പത്തനംതിട്ട: ഞായറാഴ്ചകളിൽ ഓൺലൈൻ ബുക്കിങ്ങിലൂടെ ആറന്മുള വള്ളസദ്യ നടത്താനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ പള്ളിയോടസേവാസംഘം രംഗത്ത്. ഇത് ആചാരലംഘനമാണെന്ന് കാണിച്ച് സംഘം ദേവസ്വംബോർഡിന് കത്ത് നൽകി. പള്ളിയോട കരകളുടെ കൂട്ടായ്മയായ പള്ളിയോടസേവാ സംഘത്തിന്‍റെ നേതൃത്വത്തിലാണ് വഴിപാടായി വള്ളസദ്യ നടന്നുവരുന്നത്. ഇതിനിടെയാണ്, താൽപര്യമുള്ളവർക്ക് 250 രൂപ അടച്ച് ഞായറാഴ്ചകളിൽ സദ്യ ബുക്ക് ചെയ്ത് കഴിക്കാമെന്ന ദേവസ്വം ബോർഡിന്‍റെ പുതിയ തീരുമാനം. ഈ മാസം 27 മുതൽ ഇത് നടത്തുമെന്നും ബോർഡ് അറിയിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം.
വള്ളസദ്യയുടെ പവിത്രതയും ആചാര പ്രാധാന്യവും തകർക്കുന്ന തീരുമാനമാണ് ബോർഡിന്‍റേതെന്നാണ് ആരോപണം. പള്ളിയോട സേവാസംഘം നടത്തുന്നതുപോലെയല്ല ദേവസ്വം ബോർഡ് നടത്താൻ പോകുന്ന വള്ളസദ്യ. പള്ളിയോടങ്ങൾ പങ്കെടുക്കാത്ത, 250 രൂപ വാങ്ങിക്കൊണ്ടുള്ള സദ്യക്ക് പിന്നിൽ വാണിജ്യ താൽപര്യമാണെന്നും ഇവർ ആരോപിക്കുന്നു. വെള്ളിയാഴ്ച വിഷയം ചർച്ച ചെയ്യാനായി പള്ളിയോടസേവാസംഘം പൊതുയോഗം വിളിച്ചിട്ടുണ്ട്.
എന്നാൽ, ആദ്യം ആറന്മുള ക്ഷേത്രം സമിതിയുമായും പിന്നീട് കഴിഞ്ഞ ജൂണിൽ പള്ളിയോട സേവാസംഘം പ്രസിഡന്റ് അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തതായി ദേവസ്വം ബോർഡ് അധികൃതർ പറയുന്നു. വള്ളസദ്യ ഏറ്റെടുക്കണമെന്ന നിർദേശം ഹൈകോടതി നൽകിയിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കുന്നു.
അതേസമയം, വള്ളസദ്യ പിടിച്ചെടുക്കാനുള്ള ദേവസ്വം ബോർഡിന്‍റെ ശ്രമമാണ് ഇതിന് പിന്നിലെന്നാണ് പള്ളിയോട സേവാസംഘത്തിന്‍റെ വിലയിരുത്തൽ. ഏകദേശം നാലര കോടിയോളം രൂപയാണ് പള്ളിയോട സേവാസംഘത്തിന് വള്ളസദ്യയിൽ നിന്ന് ലഭിക്കുന്നത്. സദ്യക്കുള്ള പണമടക്കം ചെലവഴിക്കുന്നതും സംഘമാണ്. ഈ പണത്തിൽ നിന്നുതന്നെയാണ് 52 പള്ളിയോടങ്ങൾക്കും ഗ്രാന്റ് അനുവദിക്കുന്നത്. ഉതൃട്ടാതി ജലമേള അടക്കം സംഘടിപ്പിക്കുന്നതും പള്ളിയോടസേവാ സംഘമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.