ഡാർവിൻ: ആസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കയുടെ യുവതാരം ഡെവാൾഡ് ബ്രെവിസ്. 41 പന്തിൽ സെഞ്ച്വറി കുറിച്ച ഈ 22കാരൻ, 56 പന്തിൽ 125 റൺസുമായി പുറത്താകാതെ നിന്നു. എട്ടു സിക്സും 12 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്.
താരത്തിന്‍റെ ബാറ്റിങ് കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു.
അന്താരാഷ്ട്ര ട്വന്‍റി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കൻ താരമായി ബ്രെവിസ്. ട്വന്‍റി20 മത്സരത്തിൽ ഒരു ദക്ഷിണാഫ്രിക്കൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഓസീസ് മണ്ണിൽ യുവതാരം കുറിച്ചത്. ഫാഫ് ഡുപ്ലെസിസിന്‍റെ (119 റൺസ്) റെക്കോഡാണ് മറികടന്നത്. ഒരു പ്രോട്ടീസ് താരത്തിന്‍റെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറി കൂടിയാണിത്. ഇന്ത്യൻ താരം ഋതുരാജ് ഗെയ്ക്‌വാദിന്‍റെ റെക്കോഡും ബ്രെവിസ് മറികടന്നു. ട്വന്‍റി20 ക്രിക്കറ്റ് ചരിത്രത്തിൽ ഓസീസിനെതിരെ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ബ്രെവിസ് സ്വന്തമാക്കിയത്. 2023ൽ ഗുവാഹത്തിയിൽ കംഗാരുക്കൾക്കെതിരെ ഗെയ്ക്‌വാദ് പുറത്താകാതെ 123 റൺസ് നേടിയിരുന്നു.
നേരത്തെ, ടോസ് നേടിയ ഓസീസ് പ്രോട്ടീസിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഒരുഘട്ടത്തിൽ 6.5 ഓവറിൽ 57 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. നായകൻ എയ്ഡൻ മാർക്രം (13 പന്തിൽ 18), റയാൻ റിക്കൾട്ടൺ (10 പന്തിൽ 14), പ്രെട്ടോറിയസ് (10 പന്തിൽ 10) എന്നിവരാണ് പുറത്തായത്. നാലാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റ്ബ്സിനെ കൂട്ടുപിടിച്ച് ബ്രെവിസ് നടത്തിയ വെടിക്കെട്ടാണ് ടീമിനെ വമ്പൻ സ്കോറിലെത്തിച്ചത്. 126 റൺസാണ് ഇരുവരും അടിച്ചെടുത്തത്.
സ്റ്റബ്സ് 22 പന്തിൽ 31 റൺസെടുത്തു. റസീ വാൻ ഡർ ഡസ്സൻ (മൂന്നു പന്തിൽ അഞ്ച്), കോർബിൻ ബോഷ് (പൂജ്യം), കഗിസോ റബാദ (നാലു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഓസീസിനായി ഗ്ലെൻ മാക്സ്വെൽ, ബെൻ ദ്വാർഷുയിസ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിൽ നിലവിൽ ഓസീസ് 8.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുത്തിട്ടുണ്ട്. 21 പന്തിൽ 43 റൺസുമായി ടീം ഡേവിഡും നാലു പന്തിൽ എട്ടു റൺസുമായി മാക്സ്വെല്ലുമാണ് ക്രീസിൽ. മിച്ചൽ മാർഷ് (13 പന്തിൽ 22), ട്രാവിസ് ഹെഡ്ഡ് (എട്ടു പന്തിൽ അഞ്ച്), കാമറൂൺ ഗ്രീൻ (ഏഴു പന്തിൽ ഒമ്പത്) എന്നിവരാണ് പുറത്തായത്. ആദ്യ ട്വന്‍റി20 മത്സരത്തിൽ ഓസീസ് 17 റൺസിന് ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.