ഉമ തോമസ്
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് എം.എൽ.എ ഉമ തോമസിനെതിരെ സൈബർ ആക്രമണം. രാഹുൽ യൂനിറ്റ് തലം മുതൽ പ്രവർത്തിച്ചാണ് എം.എൽ.എ പദം വരെ എത്തിയതെന്നും അല്ലാതെ ഉമ തോമസിനെ പോലെ പി.ടി. തോമസ് എന്ന മഹാനായ നേതാവിന്‍റെ വിധവയായത് കൊണ്ട് ജനപ്രതിനിധിയായത് പോലയല്ലെന്നും കമന്‍റിൽ പറയുന്നു.
പാർട്ടി ഒരു സമയത്ത് വല്ലാത്ത അവസ്ഥയിൽ കടന്നു പോവുമ്പോൾ അതിനെ പ്രതിരോധിക്കാൻ പറ്റാതെ എല്ലാവരും നോക്കുക്കുത്തിയായി നിൽക്കുമ്പോൾ, സി.പി.എം വിലസുമ്പോൾ അതിനെ പ്രതിരോധിച്ച് പാർട്ടിയെ അടുത്ത തെരഞ്ഞെടുപ്പ് വന്നാൽ അധികാരത്തിൽ വരുമെന്ന് അവസ്ഥയിൽ എത്തിച്ച രാഹുലിനെ ഉമ പരസ്യമായി എതിർക്കുന്നതെന്ന് മറ്റൊരു കമന്‍റിൽ പറയുന്നു.
ഉമ നിങ്ങൾ എം.എൽ.എയായത് തോമസ് മരണപ്പെട്ടത് കൊണ്ട് മാത്രമല്ല. രാഷ്ട്രീയത്തിൽ ഒരു വിവരവും പണിയം ചെയ്യാത്ത നിങ്ങളെ എം.എൽ.എയാക്കാൻ പലരും കഷ്ടപ്പെട്ട് പണിയെടുത്തു.
രാഹുൽ മാക്കൂട്ടം രാജിവെക്കണമെന്ന് പറയാൻ നിങ്ങളാരാ? രാഹുലിനെ തൊട്ടാൽ പി.ടി തോമസ് സെറിന്‍റെ ഭാര്യയാണന്നൊന്നും നോക്കൂല, യൂത്ത് കോൺഗ്രസ് എന്താണന്ന് ലോട്ടറിയടിച്ച് എം.എൽ.എയായ ഉമാ തോമസ് അറിയും
മാഡം. അമിതാവേഷം കാണിക്കരുത്. തന്റേടം കാണിച്ചിരുന്ന നിങ്ങളുടെ ഭർത്താവിനെ നശിപ്പിക്കാൻ ശ്രമിച്ചവർ തന്നെയാണ് ഇന്ന് രാഹുലിനേയും ലക്ഷ്യമിടുന്നത് എന്ന് ഓർക്കുക. പിന്നെ സ്ത്രീ പക്ഷം. ആണുങ്ങളോട് കൊഞ്ചിക്കുഴഞ്ഞ് എല്ലാം അടിയറവെച്ച് വർഷങ്ങൾക്ക് ശേഷം പീഡിപ്പിച്ചു എന്ന് പറഞ്ഞ് വരുന്നവൾമാരോട് പുച്ഛം മാത്രം.
