പാസ്റ്ററെ ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ

‘ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യംവച്ച് അവർ ഇവിടെയുമുണ്ട്...!, ഇനി പിണറായിയുടെ ഊഴമാണ്’; പാസ്റ്ററെ ഭീഷണിപ്പെടുത്തിയതിൽ ടി. സിദ്ദീഖ്

കോഴിക്കോട്: വയനാട്ടിൽ പാസ്റ്റർക്ക് നേരെ ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണി മുഴക്കിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കൽപ്പറ്റ എം.എൽ.എ ടി. സിദ്ദീഖ്. ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യം വച്ച് അവർ ഇവിടെയുമുണ്ടെന്നും ഇനി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ ഊഴമാണെന്നും സിദ്ദീഖ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

ടി. സിദ്ദീഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

വയനാട്ടിൽ ബജ്റംഗ്ദൾ കൊലവിളി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് പാസ്റ്ററെ ഭീഷണിപ്പെടുത്തി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വച്ച് ബജ്റംഗ ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഏപ്രിലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റർ പോയത്.

ഹിന്ദു വീടുകളിൽ കയറിയാൽ ഇനി അടി ഉണ്ടാകില്ല. കാൽ അങ്ങ് വെട്ടിക്കളയും. അടി കൊണ്ട് കാര്യമില്ല എന്ന് പാസ്റ്ററെ തടഞ്ഞുവെച്ച് യുവാക്കൾ ഭീഷണി മുഴക്കുന്നത് വീഡിയയോയിൽ കാണാൻ‌ കഴിയും. പാസ്റ്റരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.

“ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യം വച്ച് അവർ ഇവിടെയുമുണ്ട്…! ഇനി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ശ്രീ പിണറായി വിജയന്റെ ഊഴമാണ്…”

അതേസമയം, പാസ്റ്റർക്ക് നേരെ ഒരു സംഘം ഭീഷണി മുഴക്കുന്നതിന്‍റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിൽ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തു. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനും കലാപാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ബത്തേരി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. ഭീഷണി മുഴക്കിയവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ ബത്തേരി കൈപ്പഞ്ചേരിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് മലയാളി കന്യാസ്ത്രീകളെ ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിക്കുകയും ഛത്തിസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെ പുറത്തുവന്നത്.

'ഇനി അടിയില്ല, ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും' എന്നിങ്ങനെ ആക്രോശിച്ച് സംഘം പാസ്റ്ററെ ഭീഷണിപ്പെടുത്തുകയായിരുന്നു. ബജ്റംഗ്ദൾ പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്നാണ് കണ്ടെത്തൽ.

പ്രാർഥനയുടെയും വെക്കേഷൻ ക്ലാസിന്റെയും ഭാഗമായി ഉന്നതി സന്ദർശിച്ച് നോട്ടീസ് നൽകുന്നതിനിടെയാണ് പാസ്റ്റർക്കെതിരെ ആക്രമണശ്രമവും ഭീഷണിയുമുണ്ടായത്. മതപരിവർത്തനം നടത്താനാണ് പാസ്റ്റർ എത്തിയതെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ തടഞ്ഞുവെച്ചത്.

വിഷയം അന്നുതന്നെ പൊലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. സംഭവം വിവാദമായതോടെയാണ് സുൽത്താൻ ബത്തേരി പൊലീസ് ഇപ്പോൾ നടപടി സ്വീകരിച്ചത്.

Full View

Tags:    
News Summary - T siddique MLA react to Pastor threatened in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.