ന്യൂഡൽഹി: ബി.ജെ.പിക്കകത്തെ ശക്തമായ പ്രതിപക്ഷവും രൂക്ഷവിമർശകനുമായിരുന്നു ഇന്നലെ അന്തരിച്ച ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. പാർട്ടികൾ പലത് മാറിയെങ്കിലും സത്യപാൽ മാലിക് എന്നും വിമതത്വം സൂക്ഷിച്ചിരുന്നു. പറയാനുള്ളത് വെട്ടിത്തുറന്ന് പറയുന്ന രീതി അദ്ദേഹത്തിന് ശത്രുക്കളെയുണ്ടാക്കി.
2019ലെ പുൽവാമ ഭീകരാക്രമണം പൂർണമായും ഇന്റലിജൻസ് പാളിച്ചയാണെന്ന് 2023ൽ അദ്ദേഹം വെളിപ്പെടുത്തി. ജവാന്മാരെ കൊണ്ടുപോകാൻ കോപ്റ്റർ അനുവദിക്കണമെന്ന സി.ആർ.പി.എഫ് അഭ്യർഥന ആഭ്യന്തര മന്ത്രാലയം തള്ളിയെന്നും ഈ കാര്യങ്ങളിൽ നിശബ്ദനാകാൻ തന്നോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി.
1974ൽ ആദ്യമായി യു.പി നിയമസഭയിലേക്ക് ബാഘ്പതിൽനിന്ന് ചൗധരി ചരൺസിങ്ങിന്റെ ഭാരതീയ ക്രാന്തി ദൾ ടിക്കറ്റിൽ മത്സരിച്ചാണ് പാർലമെന്ററി രാഷ്ട്രീയത്തിലെത്തിയത്. അന്ന് തോൽപിച്ചത് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയെ ആയിരുന്നെങ്കിലും മനസ്സിൽ എന്നും മണ്ണിൽ പണിയെടുക്കുന്നവരോടുള്ള അടുപ്പം സൂക്ഷിച്ചു. അതാണ് കർഷക സമരകാലത്തും അദ്ദേഹം പ്രകടിപ്പിച്ചത്.
2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു -കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ആ ദിനത്തിന്റെ ആറാം വാർഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ മരണം. ഗവർണർ പദവി വിട്ടശേഷം മാലിക് കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കുന്നതാണ് കണ്ടത്. കർഷകരെ അവഹേളിച്ച് തിരിച്ചയക്കാനാകില്ലെന്നും 600 പേർ മരണം വരിച്ച ഇത്രയും വലിയൊരു സമരം രാജ്യം കണ്ടിട്ടില്ലെന്നും അദ്ദേഹം കർഷക സമരത്തെക്കുറിച്ച് പറഞ്ഞു. വിഷയത്തിൽ കേന്ദ്രത്തിന്റെ നിശബ്ദതയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ പ്രതികരണമാണ് ജമ്മു-കശ്മീർ മുൻ ഗവർണറായ സത്യപാൽ മലിക് നടത്തിയത്. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സൈനികരുടെ മൃതദേഹം കൊണ്ടാണ് ബി.ജെ.പി പൊരുതിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ആൽവാറിൽ നടന്ന പൊതുചടങ്ങിലായിരുന്നു കേന്ദ്രത്തിനെതിരെ സത്യപാൽ മലിക്കിന്‍റെ വിമർശനം.
‘‘2019 ലോക്സഭ തെരഞ്ഞെടുപ്പിൽ നമ്മുടെ സൈനികരുടെ മൃതദേഹം കൊണ്ടാണ് പൊരുതിയത്. ഒരു അന്വേഷണവും നടന്നില്ല. അന്വേഷണം നടന്നിരുന്നെങ്കിൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിങ് രാജിവെക്കേണ്ടി വരുമായിരുന്നു. നിരവധി ഉദ്യോഗസ്ഥരെ ജയിലിൽ അടക്കേണ്ടി വരുമായിരുന്നു, വലിയ വിവാദം തന്നെ ഉണ്ടാകും’’ - സത്യപാൽ മലിക് ആരോപിച്ചു.
പുൽവാമ ദുരന്തം നടക്കുമ്പോൾ സത്യപാൽ മലിക് ആയിരുന്നു ജമ്മു-കശ്മീർ ഗവർണർ. ‘പുൽവാമ ആക്രമണം നടന്ന 2019 ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിം കോർബറ്റ് നാഷനൽ പാർക്കിൽ ഷൂട്ടിങ്ങിലായിരുന്നു. അതു കഴിഞ്ഞെത്തിയപ്പോൾ അദ്ദേഹത്തെ ഞാൻ വിളിച്ചു. നമ്മുടെ സൈനികർ കൊല്ലപ്പെട്ടെന്നും നമ്മുടെ വീഴ്ച കൊണ്ടാണ് അത് സംഭവിച്ചതെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ മൗനം പുലർത്താനായിരുന്നു അദ്ദേഹത്തിന്‍റെ നിർദേശം’ -സത്യപാൽ മലിക് വ്യക്തമാക്കി.
