ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിന് പ്രചാരണം; ശിഖര്‍ ധവാനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇ.ഡി

ന്യൂഡൽഹി: നിയമവിരുദ്ധ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).  ന്യൂഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തേക്കാണ് ധവാനെ വിളിപ്പിച്ചിരിക്കുന്നത്. 1xBet എന്ന ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

പ്രാഥമിക അന്വേഷണത്തിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, കള്ളപ്പണ നിരോധന നിയമം എന്നിവയുടെ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആപ്പിൽ നിന്ന് സമ്മാനങ്ങളുടെയടക്കം രൂപത്തിൽ ധവാൻ പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടെന്നും ഇ.ഡി കണ്ടെത്തലുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ്, സമാന കേസിൽ മുൻ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയെയും ഏജൻസി എട്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

നേരത്തെ, റാണാ ദഗ്ഗുപതിയും പ്രകാശ് രാജും ഉള്‍പ്പെടെ 25 സിനിമാ താരങ്ങള്‍ക്കെതിരെ വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ച് തെലങ്കാന പൊലീസും കേസെടുത്തിരുന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതാണ് നടൻമാരും സമൂഹമാധ്യമങ്ങളിലെ താരങ്ങളുമടക്കമുള്ളവർക്ക് കുരുക്കായിരിക്കുന്നത്.

അനധികൃത വാതുവെപ്പ് ആപ്പുകളെ പിന്തുണച്ചിട്ടില്ലെന്നും, നിയമപരമായി അനുവദിച്ച ഓണ്‍ലൈന്‍ സ്‌കില്‍-അധിഷ്ഠിത ഗെയിമുകളെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പല താരങ്ങളും വിശദീകരണം നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ ഗെയിമിങ്ങിന് കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം നിയമനിർമാണം നടത്തിയ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ നടപടി കടുപ്പിക്കുന്നത്.  

Tags:    
News Summary - shikhar dhawan, online betting, 1xbet, enforcement directorate, ed, betting app, cricket, india,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.