ആലപ്പി റിപ്പിൾസിനെതിരെ 110 റൺസിന്റെ ജയം; റോയലായി മടങ്ങി ട്രിവാൻഡ്രം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരിൽ ട്രിവാൻഡ്രം റോയൽസിന് വിജയം. ആലപ്പി റിപ്പിൾസിനെ 110 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് ഓപണർമാരായ കൃഷ്ണപ്രസാദിന്‍റെയും (90) വിഷ്ണുരാജിന്‍റെയും (60) ബാറ്റിങ് മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ റിപ്പിൾസിന് 17 ഓവറിൽ 98 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഓപണർ ആകർഷ് എ.കെ (55) ഒഴികെ മറ്റാർക്കും റോയൽസിന്‍റെ ബൗളർമാരോട് മുട്ടിനിൽക്കാനായില്ല.

ആലപ്പി നിരയിൽ എട്ട് ബാറ്റർമാർക്ക് രണ്ടക്കം കണാനായില്ല. നാലോവറിൽ 18 റൺസ് വഴങ്ങി നാലുവിക്കറ്റെടുത്ത അഭിജിത്ത് പ്രവീണിന്‍റെ ബൗളിങ്ങാണ് ആലപ്പി ചുണ്ടന്‍റെ നടുഭാഗം തകർത്തത്. റോയൽസിനോട് ആലപ്പി തോറ്റതോടെ 10 പോയന്‍റുള്ള കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും കൊച്ചിക്കൊപ്പം സെമി‍യിൽ കയറി.

ലീഗിലെ അവസാന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽസിന് നായകൻ കൃഷ്ണപ്രസാദ്-വിഷ്ണുരാജ് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 154 റൺസാണ് അടിച്ചെടുത്തത്. 16 ാം ഓവറിൽ സെഞ്ച്വറിക്ക് 10 റൺസ് അകലെ കൃഷ്ണപ്രസാദിനെ വിക്കറ്റിന് മുന്നിൽ കുരുക്കി ശ്രീഹരി എസ് നായരാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ വിഷ്ണുരാജിനെ രാഹുൽ ചന്ദ്രനും മടക്കിയതോടെ രണ്ടിന് 155 എന്ന നിലയിലായി റോയൽസ്.

അബ്ദുൽ ബാസിത്ത്(രണ്ട്) അഭിജിത്ത് പ്രവീൺ(പൂജ്യം) എന്നിവർ വന്നപോലെ മടങ്ങിയെങ്കിലും അവസാന ഓവറുകളിൽ സഞ്ജീവ് സതീശനും (12 പന്തിൽ 31) എം.നിഖിലും നടത്തിയ (18*) നടത്തിയ കൂറ്റനടികളാണ് ട്രിവാൻഡ്രത്തെ 200 കടത്തിയത്. ആലപ്പിക്കായി ശ്രീരൂപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഭിജിത്ത് പ്രവീണാണ് കളിയിലെ താരം.

Tags:    
News Summary - Kerala Cricket League: Trivandrum Royals win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.