കൊച്ചി: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പാസ്റ്ററുടെ ഇരട്ട ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി റദ്ദാക്കി. 2014 ഒക്ടോബറിൽ നടന്ന സംഭവത്തിൽ തൊടുപുഴ പോക്സോ കോടതി ശിക്ഷിച്ച പത്തനംതിട്ട തണ്ണിത്തോട് തോസലാടിയിൽ ഷിബുവിനെയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിട്ടയച്ചത്.
പോക്സോ കോടതി ഉത്തരവ് പ്രകാരമുള്ള പിഴ അടച്ചിട്ടുണ്ടെങ്കിൽ മടക്കിനൽകാനും നിർദേശിച്ചു. സംശയാതീതമായി കേസ് തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.
താമസിച്ചിരുന്ന വാടകവീട്ടിൽ ഒരുവർഷത്തിനിടെ പെൺകുട്ടിയെ പലവട്ടം പീഡനത്തിനിരയാക്കിയെന്നായിരുന്നു ഷിബുവിനെതിരായ കേസ്. എന്നാൽ, പെൺകുട്ടിയുടെ കുടുംബത്തിന് തന്നോടുണ്ടായിരുന്ന വിരോധത്തെത്തുടർന്നുള്ള വ്യാജ കേസാണിതെന്നായിരുന്നു സ്വയം കേസ് വാദിച്ച ടി.ടി. ഷിബുവിന്‍റെ വാദം.
പകവീട്ടാനായി കുട്ടിയെ ഉപയോഗിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. പെൺകുട്ടിയുടെ മൊഴി അവിശ്വസനീയമാണെന്നും മെഡിക്കൽ തെളിവും പെൺകുട്ടിയുടെ മൊഴിയും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും കോടതി വിലയിരുത്തി. പെൺകുട്ടിയെ പറഞ്ഞു പഠിപ്പിച്ചതാണെന്ന ഹർജിക്കാരന്റെ വാദത്തിൽ കഴമ്പുണ്ടെന്നും നിരീക്ഷിച്ചു. തുടർന്നാണ് ഷിബു നൽകിയ അപ്പീൽ അനുവദിച്ച് പോക്സോ കോടതി ഉത്തരവ് റദ്ദാക്കി പ്രതിയെ വെറുതെവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.