ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നടന്നിരുന്നു. സീനിയർ താരം രോഹിത് ശർമയുൾപ്പെടെ എത്തിയ ഫിറ്റ്നസ് ടെസ്റ്റിനായി വിരാട് കോഹ്‌ലി എത്തിയിരുന്നില്ല. സൂപ്പർ താരത്തിന്‍റെ അസാന്നിധ്യം ആരാധകർക്കിടയിൽ ചർച്ചയാകുകയും ചെയ്തു. ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കുടുംബത്തോടൊപ്പം യു.കെയിൽ കഴിയുന്ന കോഹ്‌ലിക്ക് ലണ്ടനിൽ ഫിറ്റ്നസ് ടെസ്റ്റ് എടുക്കാൻ ബി.സി.സി.ഐ പ്രത്യേക അനുമതി നൽകി. ഇതുപ്രകാരം ഫിറ്റ്നസ് ടെസ്റ്റെടുത്ത താരം പാസായെന്നും ദൈനിക് ജാഗരണിലെ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തിന് പുറത്ത് ഫിറ്റ്നസ് പരിശോധനക്ക് വിധേയനായ ഏക കളിക്കാരൻ വിരാട് മാത്രമാണെന്നാണ് റിപ്പോർട്ട്. മറ്റ് കളിക്കാരാരും അത്തരമൊരു ഇളവ് ആവശ്യപ്പെട്ടില്ല. വിരാട് ഇതിനായി അനുമതി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ സമാന അഭ്യർഥനയുമായെത്തുന്ന മറ്റേതെങ്കിലും താരത്തിന് അത്തരമൊരു ഇളവ് നൽകിയേക്കില്ലെന്നും വിരാടിന് പ്രത്യേക പ്രിവിലേജ് നൽകുകയാണെന്നുമുള്ള തരത്തിലാണ് വിമർശനമുയരുന്നത്. കളിക്കാർക്ക് സ്ഥിരമായി പരിക്കേൽക്കുന്ന സാഹചര്യത്തിലാണ് ടൂർണമെന്‍റുകൾക്കും പരമ്പരകൾക്കും മുമ്പ് ഫിറ്റ്നസ് ടെസ്റ്റ് നിർബന്ധമാക്കിയത്.
രോഹിത് ശർമക്കു പുറമെ ശുഭ്മൻ ഗിൽ, മുഹമ്മദ് സിറാജ് ഉൾപ്പെടെ നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന മിക്ക താരങ്ങളും ബംഗളൂരുവിൽ ഫിറ്റനസ് ടെസ്റ്റിനെത്തിയിരുന്നു. ഏഷ്യാകപ്പ് ടൂർണമെന്‍റിനായുള്ള താരങ്ങളും ഇതിലുൾപ്പെടും. ജിതേഷ് ശർമ, പ്രസിദ്ധ് കൃഷ്ണ, ഋതുരാജ് ഗെയ്‌ക്‌വാദ്, അഭിനവ് മനോഹർ, റിങ്കു സിങ്, ആവേശ് ഖാൻ, അക്‌സർ പട്ടേൽ, സൂര്യകുമാർ യാദവ്, രവി ബിഷ്ണോയ്, സഞ്ജു സംസൺ, ശിവം ദുബെ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, മുകേഷ് കുമാർ, ഹാർദിക് പാണ്ഡ്യ, സർഫറാസ് ഖാൻ, തിലക് വർമ, ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ധ്രുവ് ജുറേൽ, ഷാർദുൽ ഠാക്കൂർ, വാഷിങ്ടൺ സുന്ദർ, യശസ്വി ജയ്സ്വാൾ എന്നിവരും ഫിറ്റ്നസ് ടെസ്റ്റെടുത്തു.
രണ്ടാംഘട്ട ഫിറ്റ്നസ് ടെസ്റ്റിന് കെ.എൽ. രാഹുൽ , ആകാശ് ദീപ് , നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജദേജ, ഋഷഭ് പന്ത് എന്നിവർ പങ്കെടുക്കുമെന്ന് റിപ്പോർട്ടുണ്ട്. കളിക്കാരുടെ യോ-യോ സ്കോറുകളുടെ വിലയിരുത്തലും സ്ട്രെങ്ത് ടെസ്റ്റും ഉൾപ്പെട്ടതാണ് ഫിറ്റ്നസ് ടെസ്റ്റ്. യോ-യോ ടെസ്റ്റിനു പുറമെ പുതുതായി ബ്രോങ്കോ ടെസ്റ്റും ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസ് പരിശോധനക്കായി അവതരിപ്പിച്ചിട്ടുണ്ട്. റഗ്ബി പരിശീലനത്തിനു സമാനമായി 20 മീറ്റർ, 40 മീറ്റർ, 60 മീറ്റർ എന്നിങ്ങനെ ഷട്ടിൽ റണ്ണാണ് ബ്രോങ്കോ ടെസ്റ്റിലുള്ളത്.
20 മീറ്റർ ഷട്ടിൽ റണ്ണാണ് ആദ്യത്തേത്. 40 മീറ്ററും 60 മീറ്ററും ഷട്ടിൽ റണ്ണാണ് ഇതിനു ശേഷമുള്ളത്. ഇത്തരത്തിൽ അഞ്ച് സെറ്റ് പൂർത്തിയാക്കണം. ആകെ 1200 മീറ്റർ ഓട്ടം ഇടവേളയില്ലാതെ ആറ് മിനിറ്റിനകം പൂർത്തിയാക്കണം. രണ്ട് കിലോമീറ്റർ ടൈം ട്രയൽ ഫാസ്റ്റ് ബൗളർമാർ എട്ട് മിനിറ്റ് 15 സെക്കൻഡിലും ബാറ്റർമാർ, സ്പിൻ ബൗളർമാർ, വിക്കറ്റ് കീപ്പർമാർ എന്നിവർ എട്ട് മിനിറ്റ് 30 സെക്കൻഡിലും പൂർത്തിയാക്കണം. അതേസമയം 20 മീറ്റർ അകലത്തിലുള്ള മാർക്കറുകൾക്കിടയിലാണ് യോ-യോ ടെസ്റ്റ്. ഓരോ 40 മീറ്ററിലും 10 സെക്കൻഡ് ബ്രേക്കെടുക്കാം. ഇന്ത്യൻ ടീമിന്‍റെ മിനിമം യോ-യോ ലെവൽ 17.1ലാണ് സെറ്റ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.