്ല നിക്കാമോ എന്നിവരാണ് മുഖ്യാതിഥികൾ. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. 21 ചുണ്ടനുകളടക്കം 75 വള്ളങ്ങളാണ് മാറ്റുരക്കുന്നത്. രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും.
ഉച്ചക്ക് രണ്ടിന് ഉദ്ഘാടനസമ്മേളനത്തിനുശേഷം മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ്ഡ്രിൽ അരങ്ങേറും. ഇതിനുപിന്നാലെ ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. ചുരുളൻ -മൂന്ന്, ഇരുട്ടുകുത്തി എ - അഞ്ച്, ഇരുട്ടുകുത്തി ബി -18, ഇരുട്ടുകുത്തി സി -14, വെപ്പ് എ -അഞ്ച്, വെപ്പ് ബി -മൂന്ന്, തെക്കനോടി തറ -രണ്ട്, തെക്കനോടി കെട്ട് -നാല് എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തില്‍ ആറ് ഹീറ്റ്സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്സുകളില്‍ നാലുവീതവും അഞ്ചാമത്തെ ഹീറ്റ്സില്‍ മൂന്ന് വള്ളങ്ങളും ആറാമത്തെ ഹീറ്റ്സിൽ രണ്ട് വള്ളങ്ങളുമാണ് മത്സരിക്കുന്നത്. മികച്ച സമയംകുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങൾ ഫൈനലിൽ പോരിനിറങ്ങും. ചെറുവള്ളങ്ങളുടെ വിഭാഗത്തിലും ഫിനിഷ്ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. ഇതിനായി സമയക്രമം പൊതുജനത്തിന് കാണുന്നവിധം സ്ക്രീനിൽ പ്രദർശിപ്പിക്കും. ഒരേപോലെ ഫിനിഷ് ചെയ്താൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. സി-ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുള്ളവർക്ക് മാത്രമാണ് ഗാലറികളിലേക്ക് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.