ഡാർവിൻ: വെടിക്കെട്ട് സെഞ്ച്വറിയുമായി യുവതാരം ഡെവാൾഡ് ബ്രെവിസ് കത്തിക്കയറിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് 53 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. ആതിഥേയർ 17.4 ഓവറിൽ 165ന് എല്ലാവരും പുറത്തായി.
41 പന്തിൽ സെഞ്ച്വറി കുറിച്ച ബ്രെവിസ് 56 പന്തിൽ 125 റൺസുമായി പുറത്താകാതെ നിന്നു. എട്ടു സിക്സും 12 ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. മൂന്ന് മത്സര പരമ്പരയിൽ ഇരു ടീമും 1-1ന് ഒപ്പത്തിനൊപ്പമായി.
അന്താരാഷ്ട്ര ട്വന്റി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കക്കാരനായി ബ്രെവിസ്. ട്വന്റി20യിൽ പ്രോട്ടീസ് താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും കുറിച്ചു. ഫാഫ് ഡുപ്ലെസിസിന്റെ (119) റെക്കോഡാണ് മറികടന്നത്. ഒരുഘട്ടത്തിൽ 6.5 ഓവറിൽ 57 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. നായകൻ എയ്ഡൻ മാർക്രം (13 പന്തിൽ 18), റയാൻ റിക്കൾട്ടൺ (10 പന്തിൽ 14), പ്രെട്ടോറിയസ് (10 പന്തിൽ 10) എന്നിവരാണ് പുറത്തായത്. നാലാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സിനെ കൂട്ടുപിടിച്ച് ബ്രെവിസ് നടത്തിയ വെടിക്കെട്ടാണ് ടീമിനെ വമ്പൻ സ്കോറിലെത്തിച്ചത്. 126 റൺസാണ് ഇരുവരും അടിച്ചെടുത്തത്. സ്റ്റബ്സ് 22 പന്തിൽ 31 റൺസെടുത്തു. 24 പന്തിൽ 50 റൺസടിച്ച ടിം ഡേവിഡാണ് ഓസീസ് ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കക്കായി ക്വേന മഫാകയും കോർബിൻ ബോഷും മൂന്നുവീതം വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.