ഷിരൂർ ദുരന്തത്തിന് ഒരാണ്ട്, സമാനതകളില്ലാത്ത തെരച്ചിലിൽ അർജുന്‍റെ മൃതദേഹം കണ്ടെത്തിയത് 72 ദിവസങ്ങൾക്ക് ശേഷം

കോഴിക്കോട്: ഷിരൂരില്‍ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ജീവന്‍ പൊലിഞ്ഞ അര്‍ജുന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്. ഒരു നാട് ഒന്നാകെ ഒരു മനുഷ്യന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർഥനയോടെ കാത്തിരുന്ന നാളുകളായിരുന്നു അത്. 2024 ജൂലൈ 16നാണ് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ മൂലാടിക്കുഴിയില്‍ അര്‍ജുനെ (32) കാണാതായത്. സമാനതകളില്ലാത്ത രക്ഷാദൗത്യനൊടുവിൽ മലയാളികള്‍ മുഴുവനും ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങള്‍ക്കൊടുവിലാണ് അര്‍ജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബര്‍ 25ന് പുഴയില്‍ നിന്ന് ലഭിച്ചത്.

2024 ജൂലൈ 16നാണ് അങ്കോളക്കടുത്ത് ഷിരൂരിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്ത ദിവസമാണ് അപകടമുണ്ടായത്. ദേശീയപാത 66 ൽ മലയിടിഞ്ഞ് പുഴയിലേക്ക് പതിക്കുകയായിരുന്നു. അർജുനടക്കം 11 പേരാണ് അന്ന് ഗംഗാവാലി പുഴയുടെ അടിത്തട്ടിലേക്ക് ആഴ്ന്നു പോയത്.

ബെൽഗാമിൽ നിന്ന് മരങ്ങൾ കയറ്റിക്കൊണ്ടുവരികയായിരുന്ന അർജുന്റെ ലോറി അടക്കമാണ് പുഴയിൽ അപ്രത്യക്ഷനായത്. ആദ്യം കർണാടക സർക്കാരിന്റെ തെരച്ചിൽ നടന്നെങ്കിലും ഒന്നും ലഭിച്ചില്ല. അർജുന്റെ കുടുംബം പരാതിപ്പെട്ടതിന് പിന്നാലെയാണ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. ജൂലൈ 19ന് നാവിക സേനയും 20ന് റഡാർ സംഘവുമെത്തി. കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും സംഘം ഷിരൂരിൽ എത്തി.

72 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ സെപ്റ്റംബര്‍ 25ന് അര്‍ജുന്റെ ലോറിയും മൃതദേഹവും പുഴയില്‍ നിന്ന് ലഭിച്ചു. കരയില്‍ നിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പില്‍ നിന്ന് 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി. ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ജൂലൈ എട്ടിന് കുടുംബാംഗങ്ങളോട് യാത്ര പറഞ്ഞുപോയ അര്‍ജുന്‍ സെപ്റ്റംബര്‍ 28ന് വീട്ടുവളപ്പില്‍ എരിഞ്ഞടങ്ങിയപ്പോള്‍ ആയിരങ്ങൾ വിടനല്‍കാന്‍ ഒഴുകിയെത്തി. അപകടത്തിൽ പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ പുഴയുടെ ആഴങ്ങളിൽ തന്നെ അവശേഷിക്കുന്നു.

Tags:    
News Summary - One year after the Shirur tragedy, Arjun's body was found 72 days later in an unprecedented search

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.