മുകേഷിന് രാജിവെപ്പിക്കാൻ പറ്റാത്ത പ്രതിപക്ഷമാണ് സ്വന്തം പാർട്ടിയിൽ പെട്ട യുവ നേതാവിനെ രാജിവെക്കാൻ തുനിയുന്ന നിങ്ങൾ പാഠം പഠിക്കില്ല … ഗ്രൂപ്പ് കളിച്ചു താഴെ തട്ടിലുള്ള പ്രവർത്തകർക്കുള്ള വിശ്വാസം കളയരുത്….ഞങ്ങൾ ഉണ്ടെങ്കിലെ നേതാക്കൾ ഉള്ളൂ… mla സ്ഥാനത്തു നിന്ന് രാജി വെപ്പിക്കാൻ ഉള്ള ആവേശം എല്ലാവരും മാറ്റി വെച്ചു. ഒരുമിച്ച് നിൽക്കാൻ ശ്രമിക്കൂ
ഒരു എളിയ കോൺഗ്രസ് പ്രവർത്തകൻ ആണ് ഞാൻ.. നമ്മുടെ നേതാക്കൾ ഈ മാധ്യമങ്ങൾടെ മുമ്പിൽ പോയി നിന്ന് ഇങ്ങനെ ഓരോന്ന് പറയുന്നത് ശെരിയല്ല... അവർ നമ്മളെ അറുത്തു മുറിക്കാൻ തക്കം നോക്കി നിൽക്കുന്നവർ ആണ്... ഇതിനെ നിയത്രിക്കാൻ നിങ്ങൾക്ക് അറിയുന്ന നേതാകാരോട് പറയു.. കാണുമ്പോൾ വിഷമം ഒണ്ട്.. തെറ്റ് ചെയ്തോ ഇല്ലയോ പാർട്ടി നേതാക്കൾ ഇങ്ങനെ ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുന്നതിൽ ന്താണ് ശരി.. ഇത്രേം നാളും പാർട്ടി യുടെ നേടും തൂൺ ആയിരുന്നു രാഹുൽ.. തെറ്റ് ചെയ്‌താൽ ശിഷിക്കട്ടെ.. പക്ഷേ നമ്മടെ നേതാക്കൾ കെസി യുടെ ഭാര്യ പോലും ഇട്ടേക്കുന്നു ഫേസ്ബുക് പോസ്റ്റ്.. എന്തൊക്കെയാണ് നടക്കുന്നത്.. നിങ്ങക്ക് അറിയുന്ന നേതാക്കൾ ഇണ്ടാകുമല്ലോ അവരോട് ഇതിനെ മാധ്യമങ്ങളുടെ മുന്നിലെ ഷോ ഓഫ് നിർത്താൻ അഭിപ്രായ പെടു... നമ്മുടെ പാർട്ടിയിൽ ചർച്ച ചെയ്യൂ.. അതിനു ശേഷം പ്രസിഡന്റ് പറയട്ടെ പാർട്ടിയുടെ അഭിപ്രായം... വെറും തരം താഴരുത് പാർട്ടി നേതാക്കൾ.. ഒരു അപേക്ഷയാണ്..
അതേസമയം സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഉമ തോമസ് രംഗത്തെത്തി. സൈബർ ആക്രമണത്തിൽ പ്രശ്നമില്ലെന്നും താൻ വിശ്വസിക്കുന്ന പ്രസ്ഥാനം കൂടെ നിൽക്കുമെന്നും രാഹുലിന്‍റെ വിഷയത്തിൽ പറയാനുള്ളത് ഇന്നലെ പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാനില്ല. ഓരോരുത്തർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. ആരുടെയും സ്വാതന്ത്ര്യത്തിലും കൈകടത്തുന്നില്ല. സൈബർ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കില്ലെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മൗനം ശരിയല്ലെന്നും രാജിവെച്ച് മാറി നിൽക്കണമെന്നുമാണ് കോൺഗ്രസ് എം.എൽ.എയായ ഉമ തോമസ് ഇന്നലെ ആവശ്യപ്പെട്ടത്. കോൺഗ്രസ് പ്രസ്ഥാനം സ്ത്രീകളോടൊപ്പം നിൽക്കുമെന്നതിൽ സംശയമില്ല. പി.ടി. തോമസ് എന്നും സ്ത്രീകളെ ചേർത്തുപിടിക്കുകയും അവരുടെ പുരോഗതിക്ക് വേണ്ടി ശ്രമിക്കുകയും ചെയ്ത വ്യക്തിത്വമാണ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അപ്പോൾ തന്നെ പ്രതികരിച്ചയാളാണ്. രാഹുൽ ഉറപ്പായും രാജിവെച്ച് മാറിനിൽക്കണം. മാധ്യമങ്ങളിലൊക്കെ വന്നപ്പോഴാണ് താൻ ഇതൊക്കെ അറിയുന്നത്. അദ്ദേഹത്തെ കുടുക്കാനുള്ള ശ്രമമാണോയെന്ന് ആദ്യം സംശയിച്ചിരുന്നു. എന്നാൽ ഒന്നിന് പിറകെ ഒന്നായിട്ട് മറ്റുള്ളവരൊക്കെ പറയുന്നു.
എന്നിട്ടും അദ്ദേഹം അപകീർത്തി കേസിന് പോലും തയാറാകുന്നില്ല. അപ്പോൾ ആരോപണം ശരിയാണെന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അല്ലെങ്കിൽ അദ്ദേഹം കേസിന് പോകണമായിരുന്നു. നമ്മുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്‌താൽ ആ നിമിഷം നമ്മൾ പ്രതികരിക്കും. അങ്ങനെ ചെയ്യാത്തിടത്തോളം രാജി ആവശ്യപ്പെടേണ്ടത് തന്നെയാണെന്നും ഉമ തോമസ് വ്യക്തമാക്കി.
