പി.കെ ശശിക്കെതിരെ സി.പി.എം നടപടിയെടുത്തല്ലോ ?; രാഹുലിനെ രാജിവെപ്പിക്കണം -പി.കെ ശ്രീമതി

തിരുവന്തപുരം: കോൺഗ്രസ് നേതൃത്വം രാഹുലിനെ രാജിവെപ്പിക്കണമെന്ന ആവശ്യവുമായി സി.പി.എം കേന്ദ്രകമിറ്റി അംഗം പി.കെ ശ്രീമതി. എം.എൽ.എ സ്ഥാനത്ത് തുടരാൻ രാഹുൽ യോഗ്യനല്ലെന്നും ശ്രീമതി പറഞ്ഞു. രാഹുലിന്റെ അഹങ്കാരവും ധിക്കാരവും അതിര് കടന്നു. അപമാനഭാരത്താലാണ് സ്ത്രീകൾ രാഹുലിനെതിരെ പരാതി നൽകാൻ തയാറാകാത്തത്. പെൺകുട്ടികളെ വലയിലാക്കി വലിച്ചെറിയുക എന്നതാണ് രാഹുലിന്റെ ശൈലിയെന്നും പി.കെ ശ്രീമതി വിമർശിച്ചു.

ഇത്ര അസഭ്യമായ കേസ് കേരളത്തിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയോ സോണിയാ ഗാന്ധിയോ പ്രതികരിക്കാത്തതെന്നും പി.കെ ശ്രീമതി ചോദിച്ചു. ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ ആരോപണം ഉയർന്നപ്പോൾ ഇവരെല്ലാം പ്രതികരിച്ചല്ലോയെന്നും അദ്ദേഹം ചോദിച്ചു. പാലക്കാട്ടെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി കെ ശശിയെ പാര്‍ട്ടി വെറുതെ വിട്ടില്ലല്ലോയെന്നും മുന്‍ മന്ത്രിയായിരുന്ന പി കെ ശ്രീമതി ചോദിച്ചു.

തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും പി കെ ശശിയെ നീക്കി. എല്ലാത്തിലും അത്തരത്തില്‍ നടപടി സ്വീകരിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്നും പി കെ ശ്രീമതി അവകാശപ്പെട്ടു. രാഹുലിനെതിരായ വിവാദത്തില്‍ പ്രതികരിച്ചതിന് തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു. എല്ലാത്തിലും ഇടപെടുന്ന ബല്‍റാമിന്റെ മനോഭാവം എന്താണെന്നാണ് താന്‍ ചോദിച്ചത്. അങ്ങനെ ചോദിച്ചപ്പോള്‍ ഇനി പറയാനുള്ള തെറിയൊന്നും ബാക്കിയില്ല. അവരുടെ അമ്മയോ അമ്മൂമ്മയോ ആകേണ്ട പ്രായമുള്ള തനിക്കെതിരെ വൃത്തികെട്ട പദപ്രയോഗം നടത്തി. വെട്ടുകിളിക്കൂട്ടം കൊണ്ട് തന്നെ ആക്രമിച്ചു നശിപ്പിക്കാന്‍ വല്ല ആഗ്രഹവും ഉണ്ടെങ്കില്‍ അതിന് വെച്ച വെള്ളം വാങ്ങിവെക്കണമെന്നും പി.കെ ശ്രീമതി പറഞ്ഞു.

രാഹുലിന്‍റെ രാജിയിൽ കോൺഗ്രസിൽ ഭിന്നത; വിട്ടുവീഴ്ചക്കില്ലെന്ന് വി.ഡി സതീശൻ, ഇല്ലാത്ത കീഴ്വഴക്കം എന്തിനെന്ന് മറുവാദം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കാനായി രാഷ്ട്രീയസമ്മർദം കനക്കുകയും ഭിന്നത മറനീക്കുകയും ചെയ്തതോടെ കോൺഗ്രസ് അനിശ്ചിതത്തിന്റെ നടുക്കടലിലായി. ഇരകളുടെ വെളിപ്പെടുത്തലുകളും ശബ്ദരേഖയടക്കം പുതിയ തെളിവുകളും രാഹുലിനെതിരെ രാഷ്ട്രീയ കുറ്റപത്രമാവുന്നതിനൊപ്പം രാജിക്കായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൂടിയാകുമ്പോൾ എം.എൽ.എ സ്ഥാനം തുലാസിലായി. എന്നാൽ, സതീശന്‍റെ നിലപാട് തള്ളി ഒരു വിഭാഗം നേതാക്കൾ രംഗത്ത് എത്തിയതോടെ പാർട്ടിയും രണ്ട് തട്ടിലായി.

