കൊച്ചി: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വിൽപനശാലകളിൽ ഉൽപന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ആഗസ്റ്റ് 24 വരെ ഉച്ചക്ക് രണ്ടുമുതൽ നാലുവരെയാണ് തെരഞ്ഞെടുത്ത സബ്സിഡിയിതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.
സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനേക്കാൾ 10 ശതമാനം വരെ കിഴിവ് നൽകും. വെളിച്ചെണ്ണയടക്കമുള്ള ശബരി ഉൽപന്നങ്ങൾ, സോപ്പ്, ശർക്കര, ആട്ട, റവ, മൈദ, സോപ്പുപൊടി, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിൻ തുടങ്ങിയവക്ക് അധിക വിലക്കുറവുണ്ട്.
കൂടാതെ, ഓണച്ചന്തകൾ 25 മുതൽ ആരംഭിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസത്തെ മെഗാ ഓണച്ചന്തകളും 140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസത്തെ ചന്തകളും സംഘടിപ്പിക്കും. സംസ്ഥാനതല ഓണച്ചന്ത തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളിൽ മറ്റു ജില്ലാ കേന്ദ്രങ്ങളിൽ ചന്തക്ക് തുടക്കമാകും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ സംഘടിപ്പിക്കും.
നിലവിൽ ഒരു റേഷൻ കാർഡിന് എട്ട് കിലോ അരിയാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമെ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കിൽ ലഭ്യമാക്കും. എ.എ.വൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണിസഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട ആറ് ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നൽകും. ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ രണ്ട് വരെയാണ് കിറ്റ് വിതരണം.
വന്‍പയര്‍, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഇനങ്ങളുടെ വില കുറച്ചതായും സപ്ലൈകോ അധികൃതർ അറിയിച്ചു. വന്‍പയറിന് 75 രൂപയില്‍നിന്ന് 70 രൂപയായും തുവരപ്പരിപ്പിന് 105 രൂപയില്‍നിന്ന് 93 രൂപയായുമാണ് കുറച്ചത്. സബ്സിഡി നിരക്കില്‍ നല്കുന്ന മുളകിന്റെ അളവ് അര കിലോയില്‍നിന്ന് ഒരു കിലോയായി വര്‍ധിപ്പിച്ചു. (കിലോക്ക് 115.5 രൂപ, അര കിലോക്ക് 57.50)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.