വിനോദ് എന്ന ബെന്നി
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ടൗണ്‍ കേന്ദ്രീകരിച്ച് കടകളില്‍ മോഷണം നടത്തിയ സംഭവത്തിൽ നിരവധി മോഷണക്കേസുകളിലെ പ്രതി പെരിന്തല്‍മണ്ണയില്‍ പിടിയിലായി. അമ്പതിലധികം മോഷണക്കേസുകളിലെ പ്രതി തൃശൂര്‍ പൂങ്കുന്നം സ്വദേശി വിനോദ് എന്ന ബെന്നിയാണ് (64) പിടിയിലായത്.
അങ്ങാടിപ്പുറം ടൗണ്‍ കേന്ദ്രീകരിച്ച് രാത്രിയില്‍ കടകളുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ സംഭവത്തിൽ അന്വേഷണം നടത്തവെ, പെരിന്തല്‍മണ്ണ സി.ഐ സുമേഷ് സുധാകരന്‍, എസ്.ഐ ഷിജോ സി. തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് അങ്ങാടിപ്പുറത്ത് പച്ചക്കറിക്കടയിലും മെഡിക്കല്‍ ഷോപ്പിലും കടകളുടെ പൂട്ട് തകര്‍ത്ത് പണം കവർന്നത്.
പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാലക്കാട്, തൃശൂര്‍, മലപ്പുറം, ഗൂഡല്ലൂര്‍ ഭാഗങ്ങളില്‍ കടകള്‍ കേന്ദ്രീകരിച്ച് രാത്രി മോഷണം നടത്തുകയാണ് രീതി. പാലക്കാട് ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണ ടൗണില്‍ വന്ന് ഗൂഡല്ലൂര്‍ ഭാഗത്തേക്കു പോവാനുള്ള ശ്രമത്തിനിടെ പെരിന്തല്‍മണ്ണ ടൗണില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.
എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലും ഗൂഡല്ലൂരിലും നിരവധി മോഷണക്കേസുകളില്‍ പ്രതിയായ വിനോദ് ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തുകയായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്ത്, സി.ഐ സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ ഷിജോ സി. തങ്കച്ചന്‍, അയ്യൂബ്, സല്‍മാന്‍, പ്രജീഷ് എന്നിവരും ഡാന്‍സാഫ് സ്ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.