ബംഗളൂരു: കഴിഞ്ഞു മാസങ്ങളിലെ സംഭവവികാസങ്ങളെല്ലാം കൂട്ടുകാർ ഒരുക്കിയ പ്രാങ്കാണോ അതോ, സത്യമോ എന്നറിയാതെ മൂക്കത്ത് വിരൽവെച്ചിരിപ്പാണ് ഛത്തീഗ്ഡുകാരൻ മനിഷ് ബിസി. കഴിഞ്ഞ ജൂലായ് മുതലുള്ള ദിവസങ്ങളിൽ മനിഷിന്റെ ഫോണിലെ കാളർ ഐഡി കാണിച്ച പേരുകൾ കണ്ടാൽ ആരും അന്തം വിടം.. സാക്ഷാൽ വിരാട് കോഹ്‍ലി മുതൽ എബി ഡിവില്ലിയേഴ്സും യാഷ് ദയാലും വരെയുള്ള ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾ. സുഹൃത്തുക്കളുടെ പ്രാങ്കാണോയെന്നായിരുന്നു ചത്തിസ്ഗഡിലെ ഉൾപ്രദേശമായ ഗരിയാബന്ദിലെ മഡ്ഗോൺ ഗ്രാമത്തിൽ നിന്നുള്ള ഈ 21 കാരന്റെ സംശയം. ഒടുവിൽ പൊലീസ് തേടിയെത്തിയപ്പോഴാണ് സിനിമാകഥപോലെ സംഭവിച്ച കാര്യങ്ങളുടെ ചുരുളഴിയുന്നത്.
കഴിഞ്ഞ ജൂൺ അവസാനത്തിലായിരുന്നു മനിഷ് പുതിയ മൊബൈൽ സിം കണക്ഷൻ എടുത്തത്. ഒരാഴ്ച കഴിഞ്ഞപ്പോൾ കൂട്ടുകാരുടെ സഹായത്തോടെ മൊബൈലിൽ വാട്സാപും ഇൻസ്റ്റാൾ ചെയ്തു സജീവമാക്കി. അപ്പോൾ തെളിഞ്ഞത് ഡി.പിയിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ നായകൻ രജത് പാടിദാറുടെ ചിത്രം. ആദ്യം തന്നെ എന്തോ പന്തികേട് തോന്നിയെങ്കിലും ഒരു താമശയായി കരുതി. ഏതാനും ദിവസത്തിനുള്ളിൽ വിരാട് കോഹ്‍ലിയും ഡിവില്ലിയേഴ്സും ആണെന്ന് പറഞ്ഞ് ഫോൺ വിളികൾ വരാൻ തുടങ്ങി. ‘രജത്..’ എന്ന് വിളിച്ചുകൊണ്ട് വാട്സാപ്പ് സന്ദേശവും എത്തിത്തുടങ്ങി. ആദ്യം കരുതിയത് സുഹൃത്തുക്കളുടെ പ്രാങ്കായിരിക്കുമെന്നാണ്. എന്നാൽ, രണ്ടാഴ്ച മനിഷും സുഹൃത്തുകളും സന്ദേശങ്ങൾക്ക് മറുപടി പറഞ്ഞു. ആദ്യമൊക്കെ ആസ്വദിച്ചെങ്കിലും തുടർച്ചയായ ഫോൺ വിളികൾ ശല്യമായി മാറാനും തുടങ്ങി. ‘രജത്...’ വിളിയോടെയുള്ള ഫോണിന് ചിലപ്പോൾ ‘ഞാൻ എം.എസ് ധോണി’ എന്ന് പോലും മനീഷ് മറുപടി പറഞ്ഞു. മറുതലക്കൽ ഒറിജിനൽ സൂപ്പർ താരങ്ങളെന്നറിയാതെയായിരുന്നു ഈ ഗ്രാമീണ യുവാവിന്റെ മറുപടി. ഒടുവിൽ ‘ഞാൻ രജത് പടിദാർ...’ എന്നു തുടങ്ങുന്ന വിളിയും ആ നമ്പറിലേക്ക് വന്നു. ജൂലായ് 15നായിരുന്നു രജത് വിളിച്ചത്. നേരത്തെ താൻ ഉപയോഗിച്ച നമ്പറാണിതെന്നും, കോച്ചുമാരും ടീം അംഗങ്ങളും ഉൾപ്പെടെ എല്ലാവരുമായി ബന്ധം നിലനിർത്തിയ നമ്പറാണിതെന്നും ഉൾപ്പെടെ പ്രധാന്യം ബോധ്യപ്പെടുത്തിയെങ്കിലും അതും മനിഷ് വിശ്വസിച്ചില്ല. ഒറിജിനൽ രജത് പടിദാർ ആണെന്നറിയാണെ ‘ഇത് എം.എസ് ധോണി’ എന്നായി മനീഷിന്റെ മറുപടി.
ഇതോടെ സ്വരം മാറ്റിയ രജത് ‘എങ്കിൽ ഞാൻ പൊലീസിനെ അയക്കാം..’ എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
പിന്നെ, 10 മിനിറ്റേ കാത്തിരിക്കേണ്ടി വന്നുള്ളൂ. മനീഷിനെ തേടി പൊലീസ് വീട്ടിലെത്തി. ഇതോടെയാണ് കഴിഞ്ഞ ആഴ്ചകളിലായി സംഭവിച്ച കാര്യങ്ങളെ കുറിച്ച് യുവാവിന് ബോധ്യമായത്. കാര്യങ്ങൾ വിശദീകരിച്ചതോടെ മൊബൈൽ സിം കാർഡ് പൊലീസിനെ ഏൽപിച്ച് പ്രശ്നങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണ് ഇയാൾ. നമ്പർ രജതിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
രജത് പടിദാറിന്റെ പേരിലുള്ള പഴയ നമ്പർ 90 ദിവസം ഉപയോഗിക്കാതായതോടെ മൊബൈൽ കമ്പനി ദാതാക്കൾ നമ്പർ റദ്ദാക്കുകയും, പിന്നീട് പുതിയ നമ്പറായി അനുവദിക്കുകയും ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇതാണ് മനീഷ് പുതിയ നമ്പറായി സ്വന്തമാക്കി ആക്ടീവ് ചെയ്ത് കുടുങ്ങിയത്.
കടുത്ത വിരാട് കോഹ്‍ലി ആരാധകനായ മനിഷ് ഇപ്പോൾ കുറ്റബോധത്തിലാണ്. തന്റെ ഇഷ്ട താരത്തോട് ആളറിയാതെ സംസാരിച്ചതിന്റെ വേദനയിലാണ് ഈ യുവാവ്. എങ്കിലും തന്റെ ചിലകാല സ്വപ്നം താൻ പോലും അറിയാതെ യാഥാർത്ഥ്യമായതിന്റെ സന്തോഷവും അദ്ദേഹത്തിനുണ്ട്. ഒരു ദിവസം കോഹ്ലിയെ കാണാനുള്ള മോഹവും മനിഷ് മാധ്യമങ്ങളോട് പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.