നാലു വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജ്

49 റൺസിനിടെ എട്ടുവിക്കറ്റ് നഷ്ടം; 131ന് പുറത്തായി ഇംഗ്ലണ്ട്; ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രികക്ക് മിന്നും ജയം

ലീഡ്സ്: ആസ്ട്രേലിയയെ ചുരുട്ടികെട്ടിയതിനു പിന്നാലെ ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയ ദക്ഷിണാഫ്രിക്ക അവിടെയും വിജയഗാഥ തുടരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ ആതിഥേയരെ 131 റൺസിന് ചുരുട്ടികെട്ടിയവർ ഏഴ് വിക്കറ്റ് ജയവുമായി പരമ്പര തുടക്കം ഗംഭീരമാക്കി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആതിഥേയരായ ഇംഗ്ലണ്ടിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപണർമാരായ ജാമി സ്മിത്ത് (54) അർധസെഞ്ച്വറിയുമായി ടീമിന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നടിഞ്ഞു. 14ാം ഓവറിൽ രണ്ടിന് 82 റൺസ് എന്ന നിലയിൽ ഭേദ​പ്പെട്ട നിലയിൽ സ്കോറിങ് പുരോഗമിക്കുന്നതിനിടിയെടാണ് ശീട്ടുകൊട്ടാരം പോലെ മധ്യനിരയും വാലറ്റവും തകർന്നടിഞ്ഞത്. ശേഷിച്ച 49 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ എട്ട് വിക്കറ്റുകളും നഷ്ടമായി. ഏഴ് പേരാണ് ഒറ്റയക്കത്തിൽ കൂടാരം കയറിയത്.

വിയാൻ മൾഡർ മൂന്നും, കേശവ് മഹാരാജ് നാലും വിക്കറ്റുകളുമായി ഇംഗ്ലീഷ് നിരയെ ക്രീസിൽ നിലയുറപ്പിക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു.

മറുപടി ബാറ്റിങ്ങിൽ, ദക്ഷിണാഫ്രിക്കൻ ഓപണർമാർ വെടിക്കെട്ടുമായി തുടങ്ങി. എയ്ഡൻ മർക്രം (55പന്തിൽ 86 റൺസ്), റ്യാൻ റികൽടൻ (31 നോട്ടൗട്ട്) എന്നിവർ ചേർന്നു തന്നെ ദക്ഷിണാഫ്രിക്കയുടെ വിജയത്തി​ന് അടിത്തറ പാകി. 121 റൺസിലെത്തിയപ്പോഴാണ് ദക്ഷിണാഫ്രികക്ക് ആദ്യ വിക്കറ്റ് ന്ടമായത്. വിജയത്തിലേക്ക് പത്ത് റൺസ് ദൂരത്തിലിരിക്കെ മർക്രം പുറത്തായി. പിന്നാലെ, ക്യാപ്റ്റൻ തെംബ ബവുമ (6), ട്രിസ്റ്റൻ സ്റ്റബ്സ് (0) എന്നിവരും പുറത്തായെങ്കിലും അധികം വൈകാതെ തന്നെ വിജയവുമെത്തി.

24.3 ഓവറിൽ ഇംഗ്ലണ്ട് 131 റൺസിന് പുറത്തായപ്പോൾ, ദക്ഷിണാഫ്രിക്ക 20.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 137 റൺസുമായി വജയം കുറിച്ചു.

ഇംഗ്ലീഷ് നിരയിൽ ബെൻ ഡക്കറ്റ് (5), ജോ റൂട്ട് (14),ഹാരി ബ്രൂക് (12), ജോസ് ബട്‍ലർ (15), ജേകബ് ബിഥൽ (1), വിൽ ജാക്സ് (7), ബ്രയ്ഡൻ കാഴ്സ് (3 നോട്ടൗട്ട്), ​ജൊഫ്ര ആർച്ചർ (0), ആദിൽ റാഷിദ് (9), സോണി ബാകർ (0) എന്നിങ്ങനെയാണ് ഇംഗ്ലീഷുകാരുടെ സംഭാവന.

പരമ്പരയിലെ രണ്ടാം ഏകദിനം വ്യാഴാഴ്ച നടക്കും. 

Tags:    
News Summary - England thrashed by South Africa with 175 balls to spare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.