എം.കെ രാഘവൻ
ന്യൂഡൽഹി: കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ, കോഴിക്കോട്-മൈസൂർ ഗ്രീൻഫീൽഡ് ഹൈവേ, കോഴിക്കോട് ബൈപാസ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഉന്നയിച്ച് എം.കെ. രാഘവൻ എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.
കോഴിക്കോട് ബൈപ്പാസിലെ, പാച്ചാക്കിൽ, കുനിമ്മൽ താഴം, പാറമ്മൽ എന്നിവിടങ്ങളിൽ അടിപ്പാത സ്ഥാപിക്കുക, സ്റ്റാർ കെയർ ഹോസ്പിറ്റൽ, ഗോശാലകൃഷ്ണ ക്ഷേത്രത്തിന് സമീപവും, പന്തീരാങ്കാവിന് തെക്ക് അത്താണി എന്നിവിടങ്ങളിൽ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ, കൂടാത്തും പാറയിൽ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കുക, സർവീസ് റോഡ് സംബന്ധമായ വിഷയങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ എംപി മുന്നോട്ടുവെച്ചു.
കൂടാതെ, മുൻപ് ഉന്നയിച്ചതും പരിഗണിക്കപ്പെടാത്തതുമായ പനാത്ത് താഴം ഫ്‌ളൈ ഓവർ, സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ യാഥാർഥ്യമാക്കണമെന്നും, ഇത് സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പ്രോജക്ടിന്റെ (CRIP) ഭാഗമായി നഗരത്തിലെ റോഡുകളുടെ പ്രാധാന്യം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിക്കായി ആദ്യം വിഭാവനം ചെയ്ത എൻട്രി, എക്സിറ്റ് പോയിന്റുകൾ വെട്ടിച്ചുരുക്കിയതിലുള്ള ആശങ്ക എം.പി. മന്ത്രിയെ അറിയിച്ചു. വാഴയൂർ, പെരുമണ്ണ തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ മതിയായ എൻട്രി, എക്സിറ്റ് പോയിന്റുകൾ ഇല്ലാതാകുന്നത് പ്രാദേശവാസികൾക്കും, ചരക്ക് നീക്കങ്ങൾക്കും, അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവർക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി-സേലം ദേശീയപാത 544 ഒരു സാധാരണ ദേശീയപാതയായി തുടരുമ്പോൾ കോഴിക്കോട്-പാലക്കാട് റോഡ് പൂർണമായും നിയന്ത്രിത പ്രവേശനമുള്ള ഹൈവേയാക്കുന്നത് ജനങ്ങൾക്ക് പ്രയോജനകരമാകില്ലെന്ന് എം.പി. ചൂണ്ടിക്കാട്ടി. വാഴയൂരിൽ എൻട്രി പോയിന്റ് ഒഴിവാക്കുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ബേപ്പൂർ തുറമുഖം, കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക്, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തെ ദോഷകരമായി ബാധിക്കും. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമ്മിക്കുന്ന റോഡ് സാധാരണക്കാർക്ക് ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇത് പരിഹരിക്കാൻ മന്ത്രിയുടെ അടിയന്തര ഇടപെടൽ വേണമെന്ന് എം.പി ആവശ്യപ്പെട്ടു.
ഇതിന് പുറമെ കോഴിക്കോട്-മൈസൂർ ഹൈവേ പദ്ധതി വിഷൻ 46 പദ്ധതിയിൽ നിന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഒഴിവാക്കിയതിലുള്ള പ്രതിഷേധം എം.പി മന്ത്രിയെ അറിയിച്ചു. കേരള വനം വകുപ്പുമായി കൂടിയാലോചിച്ച് വനമേഖലക്കും വന്യജീവികൾക്കും ഏറ്റവും കുറഞ്ഞ ആഘാതമുണ്ടാക്കുന്ന രീതിയിൽ പദ്ധതിക്കായി ഒരു അലൈൻമെന്റ് നേരത്തെ തയാറാക്കിയിരുന്നു.
രാത്രികാല യാത്രക്ക് നിയന്ത്രണമുള്ള എൻ.എച്ച്-766 ഉൾപ്പെടെയുള്ള നിലവിലെ പ്രധാന വഴികൾക്ക് പകരമായി, വടക്കൻ കേരളത്തിനും മൈസൂരിനും/ബംഗളൂരുവിനും ഇടയിൽ തടസ്സമില്ലാത്ത 24 മണിക്കൂർ യാത്രാ സൗകര്യം ഈ ഹൈവേ ഉറപ്പാക്കും. ഈ പദ്ധതി വിഷൻ-2047ൽ നിന്ന് ഒഴിവാക്കിയത് വടക്കൻ കേരളത്തിന്റെ വികസനത്തിന് തടസ്സമാകുമെന്നും ഈ പദ്ധതി പുനഃസ്ഥാപിക്കണമെന്നും എം.പി കൂടിക്കാഴ്ചയിൽ നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.