വിരാട് കോഹ്ലി

‘ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്...’; ഐ.പി.എൽ വിജയാഘോഷ ദുരന്തത്തിൽ പ്രതികരിച്ച് കോഹ്ലി

മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ (ആർ.സി.ബി) ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ വൈകാരിക കുറിപ്പുമായി സൂപ്പർതാരം വിരാട് കോഹ്ലി.

ജൂൺ നാലിലെ ഹൃദയഭേദകമായ ആ ദുരന്തം ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോഹ്ലി പറഞ്ഞു. ആർ.സി.ബിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് കോഹ്ലിയുടെ പ്രതികരണം. ദുരന്തം നടന്ന് 91ാം ദിവസമാണ് കോഹ്ലി വിഷയത്തിൽ വിശദമായി പ്രതികരിക്കുന്നത്. കിരീട വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞദിവസം ആർ.സി.ബി അറിയിച്ചിരുന്നു. നേരത്തെ. പ്രഖ്യാപിച്ച 10 ലക്ഷത്തിനു പുറമെയാണ് 25 ലക്ഷം കൂടി ആർ.സി.ബി നൽകുന്നത്.

18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർ.സി.ബി കന്നിക്കിരീടമുയർത്തിയതിന്റെ ആവേശത്തിൽ ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപത്തേക്ക് ആയിരക്കണക്കിന് പേർ എത്തിയതാണ് ദുരന്തത്തിന് കാരണമായത്. ‘ഞങ്ങളുടെ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ് ദുരന്തത്തിൽ കലാശിച്ചത്. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തെ കുറിച്ചും പരിക്കേറ്റ ആരാധകരെക്കുറിച്ചുമാണ് ഇപ്പോൾ ചിന്തിക്കുന്നതും പ്രാർഥിക്കുന്നതും. നിങ്ങളുടെ നഷ്ടം ഞങ്ങളുടെ കൂടി ജീവിതത്തിന്‍റെ ഭാഗമാണ്. കരുതലോടെയും ബഹുമാനത്തോടെയും ഉത്തരവാദിത്തത്തോടെയും ഒത്തൊരുമിച്ച് നമുക്ക് മുന്നോട്ട് പോകാം’ -കോഹ്ലി കുറിച്ചു. അപകടത്തിൽ 47 പേർക്ക് പരിക്കേറ്റിരുന്നു.

ആർ.സി.ബി ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവന കോഹ്ലി ദുരന്തത്തിനു തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വാക്കുകൾ കിട്ടുന്നില്ല, തകർന്നുപോയി എന്ന ഒറ്റവരി കുറിപ്പും ഇതോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പണം നൽകുന്നത് സാമ്പത്തിക സഹായമായിട്ടല്ല, മറിച്ച് അനുകമ്പയുടെയും ഐക്യത്തിന്റെയും തുടർച്ചയായ പരിചരണത്തിന്റെയും വാഗ്ദാനമായിട്ടാണെന്നാണ് ആർ.സി.ബി പ്രതികരിച്ചത്. ഒരുതരത്തിലുള്ള സാമ്പത്തിക സഹായവും അവർ വരുത്തിയ വിടവിന് പകരമാകില്ല. പക്ഷേ, ആദ്യഘട്ടമെന്ന നിലയിലും ഏറെ ബഹുമാത്തോടെയുമാണ് ആർ.സി.ബി 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറുന്നതെന്നും ടീം അധികൃതർ വ്യക്തമാക്കി.

ദുരന്തം കർണാടകയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. ദുരന്തത്തിന് കാരണം ഭരണകക്ഷിയായ കോൺഗ്രസാണെന്നാണ് ബി.ജെ.പി കുറ്റപ്പെടുത്തുന്നത്. ദുരന്തം നടക്കുമ്പോൾ ചിന്നസ്വാമി സ്റ്റേഡിയത്തിനകത്ത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നുവെന്നാണ് ബി.ജെ.പി ആരോപണം. സിറ്റി പൊലീസ് കമീഷണർ അഭ്യർഥിച്ചിട്ടാണ് താൻ സ്റ്റേഡിയത്തിലേക്ക് പോയതെന്ന് ശിവകുമാർ കഴിഞ്ഞയാഴ്ച വിശദീകരിച്ചിരുന്നു.

Tags:    
News Summary - Virat Kohli Breaks Silence 91 Days After Bengaluru Stampede Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.