ഉപരാഷ്ട്രപതിയാകാനുണ്ടോ? തരൂരിന്റെ പ്രതികരണം ഇങ്ങനെ...

തിരുവനന്തപുരം: ഉപരാഷ്ട്രപതിയാകാന്‍ സാധ്യതയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് ‘അയ്യോ..’എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി ശശി തരൂര്‍. യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി-‘ഈ സ്ഥാനത്തേക്ക് ഒരു ഏഷ്യാക്കാരന് ഊഴം വരുന്നതുതന്നെ 2040ലാണ്. അതുകൊണ്ട് അത്തരം ചോദ്യങ്ങള്‍ക്കുപോലും പ്രസക്തിയില്ല’.

ഇന്ത്യൻ സേനയുടെ കരുത്ത് അഭിമാനകരമാണ്. ഏത് പ്രതികൂല സാഹചര്യങ്ങളും നേരിടാനുള്ള സേനയുടെ കഴിവ് ലോകം തന്നെ അംഗീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പി. കേശവദേവ് ട്രസ്റ്റിന്‍റെ കേശവദേവ് പുരസ്കാര വിതരണ ചടങ്ങിനോടനുബന്ധിച്ച് നടന്ന സംവാദത്തിലും പിന്നീട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും മറുപടി പറയുകയായിരുന്നു തരൂർ.

പൊക്കം കൂടിയതാണ് തരൂരിന് വിനയെന്ന് അടൂർ; അടുത്ത ജന്മത്തിൽ അടൂരിനെ പോലെയാകണമെന്ന് തരൂർ

തിരുവനന്തപുരം: ശശി തരൂരിനെ ഉൾക്കൊള്ളാൻ പലർക്കും കഴിയാതെ പോയത് തരൂരിന് സാധാരണയിൽ കവിഞ്ഞ പൊക്കകൂടുതൽ കൊണ്ടെന്ന് അടൂർ ഗോപാലകൃഷ്ണൻ. നമ്മൾ ആരുവിചാരിച്ചാലും അദ്ദേഹത്തിന്റെ പൊക്കം കുറക്കാൻ സാധിക്കില്ലെന്നും അടൂർ പറഞ്ഞു. പി. കേശവദേവ് പുരസ്കാരം ശശി തരൂരിനും ഡോ. ബിൻഷി ബാബുവിനും സമ്മാനിക്കുന്ന വേദിയിലാണ് അടൂരിന്റെ അഭിപ്രായം. മലയാളിയുടെ പൊതുവായശീലം വെട്ടിനിരത്തലാണ്. മലയാളി ആകാശം കാണാതെ ജീവിക്കുന്നവരാണ്.

ഒരാളും ശരാശരിക്കപ്പുറം വളരരുതെന്ന സങ്കുചിത സ്വഭാവമാണ് മലയാളികൾക്ക്. ശരാശരി മതിയെന്നാണ് സമീപനം. അൽപം ഉയർന്നാൽ വെട്ടിനിരത്തും. ഈ കാഴ്ചപ്പാട് എല്ലാ മേഖലയിലും ഇന്ന് കാണാനാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ വെറുമൊരു എഴുത്തുകാരൻ മാത്രമല്ല. കൊടുങ്കാറ്റുപോലെ ജീവിക്കുന്ന വ്യക്തിയാണ്. എല്ലാ തെറ്റുകളെയും ചോദ്യം ചെയ്ത് ജീവിതം കൊണ്ടും എഴുത്തുകൊണ്ടും പ്രയത്നിക്കുന്ന വ്യക്തിയാണ്. രണ്ടുകൈയ്യും നീട്ടി അദ്ദേഹത്തെ സ്വീകരിക്കണം, അത് രാഷ്ട്രീയത്തിലായാലും പൊതുസമൂഹത്തിലായാലും- അടൂർ ചൂണ്ടിക്കാട്ടി. അടുത്ത ജന്മത്തിൽ മലയാളഭാഷയെയും മലയാളസിനിമയെയും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച അടൂരിനെ പോലെ ആകണമെന്ന് തുടർന്ന് നടന്ന സംവാദത്തിൽ ശശിതരൂർ മറുപടി പറഞ്ഞു. . ഡോ. ജോർജ് ഓണക്കൂർ, മണിയൻപിള്ള രാജു, ഡോ. വിജയകൃഷ്ണൻ, സുനിത ജ്യോതിദേവ് തുടങ്ങിവർ പങ്കെടുത്തു.

Tags:    
News Summary - shashi tharoor about next vice president of india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.