ഹരികട്ടേൽ വായനയിൽ
കൊല്ലം: ചരിത്രഗവേഷകനും സ്ഥലനാമ ചരിത്രകാരനുമായ ഹരി കട്ടേല്‍ മൂന്നര പതിറ്റാണ്ടുകാലമായി ദക്ഷിണേന്ത്യാ ചരിത്രത്തിന്റെ പഠനഗവേഷണത്തിലാണ്. സ്ഥലനാമങ്ങൾക്ക് പിറകിലുള്ള രഹസ്യങ്ങളാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പഠനം. സ്ഥലനാമ ചരിത്രപഠനത്തിന്റെ ഭാഗമായി മൂന്ന് പുസ്തകങ്ങളാണ് ഈ ഗവേഷണങ്ങളിലൂടെ രചിച്ചത്. സ്ഥലനാമചരിത്രം-തിരുവനന്തപുരം ജില്ല, സ്ഥലനാമ ചരിത്രം-കൊല്ലം ജില്ല, സ്ഥലനാമ ചരിത്രം- കോട്ടയം ജില്ല എന്നിവയാണവ. ഇപ്പോൾ പത്തനംതിട്ട ജില്ലയുടെ സ്ഥലനാമ ചരിത്രത്തിന്റെ പണിപ്പുരയിലാണ്.
മുഖ്യധാരാ ചരിത്രരചനക്ക് ആവശ്യമായ എല്ലാ ഉറവകളും സ്ഥലനാമചരിത്ര രചനക്ക് ആവശ്യമാണെന്നാണ് ഹരികട്ടേൽ പറയുന്നത്. മുഖ്യധാരാചരിത്രപഠനത്തെ അവഗണിച്ച് പ്രാദേശിക ചരിത്രരചനയോ സ്ഥലനാമ ചരിത്രരചനയോ നടത്തുമ്പോള്‍ അബദ്ധങ്ങളിലേക്കോ അസംബന്ധങ്ങളിലേക്ക് എത്തിപ്പെടാൻ എളുപ്പമാണ്. പരശുരാമന് മഴുവെറിഞ്ഞ് ഉണ്ടായ നാടാണ് കേരളം എന്ന കെട്ടുകഥക്ക് പ്രമാണ്യം കൊടുക്കാന്‍ ശ്രമിക്കുന്ന ചില അക്കാദമിക് ചരിത്രകാരന്മാര് പുരാവസ്തു പഠനരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന നേട്ടങ്ങളെ അവഗണിക്കുകയാണെന്ന് ഹരി പറയുന്നു.
‘സ്ഥലനാമചരിത്രം -തിരുവനന്തപുരം ജില്ല’ എന്ന കൃതിയില്‍ അദ്ദേഹം മുഖ്യധാരാചരിത്രത്തില്‍ നിലവിലുള്ള പല തെറ്റുകളും തെറ്റിദ്ധാരണകളും തിരുത്തുന്നുണ്ട്. ഉദാഹരണം തിരുവനന്തപുരം എന്ന സ്ഥലനാമത്തിന്റെ ഉല്‍പ്പത്തിയെ കുറിച്ചുള്ളതാണ്. തിരു+അനന്തപുരം -തിരുവനന്തപുരം എന്ന് പതിഞ്ഞുറഞ്ഞുപോയ വിശ്വാസത്തെ അദ്ദേഹം തിരുത്തുന്നത് വേണാട്/തിരുവിതാംകൂര്‍ ഭരണകാര്യ രേഖകളുടെയും മതിലകം രേഖകളുടെയും അടിസ്ഥാനത്തിലാണ്. തിരു+ആനന്ദപുരം- തിരുവാനന്ദപുരം ആണ് തിരുവനന്തപുരത്തിന്റെ ആദിരൂപമെന്നും സി.ഇ. പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള ഭരണകാര്യ രേഖകളിലും ഉണ്ണുനീലി സന്ദേശം പോലെയുള്ള പ്രാചീന കാവ്യങ്ങളിലും തിരുവാനന്തപുരം എന്ന് കാണാമെന്നും അദ്ദേഹം വെളിപ്പെടുത്തിയത്. തിരുവനന്തപുരം ജില്ല സ്ഥനാമ ചരിത്രപുസ്തകത്തിലെ ആദ്യ അധ്യായത്തിന്റെ തലക്കെട്ട് ‘തിരുവനന്തപുരത്തിന്റെ കീഴാധാരം അനന്തനല്ല ആനന്ദനാണ്’ എന്നാണ്.
