സ്കൂൾ സമയം വൈകീട്ട് അര മണിക്കൂർ വർധിപ്പിക്കാം; ബദൽ നിർദേശങ്ങളുമായി സമസ്ത

കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ ബദൽ നിർദേശങ്ങളുമായി സമസ്ത. സ്‌കൂൾ സമയമാറ്റം സംബന്ധിച്ച് സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കാനും അനുകൂലമായ നടപടിയുണ്ടാകുന്നില്ലെങ്കിൽ സമരം ശക്തമാക്കാനും സമസ്തയുടെയും പോഷകസംഘടനകളുടെയും സംയുക്ത ഏകോപനസമിതി യോഗം തീരുമാനിച്ചിരുന്നു.

രാവിലെ 15 മിനിറ്റ് വർധിപ്പിക്കുന്നതിനുപകരം വൈകീട്ട് അര മണിക്കൂർ വർധിപ്പിക്കാം. പാദ വാർഷിക പരീക്ഷ,  അർധ വാർഷിക കഴിഞ്ഞുള്ള അവധി ദിവസങ്ങൾ പ്രവൃത്തി ദിനമാക്കാം. മറ്റ് സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ള നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കാനും സമസ്ത നിർദേശിച്ചു.

സ്‌കൂൾ സമയം രാവിലെയും വൈകുന്നേരവുമായി അരമണിക്കൂർ വർധിപ്പിക്കുന്നത് മദ്രസ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ സമയമാറ്റം പുനഃപരിശോധിക്കണമെന്നഭ്യർഥിച്ച് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് സർക്കാർ ചർച്ചക്ക് വിളിക്കുകയോ നിവേദനത്തിന് അനുകൂല തീരുമാനമുണ്ടാകുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ സമസ്തയുടെ പോഷകഘടകമായ സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയിരുന്നു.

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണിൽ വിളിച്ച് ചർച്ചചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, സ്കൂൾ സമയ മാറ്റത്തിൽ മാറ്റമില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. ഹൈകോടതി നിർദേശപ്രകാരമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഇത് സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയാറാണെന്നും ആണെന്നും മന്ത്രി അറിയിച്ചു. 

എന്നാൽ, 12 ലക്ഷത്തോളം വിദ്യാർഥികൾ സമസ്തയുടെ മദ്രസകളിൽ മാത്രമായി പഠിക്കുന്നുണ്ടെന്നും അത്രയും കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന ഒരു വിഷയത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിൽ തന്നെയാണ് സമസ്ത.

Tags:    
News Summary - School hours can be extended by half an hour in the evening; Samastha with alternative suggestions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.