ഡോ.രൈരു ഗോപാൽ
കണ്ണൂർ: രണ്ടു രൂപക്ക് കണ്ണൂരിന്റെ ആരോഗ്യം അമ്പത് വർഷത്തിലേറെ കാത്ത ജനകീയ ഡോക്ടർ ഇനിയില്ല. സാധാരണക്കാരുടെ ഹൃദയം തൊട്ട ഡോക്ടർ രൈരു ഗോപാൽ വിടപറയുമ്പോൾ കണ്ണീരായിരുന്നു കണ്ണൂരിന്. ആതുരസേവനം കച്ചവടമാകുന്ന കാലത്ത് സൗജന്യ നിരക്കിൽ നാടിന്റെ ആരോഗ്യം കാത്ത രൈരു ഡോക്ടർ 18 ലക്ഷത്തിലധികം രോഗികൾക്ക് മരുന്നും സ്നേഹവും കുറിച്ചുകൊടുത്താണ് ജീവിതത്തിൽനിന്ന് മടങ്ങിയത്. പണമുണ്ടാക്കാനാണെങ്കിൽ മറ്റെന്തെങ്കിലും പണിക്ക് പോയാൽ മതിയെന്ന അച്ഛന്റെ ഉപദേശവും പരിശോധനക്കായി ഒരു വീട്ടിലെത്തിയപ്പോൾ കണ്ട ദയനീയാവസ്ഥയുമാണ് രൈരു ഡോക്ടറെ പരിശോധന ഫീസ് തുച്ഛമായ തുകയാക്കാൻ പ്രേരിപ്പിച്ചത്.
രണ്ടുരൂപ ഡോക്ടർ എന്ന പേരിലാണ് രൈരു ഗോപാൽ അറിയപ്പെട്ടിരുന്നത്. മരുന്നും പരിശോധനയും അടക്കം നാൽപതോ അമ്പതോ രൂപമാത്രമാണ് രോഗികളിൽനിന്ന് വാങ്ങിയിരുന്നത്. രോഗികളുടെ സമയം വിലപ്പെട്ടതാണെന്ന് മനസ്സിലാക്കിയായിരുന്നു ഡോക്ടറുടെ പ്രവർത്തനം. ജോലിക്ക് പോകേണ്ട തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും വിദ്യാർഥികൾക്കുമെല്ലാം സൗകര്യപ്രദമാകുന്ന വിധത്തിൽ പുലർച്ചയായിരുന്നു പരിശോധന. യൗവ്വനകാലത്ത് പുലർച്ച മൂന്ന് മുതൽ ഡോക്ടർ പരിശോധന തുടങ്ങിയിരുന്നു. അന്ന് മുന്നൂറിലേറെ രോഗികളുണ്ടാകും. രാവിലെ 2.15 ന് എഴുന്നേൽക്കുന്നതോടെയായരുന്നു ഒരു ദിവസം ആരംഭിക്കുന്നത്. നേരെ പശുത്തൊഴുത്തിലേക്ക്. തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് പാൽ കറന്നെടുക്കും. ശേഷം കുളികഴിഞ്ഞ് പൂജാമുറിയേിലേക്ക്. അഞ്ചര മുതൽ പത്രം വായനയും പാൽ വിതരണവും.
താണ മാണിക്ക കാവിനടുത്തെ വീട്ടിൽ രാവിലെ ആറര മുതൽ രോഗികളെത്തിത്തുടങ്ങും. എണ്ണം തൊണ്ണൂറും നൂറുമൊക്കെ കടക്കും. രാവിലെ 10 വരെ പരിശോധന നീളും. തുടക്കത്തിൽ മരുന്ന് എടുത്തുകൊടുക്കാനും ടോക്കൻ വിളിക്കാനുമൊക്കെ സഹായിയുണ്ടായിരുന്നു. ആരോഗ്യം കുറഞ്ഞതോടെ രോഗികളുടെ എണ്ണവും ക്രമേണ കുറച്ചു. ഭാര്യ ഡോ. ശകുന്തളയും പരിശോധനയിൽ സഹായിക്കാനുണ്ടാകുമായിരുന്നു. മകൻ ഡോ. ബാലഗോപാലും ഈ വഴിയിൽ തന്നെയുണ്ടായിരുന്നു. കണ്ണൂക്കര സ്കൂളിന്റെ മുൻ വശമുള്ള വാടക വീട്ടിലും ഏറെക്കാലം പരിശോധന നടത്തിയിരുന്നു.
പിതാവ് കണ്ണൂരിലെ ഡോ. എ. ഗോപാലൻ നമ്പ്യാരുടെ വഴിയിലായിരുന്നു ഡോ. രൈരു ഗോപാൽ ഉൾപ്പെടെ നാല് ആൺമക്കളും പ്രവർത്തിച്ചിരുന്നത്. വിലകുറഞ്ഞ ഗുണമേൻമയുള്ള മരുന്നുകളാണ് ഡോക്ടർ കുറിക്കുക. മരുന്നുകമ്പനികളുടെയും കോർപറേറ്റുകളുടെയും മോഹനവാഗ്ദാനങ്ങളിലൊന്നും ഡോക്ടർ വീഴാത്തതിനാൽ കമ്പനി പ്രതിനിധികളൊന്നും ആ പടി കയറിയിരുന്നില്ല. സേവനത്തിലൂടെ ലഭിക്കുന്ന സുഖം അതു വേറെയാണെന്ന് രൈരു ഗോപാലൻ ഡോക്ടർ പറയുമായിരുന്നു. കണ്ണൂരിന്റെ മുക്കിലും മൂലയിലും ഈ കരസ്പർശത്താൽ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവർ ഏറെയാണ്. പരിശോധിക്കാൻ വയ്യാതായതോടെയാണ് രണ്ട് വർഷം മുമ്പ് ഒ.പി നിർത്തിയത്. ‘എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിർത്തുകയാണെന്ന ബോർഡ് ഗേറ്റിൽ തൂക്കിയാണ് രോഗികൾക്കൊപ്പം ജീവിച്ച ഡോക്ടർ അന്ന് ലളിതമായി ജോലിയിൽനിന്ന് വിരമിച്ചത്.
വലിയ വേദനയോടെയാണ് അന്ന് സാധാരണക്കാർ അത് ഉൾക്കൊണ്ടത്. നിലവിൽ അദ്ദേഹം ജീവിതത്തിൽനിന്ന് വിട പറഞ്ഞതോടെ ഒരു കരുണ്യസംസ്കാരമാണ് അസ്തമിച്ചത്. അത് ഞായറാഴ്ച ആദരാഞ്ജലിയർപ്പിക്കാനെത്തിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇങ്ങനെയൊരു ഡോക്ടർ ഇനിയൊരിക്കലുമില്ലെന്ന് അവിടെയെത്തിയവർ നിറകണ്ണുകളോടെ പറയുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.