രാഹുല്‍ മാറി നില്‍ക്കണമെന്ന് തന്നെയാണ് തന്‍റെ നിലപാടെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. രാഹുലിന്‍റെ കാര്യത്തില്‍ കോൺഗ്രസ് മാതൃകപരമായ തീരുമാനം എടുക്കും. നിയമമോ, പരാതിയോ അല്ല, ധാർമികത തന്നെയാണ് വിഷയം. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കോൺഗ്രസ് എടുക്കുന്ന പോലൊരു തീരുമാനം എടുക്കാൻ സാധിക്കില്ല. കോൺഗ്രസിന്റേത് വിപ്ലവകരമായ നടപടിയാണ്. സ്ത്രീകളുടെ മനഃസാക്ഷിയോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും ഷാനിമോള്‍ ചൂണ്ടിക്കാട്ടി.
രാഹുലിനെതിരായ ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്നത് അന്വേഷണത്തിൽ തെളിയട്ടെയെന്ന് ദീപ്തി മേരി വർഗീസ് പ്രതികരിച്ചു. ഒരു തെളിവുമില്ലെങ്കിലും രാഹുല്‍ മാറി നിൽക്കണമെന്നാണ് കോൺഗ്രസ് നിലപാട് സ്വീകരിച്ചത്. ഇപ്പോൾ പുറത്ത് വരുന്ന ചാറ്റുകളും ശബ്ദരേഖകളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് പുറത്തു വരുന്നത്. ഇതൊക്കെ തെളിയിക്കപ്പെടേണ്ട കാര്യങ്ങളാണ്.
രാഹുലിന്റെ രാജി കോൺഗ്രസിന്റെ മേലുള്ള കളങ്കമല്ല, ആര് എന്ത് തെറ്റ് ചെയ്താലും അതിന്റെ ഉത്തരവാദിത്തം അതത് വ്യക്തികള്‍ക്കാണ്. ഇതിന്‍റെ ബാധ്യത ഏറ്റെടുക്കേണ്ട ആവശ്യം കോൺഗ്രസിനില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തിരുത്തേണ്ടത് അതത് വ്യക്തികളാണെന്നും ദീപ്തി മേരി വര്‍ഗീസ് ചൂണ്ടിക്കാട്ടി.
രാഹുലിനെതിരെ എത്രയും വേഗം കോൺഗ്രസ് ഉചിത തീരുമാനമെടുക്കുമെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി. പുറത്ത് വന്ന ആരോപണങ്ങൾ ഒരു പൊതുപ്രവർത്തകനിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തത്. ഇത്തരമൊരു ആരോപണം ഉയർന്ന് 24 മണിക്കൂറിനുള്ളിൽ പാർട്ടി ആദ്യഘട്ടത്തിൽ തീരുമാനമെടുത്തിരുന്നു.
സാധാരണ വ്യക്തിയിൽ നിന്ന് പോലും ഇത്തരം ചിന്തകൾ പോലും ഉണ്ടാകാൻ പാടില്ല. ജനപ്രതിനിധിയില്‍ നിന്നും ജനങ്ങള്‍ക്ക് മാതൃകയാകേണ്ട ആളില്‍ നിന്നും ഒരിക്കലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ടെന്നും സ്ത്രീകളുടെ സുരക്ഷയാണ് പ്രധാനമെന്നും ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി.
രാഹുലിന്റെ കാര്യത്തിൽ കോൺഗ്രസ് പാർട്ടി കൃത്യമായ സമയത്ത് കൃത്യമായ നിലപാട് എടുത്തുവെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പി പറഞ്ഞു. ഔദ്യോഗികമായി ഒരു പരാതി പോലും ലഭിക്കും മുമ്പ് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെച്ചു. കോൺഗ്രസ് സ്ത്രീപക്ഷത്ത് എന്ന് തെളിയിക്കുന്ന നടപടിയായിരുന്നു അത്.
സി.പി.എമ്മിനെ പോലെ ന്യായീകരണങ്ങളിലേക്ക് കോൺഗ്രസ് പോയില്ല. കാര്യങ്ങൾ പരിശോധിക്കപ്പെടണമെന്ന് തന്നെയാണ് നിലപാട്. എന്നാൽ, സ്ത്രീകൾക്ക് എതിരെയുള്ള സൈബർ ആക്രമണങ്ങൾ അംഗീകരിക്കില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.