അദ്വൈത് ഷിബു, അന്നമ്മ
പെരുമ്പാവൂര്‍: വയോധികയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി യുവാവ് പിടിയിൽ. ചേരാനല്ലൂര്‍ തോട്ടുവ നെല്ലിപ്പിള്ളി വീട്ടില്‍ അദ്വൈത് ഷിബുവിനെയാണ് (24) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തോട്ടുവ സ്വദേശി അന്നമ്മ (84) കോടനാട് തോട്ടുവ അമ്പലത്തിനടുത്തുള്ള ജാതിക്ക തോട്ടത്തില്‍ ജൂലൈ 29ന് രാത്രി എട്ടരയോടെയാണ് കൊല്ലപ്പെട്ടത്. അന്നമ്മയുടെ ആഭരണങ്ങളില്‍ ചിലത് നഷ്ടപ്പെട്ടിരുന്നു.
എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരു ബമ്മനഹള്ളിയില്‍ നിന്നാണ് ഷിബുവിനെ പിടികൂടിയത്. തന്റെ അമ്മയെ വഴക്കുപറഞ്ഞതിലുള്ള വൈരാഗ്യവും സാമ്പത്തിക ബുദ്ധിമുട്ടുമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഇയാളുടെ മൊഴി.
അന്നമ്മ പറമ്പിലേക്ക് പോകുന്നത് നിരീക്ഷിച്ച പ്രതി പിറകില്‍നിന്ന് തേങ്ങകൊണ്ട് എറിഞ്ഞുവീഴ്ത്തി. ഒച്ചവെച്ച അന്നമ്മയുടെ വായും മൂക്കും പൊത്തിപ്പിടിച്ചു. ആഭരണങ്ങള്‍ ഊരിയെടുത്ത ശേഷം വീട്ടിലെത്തുകയും തുടർന്ന് എറണാകുളത്തേക്ക് തിരിക്കുകയുമായിരുന്നു. പിറ്റേന്ന് ബംഗളൂരുവിലേക്ക് കടന്നു. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ എ.എസ്.പി ശക്തിസിങ് ആര്യ, ഇന്‍സ്‌പെക്ടര്‍മാരായ ജി.പി. മനുരാജ്, സാം ജോസ്, എസ്.ഐ ടി.ആര്‍. രാജീവ്, എ.എസ്.ഐമാരായ പി.എ. അബ്ദുല്‍ മനാഫ്, വി.പി. ശിവദാസ്, സുനില്‍കുമാര്‍, സീനിയര്‍ സി.പി.ഒമാരായ മനോജ് കുമാര്‍, വര്‍ഗീസ് വേണാട്ട്, ടി.എ. അഫ്‌സല്‍, ബെന്നി ഐസക്, വൈശാഖ്, അരുണ്‍ പി. കരുണ്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.