‘പ്രിയ അനുജാ, വിട!’ -എൻ.എസ്.എസ് സംസ്ഥാന പ്രോഗ്രാം ഓഫിസറുടെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് മന്ത്രി ബിന്ദു

തിരുവനന്തപുരം: എൻ.എസ്.എസ് സംസ്ഥാന പ്രോഗ്രാം ഓഫിസർ അൻസാറിന്റെ (47) അകാലവിയോഗത്തിൽ ദുഃഖം പങ്കുവെച്ച് മന്ത്രി ആർ. ബിന്ദു. ‘ദിശാബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ കർമ്മനിരതനായ്, കഠിനാധ്വാനിയായി എൻ.എസ്.എസിനെ നയിച്ച പ്രിയപ്പെട്ട അൻസാർ, സ്നേഹപൂർണ്ണമായ വാക്കുകൾ, പെരുമാറ്റം.... പ്രിയ അനുജാ,വിട! അശ്രുപുഷ്പങ്ങളാൽ സ്നേഹാഞ്ജലി..’ -മന്ത്രി അനുസ്മരണക്കുറിപ്പിൽ എഴുതി. ഇന്ന് രാവിലെ 10 മണിക്ക് കൊട്ടാരക്കര അമ്പലംകുന്ന് ചെമ്പൂർ മുസ്‍ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിലാണ് ഖബറടക്കം.

കേരള നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാമുകള്‍ക്കായി കേരളം മുഴുവന്‍ അങ്ങോളമിങ്ങോളം ഓടിനടന്ന ഓഫിസറായിരുന്നു അന്‍സാര്‍ എന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു. ‘വല്ലാത്ത സങ്കടം തോന്നുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഞങ്ങൾ ഇരിങ്ങാലക്കുടയിലെ എൻ.എസ്.എസുകാർക്ക് ഒരു കുടുംബാംഗമായിരുന്നു അൻസർ സർ. തൃശ്ശൂരിൽ എത്തിയാൽ ഞങ്ങളെ വിളിക്കും. ഒപ്പം കൂട്ടി നടക്കും. രാത്രി ഞങ്ങൾ ട്രെയിൻ കയറ്റി വിട്ടിട്ടേ തിരിച്ചു പോകാറുള്ളൂ. ഇനി എല്ലാം ഓർമ്മകൾ മാത്രം...’ -മന്ത്രിയുടെ കുറിപ്പിന് താഴെ മറ്റൊരു സഹപ്രവർത്തകൻ കുറിച്ചു.

‘എൻ.എസ്.എസിന് പുതിയ ദിശാബോധം നൽകി. കേരളം മുഴുവൻ അങ്ങോളമിങ്ങോളം എൻ.എസ്.എസിന്റെ പ്രവർത്തനങ്ങൾക്കായി ഓടി നടന്നു. വിശ്രമമില്ലാതെ പ്രവർത്തിച്ച സാറിന്റെ അപ്രതീക്ഷിത വേർപാട് തീരാ നഷ്ടം. പ്രോഗ്രാം ഓഫിസർമാരുടെ റീജിയണൽ തല മീറ്റിലും പ്രിസം ക്യാമ്പിലും ഈ അടുത്ത് രണ്ട് തവണ സർ കോഴിക്കോട് എത്തി. കഴിഞ്ഞ മാസം തിരുവനന്തപുരം സാറിനെറ ഓഫിസിൽ ചെന്ന് കണ്ടപ്പോൾ കോഴിക്കോടുള്ള എൻ.എസ്.എസ് പ്രോഗ്രാമിന് ക്ഷണിച്ചതായിരുന്നു, വരാമെന്ന് ഉറപ്പും പറഞ്ഞതാ...’ -രതീഷ് തെ​ക്കേടത്ത് എന്ന അധ്യാപകൻ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് അനുസ്മരിച്ചു.

Tags:    
News Summary - NSS State Program Officer ansar passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.