തിരുവിതാംകൂര്‍ ചരിത്രത്തിലെ ‘എട്ടുവീട്ടില്‍ പിള്ളമാര്‍’ എന്നത് ഒരു കെട്ടുകഥയാണെന്ന് ‘കഴക്കൂട്ടവും തിരുവിതാംകൂര്‍ ചരിത്രത്തിലെ കഥക്കൂട്ടുകളും’ എന്ന അധ്യായത്തിലൂടെ പറഞ്ഞത്. ‘എട്ടുവീട്ടില്‍ പിള്ളമാര്‍’ എന്നത് അടിസ്ഥാന ചരിത്രരേഖകളില്‍ ഇല്ല. കഥാഖ്യായങ്ങളിലും കഥകളിയിലും മറ്റുമാണ് അതുള്ളത്. വേണാട്ടിലെ ഭരണസംവിധാനവുമായി ബന്ധപ്പെട്ട് പിള്ളമാര്‍ ഉണ്ടായിരുന്നു. അവര്‍ എണ്ണത്തില്‍ എട്ടിലും എത്രയോ അധികമുണ്ടായിരുന്നുവെന്ന് രേഖകള്‍ കൊണ്ടറിയാം. ‘എട്ടുവീട്ടില്‍ മാടമ്പിമാര്‍’ ചരിത്രരേഖകളില്‍ ഉണ്ട്. എട്ടുവീട്ടില്‍ പിള്ളമാരുടേതായി പറയപ്പെടുന്ന പേരുകളൊന്നും എട്ടുവീട്ടില്‍ മാടമ്പികളുടെ പേരുമായി ഒരുവിധത്തിലും ചേരുന്നുമില്ല. 12 വര്‍ഷം മുമ്പ് ഹരികട്ടേല്‍, മുഖ്യധാരാചരിത്രത്തെ തിരുത്തി പ്രസിദ്ധീകരിച്ച ഈ പാഠം മുന്‍നിര ചരിത്രകാരന്മാര് ഇന്ന് അംഗീകരിക്കുന്നു.
സ്ഥലനാമചരിത്രം കൊല്ലം ജില്ല, സ്ഥലനാമചരിത്രം-കോട്ടയം ജില്ല എന്നീ കൃതികളിലും മുഖ്യധാരാ ചരിത്രത്തില്‍ ചില പുതുക്കിയെഴുത്തുകള് നടത്തിക്കൊണ്ടുള്ള വെളിപ്പെടുത്തലുകള്‍ തെളിവുകളുടെ വെളിച്ചത്തില്‍ നടത്തിയിട്ടുണ്ട്. അവയിലൊന്നാണ് കൊട്ടരക്കരയില്‍ ഇളയിടത്തു സ്വരൂപം പതിനാലാം നൂറ്റാണ്ടില്‍ ഉദയം ചെയ്യുന്നതിന് മുന്നൂ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൊട്ടാരക്കരക്ക് അഞ്ച് കിലോമീറ്റര്‍ തെക്ക് തുടന്തലൈ എന്ന സ്ഥലത്ത് ധരണിവര്മന് എന്ന പേരില്‍ ഒരു രാജാവ് ഭരണം നടത്തിയിരുന്നതായ കണ്ടെത്തല്‍. തിരുവല്ലാ ചെപ്പേടുകളിലാണ് തുടന്തലയിലെ ധരണിവര്മന്റെ ഭരണത്തെക്കുറിച്ചുള്ള തെളിവുള്ളതെന്ന് ഹരി കട്ടേല്‍ പറയുന്നു. ഇത്തരത്തിലുള്ള കണ്ടുപിടിത്തങ്ങളുമായി ചരിത്രമെഴുത്ത് തുടരുകയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.