ശബരിമല
തിരുവനന്തപുരം: സെപ്റ്റംബർ 20ന് സംസ്ഥാന സർക്കാർ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എൻ.എസ്.എസ്. അയ്യപ്പ സംഗമത്തിനെതിരെ ബി.ജെ.പി രംഗത്തുവരികയും രാഷ്ട്രീയ വിവാദമായി ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംഗമത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് വ്യക്തമാക്കി എൻ.എസ്.എസ് രംഗത്തു വന്നത്.
ആചാര സംരക്ഷണമാണ് എൻ.എസ്.എസിന്റെ നിലപാടെന്നും ആഗോള അയ്യപ്പ സംഗമം വിശ്വാസങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് നടത്തുന്നതെന്നും എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ പറഞ്ഞു. ആചാരവും വിശ്വാസവും സംരക്ഷിച്ചുകൊണ്ടാകും ആഗോള അയ്യപ്പ സംഗമം നടത്തുകയെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. വിശ്വാസത്തിന് കോട്ടം തട്ടുമ്പോള്‍ മാത്രമേ രംഗത്തുവരാറുളളു. സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമാണ് - സംഗീത് കുമാര്‍ പറഞ്ഞു.
അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിപ്രായത്തോടെ പ്രതികരിക്കാനില്ല. അവിശ്വാസികൾ അയ്യപ്പ സംഗമം നടത്തുന്നുവെന്ന ബി.ജെ.പി ആരോപണം തള്ളുന്നു. സർക്കാർ മുൻപന്തിയിൽ നിൽകുമെന്നാണ് എൻ.എസ്.എസ് വിശ്വാസം -അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു ആഗോള സംഗമം ശബരിമലയിലെ വികസനത്തിനും ഭക്തര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള വേദിയായും മാറുമെന്നും അദ്ദേഹം പറഞ്ഞു.
പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിശ്വാസി സംഗമമായാണ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് സൂചന. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ക്ഷണിച്ചുവെങ്കിലും വിദേശ യാത്രയുള്ളതിനാൽ അദ്ദേഹം പിൻവാങ്ങിയിരുന്നു. പകരം മന്ത്രിമാരെ അയക്കും.
അതേസമയം, അയ്യപ്പ സംഗമം രാഷ്ട്രീയനാടകമെന്നാരോപിച്ച് ബി.ജെ.പി രംഗത്തുവന്നിരുന്നു. വോട്ടുബാങ്ക് ലക്ഷ്യമിട്ടുളളതാണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നുമാണ് പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അയ്യപ്പ ഭക്തനല്ലാത്ത സ്റ്റാലിനെ ക്ഷണിച്ചതിനെയും അദ്ദേഹം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.