‘ദ വയറി’ന് വേണ്ടി കരൺ ഥാപറിന് നൽകിയ അഭിമുഖത്തിലും ഇതേക്കാൾ രൂക്ഷമായ ആരോപണങ്ങൾ സത്യപാൽ ഉന്നയിച്ചിരുന്നു. പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടത് സുരക്ഷ വീഴ്ച കാരണമാണെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇക്കാര്യം പുറത്തുമിണ്ടരുത് എന്നായിരുന്നു നിർദേശമെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷ പാളിച്ചയെക്കുറിച്ച് മിണ്ടരുതെന്ന് ദേശീയ സുരക്ഷ ഉപദേശകൻ അജിത് ഡോവലും ഉപദേശിച്ചതായും മുൻ ബി.ജെ.പി നേതാവായ മലിക് പറഞ്ഞു. ‘സംഭവം നടന്ന ദിവസം വൈകീട്ട് ഉത്തരാഖണ്ഡിലെ കോർബറ്റ് ദേശീയോദ്യാനത്തിൽ ഫോട്ടോ ഷൂട്ടിലായിരുന്ന മോദിയുമായി ഞാൻ സംസാരിച്ചിരുന്നു. നമ്മുടെ തെറ്റാണ് ഭീകരാക്രമണത്തിന് കാരണമായതെന്നും ജവാന്മാരെ വിമാനത്തിൽ കൊണ്ടുപോയിരുന്നെങ്കിൽ ആക്രമണം ഒഴിവാക്കാമായിരുന്നെന്നും മോദിയോട് ഫോണിൽ പറഞ്ഞു. ഇക്കാര്യം ഇപ്പോൾ മിണ്ടരുതെന്നായിരുന്നു മോദിയുടെ നിർദേശം. മിണ്ടാതിരിക്കണമെന്ന് തന്റെ സഹപാഠി കൂടിയായിരുന്ന അജിത് ഡോവലും പറഞ്ഞു. കുറ്റം മുഴുവൻ പാകിസ്‍താനെതിരെയാകുമെന്ന് മനസ്സിലാക്കിയ ഞാൻ നിശ്ശബ്ദത പാലിച്ചു’ -സത്യപാൽ മലിക് വെളിപ്പെടുത്തി.
ആയിരത്തോളം ജവാന്മാരെ റോഡിലൂടെ വാഹനവ്യൂഹത്തിൽ കൊണ്ടുപോകുന്നതിന് പകരം സി.ആർ.പി.എഫ് അധികൃതർ വിമാനം ആവശ്യപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യം തള്ളിയെന്നും മലിക് പറഞ്ഞു. ‘അഞ്ചു വിമാനങ്ങളാണ് ആവശ്യപ്പെട്ടത്. തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ സൗകര്യമൊരുക്കിക്കൊടുക്കുമായിരുന്നു. ആഭ്യന്തരമന്ത്രാലയവും സി.ആർ.പി.എഫും പുൽവാമ സംഭവത്തിൽ തികഞ്ഞ അശ്രദ്ധ കാണിച്ചു. സി.ആർ.പി.എഫ് വാഹനവ്യൂഹത്തിൽ ഇടിച്ചുകയറ്റാനായി പാകിസ്താനിൽനിന്നെത്തിയ കാർ 300 കിലോ ആർ.ഡി.എക്സുമായി 15 ദിവസത്തോളം ആരും തിരിച്ചറിയാതെ കശ്മീരിൽ കറങ്ങിയത് സുരക്ഷാവീഴ്ചയുടെ പ്രധാന ഉദാഹരണമാണ്. പുൽവാമ ഭീകരാക്രമണത്തിന്റെ മുഴുവൻ സത്യങ്ങളും പുറത്തുവരാൻ സർക്കാറിന് താൽപര്യമില്ലായിരുന്നു. യഥാർഥ കാരണമന്വേഷിക്കാതെ മറ്റാരേയോ കുറ്റപ്പെടുത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാനായിരുന്നു ശ്രമം’ - സത്യപാൽ മാലിക് ആരോപിച്ചു. 2017ൽ ബിഹാറിൽ ഗവർണറായി ചുമതലയേറ്റ ഇദ്ദേഹം പിന്നീട് ജമ്മു-കശ്മീരിലും ഗോവയിലും മേഘാലയയിലും ഈ പദവിയിലുണ്ടായിരുന്നു.
2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ 40 ജവാന്മാർക്ക് ജീവൻ നഷ്ടമായത്. കേന്ദ്ര റിസർവ് പൊലീസ് സേനയിലെ 2500ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണം.
ദേശീയപാത 44ൽ അവന്തി പുരക്കടുത്ത് സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ വാൻ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 40 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറുമുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ആക്രമണത്തിന്റെ 12-ാം ദിനം പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തിൽ തകർത്തിരുന്നു.
ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സത്യപാൽ മലിക്കിനെ റിലയൻസ് ജനറൽ ഇൻഷുറൻസ് അഴിമതിക്കേസിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തി സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ജമ്മു കശ്മീർ ഗവർണറായിരിക്കേ വ്യവസായി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായുള്ള കരാർ മലിക് റദ്ദാക്കിയിരുന്നു. ജമ്മു കശ്മീർ സർക്കാർ ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിൽ റിലയൻസ് ജനറൽ ഇൻഷുറൻസിനൊപ്പം ട്രിനിറ്റി റീഇൻഷുറൻസ് ബ്രോക്കേർസിന്റെയും പേരുകൾ സി.ബി.ഐയുടെ എഫ്.ഐ.ആറിൽ ഉണ്ടായിരുന്നു. ഇൻഷുറൻസ് പദ്ധതിയിൽ അഴിമതി നടന്നെന്ന മലിക്കിന്റെ ആരോപണത്തെ തുടർന്നായിരുന്നു സി.ബി.ഐയുടെ നടപടി. 3.5 ലക്ഷം ജീവനക്കാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പദ്ധതി 2018 സെപ്തംബറിൽ കൊണ്ടുവന്നെങ്കിലും ഒരു മാസത്തിനുള്ളിൽ മാലിക് ഇത് റദ്ദാക്കുകയായിരുന്നു. കരാർ റദ്ദാക്കണമെന്ന് സർക്കാർ ജീവനക്കാർ തന്നെ ആവശ്യപ്പെട്ടിരുന്നതായും ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചതിലൂടെ അഴിമതി നടന്നതായി കണ്ടെത്തിയെന്നും തുടർന്ന് കരാറുകൾ റദ്ദാക്കുകയുമായിരുന്നുവെന്നും മലിക് പറഞ്ഞിരുന്നു.
ബിജെപിയുടെ മുൻ ദേശീയ ഉപാധ്യക്ഷനായിരുന്നു സത്യപാൽ മാലിക്. മുൻ കേന്ദ്രമന്ത്രിയായ ഇദ്ദേഹം രണ്ടുതവണ രാജ്യസഭാംഗം കൂടിയായിരുന്നു. 1971 ല്‍ ഭാരതീയ ക്രാന്തി ദള്‍ പ്രതിനിധിയായി ഉത്തര്‍ പ്രദേശിലെ ഭാഗ്പത്തില്‍ നിന്നുള്ള എം.എല്‍.എ. 1984ല്‍ കോണ്‍ഗ്രസ് സീറ്റില്‍ രാജ്യ സഭാംഗം. പക്ഷേ മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ബോഫോഴ്‌സ് കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജിവെയ്ക്കേണ്ടിവന്നു. 1988ല്‍ വി.പി സിങ്ങ് നേതൃത്വം നല്‍കുന്ന ജനതാദളിന്റെ ഭാഗമായി, 1989ല്‍ അലിഗഡില്‍ നിന്നും എം.പിയായി. 1990 ഏപ്രില്‍ 21 മുതല്‍ നവംബര്‍ 10 വരെ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയുമായിരുന്നു അദ്ദേഹം.
റാം മനോഹര്‍ ലോഹ്യയുടെ രാഷ്ടീയത്തില്‍ ആകൃഷ്ടനായി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് സത്യപാല്‍ മാലിക് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. മീററ്റ് സര്‍വകലാശാലയിലെ സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി നേതാവില്‍ തുടങ്ങി ഇന്ത്യൻ നാഷണൻ കോൺഗ്രസ്സിലെത്തുകയും പിന്നീട് ബി.ജെ.പിയിൽ ഉന്നത സ്ഥാനങ്ങള്‍ ഉള്‍പ്പെടെ വഹിച്ച ശേഷമാണ് ബീഹാർ, ജമ്മു കശ്മീർ ഗവര്‍ണര്‍ പദവിയിലേക്ക് എത്തുന്നത്.
15 വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ലാണ് ബിജെപി പാളയത്തിലെത്തുന്നത്. വീണ്ടും ലോക്‌സഭയിലേക്ക് മല്‍സരിച്ചെങ്കിലും മുന്‍ പ്രധാനമന്ത്രി ചരണ്‍സിങ്ങിന്റെ പുത്രന്‍ അജിത്ത് സിങിനോട് പരാജയപ്പെട്ടു. പക്ഷേ, സുപ്രധാന പദവികള്‍ നല്‍കി പാര്‍ട്ടി അദ്ദേഹത്തെ കൂടെനിര്‍ത്തി. ബി.ജെ.പി കിസാന്‍ മോര്‍ച്ചയുടെ ചുമതലയുള്ളപ്പോഴാണ് 2017 ഒക്ടോബര്‍ 4 ന് ബിഹാര്‍ ഗവര്‍ണറായി സത്യപാല്‍ മാലിക് നിയമിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.