മുംബൈ: പ്രഫഷനൽ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെറ്ററൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്ന കാര്യം സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് അറിയിച്ചത്.
രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി 22 ടെസ്റ്റുകളും 16 ഏകദിനങ്ങളും 10 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്നു ഫോർമാറ്റിലുമായി 156 വിക്കറ്റുകൾ നേടി. 2003ൽ ബംഗ്ലാദേശിനെതിരെ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലൂടെയാണ് അമിത് മിശ്ര രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് അരങ്ങേറ്റത്തിനായി പിന്നെയും അഞ്ചു വർഷം കാത്തിരുന്നു. 2008ൽ മൊഹാലിയിൽ ആസ്ട്രേലിയക്കെതിരെയാണ് ആദ്യ ടെസ്റ്റ് കളിക്കുന്നത്. മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടി അരങ്ങേറ്റം ഗംഭീരമാക്കി. 2013ൽ സിംബാബ്‌വെയിൽ നടന്ന അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ 18 വിക്കറ്റുകൾ വീഴ്ത്തി, ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളർമാരുടെ പട്ടികയിൽ ജവഗൽ ശ്രീനാഥിന്റെ ലോക റെക്കോർഡിനൊപ്പം എത്തി.
2017ലാണ് അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്നു. 2024 ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനുവേണ്ടി കളിച്ചതാണ് അവസാന കോപറ്റേറ്റീവ് ടൂർണമെന്‍റ്. ഐ.പി.എല്ലിൽ 161 മത്സരങ്ങളിൽനിന്നായി 174 വിക്കറ്റുകൾ നേടി. ഐ.പി.എൽ ചരിത്രത്തിൽ മൂന്നു ഹാട്രിക്കുകൾ നേടിയ ഒരേയൊരു ബൗളറാണ്. താരത്തെ തുടർച്ചയായി പരിക്കുകൾ വേട്ടയാടിയിരുന്നു. യുവാക്കൾക്ക് അവസരം നൽകാനാണ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതെന്ന് മിശ്ര പറഞ്ഞു.
‘ഇന്ന്, 25 വർഷങ്ങൾക്കുശേഷം, ഞാൻ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നു -എനിക്ക് ആദ്യ പ്രണയം തോന്നിയതും എന്റെ ഗുരുവും ജീവിതത്തിലെ വലിയ സന്തോഷവും ക്രിക്കറ്റായിരുന്നു’ -അമിത് മിശ്ര എക്സിൽ കുറിച്ചു. ക്രിക്കറ്റിലെ ഈ 25 വർഷങ്ങൾ അവിസ്മരണീയമായിരുന്നു. ബി.സി.സി.ഐ, ഹരിയാന ക്രിക്കറ്റ് അസോസിയേഷൻ, സപ്പോർട്ട് സ്റ്റാഫ്, എന്റെ സഹപ്രവർത്തകർ, എന്റെ കുടുംബാംഗങ്ങൾ എന്നിവരോട് അങ്ങേയറ്റം നന്ദിയുള്ളവനാണെന്നും താരം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.