പി.വി അൻവർ, രാഹുൽ മാങ്കൂട്ടത്തിൽ,

രാഹുൽ കോൺഗ്രസിലെ കാൻസർ; സതീശൻ രാജി ആവശ്യപ്പെടണം -പി.വി അൻവർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിലെ കാൻസറാണെന്ന് നിലമ്പൂർ മുൻ എം.എൽ.എ പി.വി അൻവർ. രാഹുലിന്റെ രാജി വി.ഡി സതീശൻ ആവശ്യപ്പെടണമെന്നും അൻവർ ആവശ്യപ്പെട്ടു. നേരത്തെയുണ്ടായ ആരോപണം പോലയല്ല രാഹുലിന്റേത്. മുമ്പ് പലപ്പോഴും നേതാക്കൾക്കെതിരെ ആരോപണം ഉയരുകയും പിന്നീട് അതിൽ കഴമ്പില്ലെന്ന് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, രാഹുലിന്റെ കാര്യത്തിൽ നിരവധി സ്ത്രീകളാണ് ആരോപണം ഉയർത്തിയതെന്ന് പി.വി അൻവർ പറഞ്ഞു.

പിണറായി വിജയൻ സർക്കാർ എം.എൽ.എമാരെ സംരക്ഷിച്ചത് പോലെ കോൺഗ്രസ് ചെയ്യരുതെന്നും പി.വി അൻവർ പറഞ്ഞു. ഇപ്പോൾ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് അവർക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും പി.വി അൻവർ വ്യക്തമാക്കി.

രാഹുലിന്‍റെ രാജിയിൽ കോൺഗ്രസിൽ ഭിന്നത; വിട്ടുവീഴ്ചക്കില്ലെന്ന് വി.ഡി സതീശൻ, ഇല്ലാത്ത കീഴ്വഴക്കം എന്തിനെന്ന് മറുവാദം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കാനായി രാഷ്ട്രീയസമ്മർദം കനക്കുകയും ഭിന്നത മറനീക്കുകയും ചെയ്തതോടെ കോൺഗ്രസ് അനിശ്ചിതത്തിന്റെ നടുക്കടലിലായി. ഇരകളുടെ വെളിപ്പെടുത്തലുകളും ശബ്ദരേഖയടക്കം പുതിയ തെളിവുകളും രാഹുലിനെതിരെ രാഷ്ട്രീയ കുറ്റപത്രമാവുന്നതിനൊപ്പം രാജിക്കായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൂടിയാകുമ്പോൾ എം.എൽ.എ സ്ഥാനം തുലാസിലായി. എന്നാൽ, സതീശന്‍റെ നിലപാട് തള്ളി ഒരു വിഭാഗം നേതാക്കൾ രംഗത്ത് എത്തിയതോടെ പാർട്ടിയും രണ്ട് തട്ടിലായി.

എം.എൽ.എ സ്ഥാനം ഒഴിയണമെന്ന കടുത്ത നിലപാടിലാണ് വി.ഡി സതീശനെങ്കിൽ ഇല്ലാത്ത കീഴ്വഴക്കം വേണ്ടെന്നാണ് പാർട്ടി നേതൃത്വത്തിലെ മറുവാദം. വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ഇത്തരം വിഷയങ്ങളിൽ സി.പി.എമ്മും ബി.ജെ.പിയും എന്തുചെയ്തുവെന്ന് നോക്കിയല്ല കോൺഗ്രസ് തീരുമാനമെടുക്കുകയെന്നും വി.ഡി. സതീശൻ തുറന്നടിച്ചിരുന്നു. പിന്നാലെ, ടി.എൻ. പ്രതാപൻ അടക്കമുള്ള നേതാക്കളും രാജി ആവശ്യമുയർത്തി. എന്നാൽ, കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ഷാഫി പറമ്പിൽ രാഹുലിന് പ്രതിരോധമൊരുക്കി സി.പി.എമ്മിനെയും സർക്കാറിനെയും കടന്നാക്രമിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിനപ്പുറമൊന്നുമില്ലെന്ന സൂചന നൽകിയ ഷാഫി, സമാന സംഭവങ്ങളിലെ സി.പി.എം നിലപാടിനെ ചോദ്യംചെയ്തു. ഇതോടെ, രാജി ആലോചനയിൽ പോലുമില്ലെന്ന് രാഹുലും വ്യക്തമാക്കി.

പാർട്ടിക്കായി വർഷങ്ങളോളം ‘അധ്വാനിച്ചവരെ’ തഴഞ്ഞ് രാഹുലിനെ ഉന്നത പദവികളിലെത്തിച്ച സതീശനും ഷാഫിക്കും നേരെ നേതാക്കളിൽ പലരും ആദ്യമേ ചോദ്യമുന തിരിച്ചിരുന്നു. രാഹുൽ അധ്യക്ഷ സ്ഥാനം രാജിവെക്കട്ടെ എന്ന നിലപാട് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആദ്യമേ കൈക്കൊണ്ടത് സതീശനെ ഒതുക്കാനുള്ള വടി എന്ന നിലക്കാണ്. എന്നാൽ, രാഹുൽ പെട്ടെന്ന് സംഘടന ചുമതല ഒഴിഞ്ഞതോടെ ആ നീക്കത്തിന് തടയായി. പുതിയ വെളിപ്പെടുത്തലുകൾ കൂടി വന്നതോടെ രാഹുൽ പാർട്ടിക്ക് ബാധ്യതയാകുന്നത് ഒഴിവാക്കി മുഖം രക്ഷിക്കാനുള്ള നീക്കമാണ് സതീശന്‍റേത്.

പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് സാധ്യതയില്ലാത്തതിനാൽ ജനങ്ങൾക്കുമുന്നിൽ പാർട്ടി ധീര നടപടി സ്വീകരിച്ചെന്ന് വിശേഷിപ്പിക്കുന്നതോടൊപ്പം സി.പി.എമ്മിന് ‘ചെക്ക്’ പറയാനുമാവും.

അതേസമയം, രാജിക്ക് കെ.പി.സി.സിയുടെ പൂർണ പിന്തുണയില്ല. രാജിവെപ്പിക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാവുമെന്നാണ് നേതൃനിരയിലെ പലരുടെയും അഭിപ്രായം. എ.ഐ.സി.സിക്കും സമാന അഭിപ്രായമാണ്. രാഹുലിനെതിരെ രേഖാമൂലം പരാതിയില്ലെന്നാണ് ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയുടെ പ്രതികരണം. സമാന രീതിയിൽ സ്ത്രീയുടെ പരാതിയിൽ ജയിലിൽ കിടന്ന എം. വിൻസന്‍റ് എം.എൽ.എ, മുൻകൂർ ജാമ്യത്തിലുള്ള എൽദോസ് കുന്നപ്പിള്ളി എന്നിവർക്കെതിരെ സ്വീകരിക്കാത്ത നിലപാട് രാഹുലിനെതിരെ എടുക്കുന്നത് ഇരട്ടനീതിയെന്ന വാദവുമുണ്ട്.

Tags:    
News Summary - Rahul is a cancer in Congress; Satheesan should demand his resignation - PV Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.