എം.എൽ.എ സ്ഥാനം ഒഴിയണമെന്ന കടുത്ത നിലപാടിലാണ് വി.ഡി സതീശനെങ്കിൽ ഇല്ലാത്ത കീഴ്വഴക്കം വേണ്ടെന്നാണ് പാർട്ടി നേതൃത്വത്തിലെ മറുവാദം. വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ഇത്തരം വിഷയങ്ങളിൽ സി.പി.എമ്മും ബി.ജെ.പിയും എന്തുചെയ്തുവെന്ന് നോക്കിയല്ല കോൺഗ്രസ് തീരുമാനമെടുക്കുകയെന്നും വി.ഡി. സതീശൻ തുറന്നടിച്ചിരുന്നു. പിന്നാലെ, ടി.എൻ. പ്രതാപൻ അടക്കമുള്ള നേതാക്കളും രാജി ആവശ്യമുയർത്തി. എന്നാൽ, കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ഷാഫി പറമ്പിൽ രാഹുലിന് പ്രതിരോധമൊരുക്കി സി.പി.എമ്മിനെയും സർക്കാറിനെയും കടന്നാക്രമിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിനപ്പുറമൊന്നുമില്ലെന്ന സൂചന നൽകിയ ഷാഫി, സമാന സംഭവങ്ങളിലെ സി.പി.എം നിലപാടിനെ ചോദ്യംചെയ്തു. ഇതോടെ, രാജി ആലോചനയിൽ പോലുമില്ലെന്ന് രാഹുലും വ്യക്തമാക്കി.

പാർട്ടിക്കായി വർഷങ്ങളോളം ‘അധ്വാനിച്ചവരെ’ തഴഞ്ഞ് രാഹുലിനെ ഉന്നത പദവികളിലെത്തിച്ച സതീശനും ഷാഫിക്കും നേരെ നേതാക്കളിൽ പലരും ആദ്യമേ ചോദ്യമുന തിരിച്ചിരുന്നു. രാഹുൽ അധ്യക്ഷ സ്ഥാനം രാജിവെക്കട്ടെ എന്ന നിലപാട് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആദ്യമേ കൈക്കൊണ്ടത് സതീശനെ ഒതുക്കാനുള്ള വടി എന്ന നിലക്കാണ്. എന്നാൽ, രാഹുൽ പെട്ടെന്ന് സംഘടന ചുമതല ഒഴിഞ്ഞതോടെ ആ നീക്കത്തിന് തടയായി. പുതിയ വെളിപ്പെടുത്തലുകൾ കൂടി വന്നതോടെ രാഹുൽ പാർട്ടിക്ക് ബാധ്യതയാകുന്നത് ഒഴിവാക്കി മുഖം രക്ഷിക്കാനുള്ള നീക്കമാണ് സതീശന്‍റേത്.

പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് സാധ്യതയില്ലാത്തതിനാൽ ജനങ്ങൾക്കുമുന്നിൽ പാർട്ടി ധീര നടപടി സ്വീകരിച്ചെന്ന് വിശേഷിപ്പിക്കുന്നതോടൊപ്പം സി.പി.എമ്മിന് ‘ചെക്ക്’ പറയാനുമാവും.

അതേസമയം, രാജിക്ക് കെ.പി.സി.സിയുടെ പൂർണ പിന്തുണയില്ല. രാജിവെപ്പിക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാവുമെന്നാണ് നേതൃനിരയിലെ പലരുടെയും അഭിപ്രായം. എ.ഐ.സി.സിക്കും സമാന അഭിപ്രായമാണ്. രാഹുലിനെതിരെ രേഖാമൂലം പരാതിയില്ലെന്നാണ് ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയുടെ പ്രതികരണം. സമാന രീതിയിൽ സ്ത്രീയുടെ പരാതിയിൽ ജയിലിൽ കിടന്ന എം. വിൻസന്‍റ് എം.എൽ.എ, മുൻകൂർ ജാമ്യത്തിലുള്ള എൽദോസ് കുന്നപ്പിള്ളി എന്നിവർക്കെതിരെ സ്വീകരിക്കാത്ത നിലപാട് രാഹുലിനെതിരെ എടുക്കുന്നത് ഇരട്ടനീതിയെന്ന വാദവുമുണ്ട്.

Tags:    
News Summary - Rahul should resign - PK Sreemathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.