​ഐ.പി.എൽ

ജി.എസ്.ടി പരിഷ്‍കാരം ക്രിക്കറ്റിനേയും ബാധിക്കും; ഐ.പി.എല്ലിന് പാരയാകും

ന്യൂഡൽഹി: ജി.എസ്.ടിയിൽ സമഗ്രപരിഷ്‍കാരം വരുത്തികൊണ്ടുള്ള കേ​ന്ദ്രസർക്കാറിന്റെ തീരുമാനം ക്രിക്കറ്റിനേയും ബാധിക്കും. ഐ.പി.എൽ ഉൾപ്പടെയുള്ള മത്സരങ്ങളെ ആഡംബര നികുതിയായ 40 ശതമാനത്തിന് കീഴിൽ കൊണ്ടു വന്നതോടെ ടിക്കറ്റ് നിരക്ക് ഉയരുന്നതിന് ജി.എസ്.ടി പരിഷ്‍കാരം ഇടയാക്കും.

മുമ്പ് ജി.എസ്.ടിയടക്കം 1280 രൂപയുണ്ടായിരുന്ന ഐ.പി.എൽ മത്സരത്തിലെ ടിക്കറ്റിന് ഇനി മുതൽ 1400 രൂപ നൽകേണ്ടി വരും. 120 രൂപയുടെ വർധനവാണ് ഉണ്ടാവുക. 500 രൂപയുടെ ടിക്കറ്റിന് ഇപ്പോൾ ജി.എസ്.ടിയടക്കം 640 രൂപയാണ് നിരക്കെങ്കിൽ ഇനി അത് 700 രൂപയാകും. 2000 രൂപ അടിസ്ഥാനവിലയുള്ള ടിക്കറ്റിന് ജി.എസ്.ടിയടക്കം ഇപ്പോൾ 2560 രൂപയാണ് ഈടാക്കുന്നത്. ഇത് 2800 ആയി വർധിക്കും.

പുതിയ ജി.എസ്.ടി പരിഷ്‍കാരത്തിൽ ഐ.പി.എല്ലിനെ ആഡംബര വിനോദമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, സാധാരണ ക്രിക്കറ്റ് മത്സരങ്ങളെ ഇതിൽ ഉൾപ്പെടുത്താത്തത് കാരണം ഐ.പി.എല്ലിന്റെ ടിക്കറ്റിന് മാത്രമേ നിരക്ക് വർധിക്കു. മുമ്പ് ഐ.പി.എൽ മത്സരങ്ങൾക്ക് 28 ശതമാനം നികുതി മാത്രമാണ് ചുമത്തിയിരുന്നത്. ഇത് 40 ശതമാനമായാണ് വർധിപ്പിച്ചത്.

ജി.എസ്.ടിയിൽ സമഗ്രമാറ്റം, ഇനി രണ്ട് സ്ലാബുകൾ മാത്രം; നിരവധി ഉൽപന്നങ്ങളു​ടെ വില കുറയും

ന്യൂഡൽഹി: ജി.എസ്.ടിയിൽ സമഗ്രമാറ്റം വരുത്തി കേന്ദ്രസർക്കാർ. ഇനി മുതൽ ജി.എസ്.ടിയിൽ അഞ്ച് ശതമാനം, 18 ശതമാനം എന്നീ രണ്ട് സ്ലാബുകൾ മാത്രമാവും ഉണ്ടാവുക. 12, 28 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകൾ കേന്ദ്രസർക്കാർ ഒഴിവാക്കി. ഇതിനൊപ്പം ചുരുക്കം ചില ഉൽപന്നങ്ങൾക്കായി 40 ശതമാനം എന്ന നികുതിയും കൊണ്ടു വന്നിട്ടുണ്ട്. ഇന്ന് ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് ഇളവുകൾക്ക് അംഗീകാരം നൽകിയത്.

175 ഉൽപന്നങ്ങളുടെ വിലയാവും ജി.എസ്.,ടി മാറ്റത്തിലൂടെ കുറയുക. ടൂത്ത്പേസ്റ്റ്, സോപ്പ്, സോപ്പ് ബാർ, ഷാംപു, ടൂത്ത്ബ്രഷ്, സൈക്കിൾ, ടേബിൾമാറ്റ്, കിച്ചൺവെയർ തുടങ്ങി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങളുടെയെല്ലാം ജി.എസ്.ടി അഞ്ച് ശതമാനമാക്കി.എ.സി, 32 ഇഞ്ചിന് മുകളിലുള്ള ടിവി, ഡിഷ വാഷിങ് മെഷ്യൽ, ചെറിയ കാറുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. പാൻമസാല, പുകയില ഉൽപന്നങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, 350 സി.സിക്ക് മുകളിലുള്ള മോട്ടോർ ബൈക്കുകൾ എന്നിവക്ക് 40 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്.

ഇതിനൊപ്പം ചില ഉൽപന്നങ്ങളുടെ നികുതി പൂജ്യം ശതമാനമായി കുറച്ചിട്ടുണ്ട്. പനീർ, വെണ്ണ, ചപ്പാത്തി, കടല, ലൈഫ് ഇൻഷൂറൻസ്, ഹെൽത്ത് ഇൻഷൂറൻസ് എന്നിവക്കും ഇനി നികുതിയുണ്ടാവില്ല.സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പരിഷ്കാരം മൂലം വലിയ നഷ്ടമുണ്ടാകുമെന്ന് 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗ ചർച്ചയിൽ പ​ങ്കെടുത്ത പ്രതിപക്ഷ ധനമന്ത്രിമാർ ചൂണ്ടിക്കാട്ടി.

ഒരു പഠനവും നടത്താതെയാണ് കേന്ദ്രം പരിഷ്കരണത്തിനൊരുങ്ങുന്നതെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നടപടി നിമിത്തം കേരളത്തിന് 8000 കോടി രൂപയുടെ നഷ്ടമുണ്ടാകും. ഇത് നികത്താനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു. നികുതി പരിഷ്കരണത്തിലൂടെ സംസ്ഥാനങ്ങളുടെ വരുമാനം വീണ്ടും കുറയുമെന്നാണ് ആശങ്ക.

കഴിഞ്ഞദിവസം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിൽ സമാന ആശങ്ക ഉയർന്നിരുന്നു. കേരളത്തിന് പുറമെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ജമ്മു -കശ്മീരും ബംഗാളും കർണാടകയും തമിഴ്നാടുമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പരിഷ്കരണത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

Tags:    
News Summary - How the revised structure and reforms will impact cricket and the IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.