‘സൈനികർ തിരിച്ചുവരില്ല, പക്ഷേ നമ്മൾ ക്രിക്കറ്റ് കളിക്കും’; ഏഷ്യ കപ്പിൽ ഇന്ത്യ പാകിസ്താനെതിരെ കളിക്കുന്നതിൽ വീണ്ടും ആഞ്ഞടിച്ച് ഹർഭജൻ

മുംബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുൻതാരം ഹർഭജൻ സിങ്. നമ്മുടെ സൈനികർ പാകിസ്താനിൽനിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം അംഗീകരിക്കാനാകില്ലെന്ന് സ്പിന്നർ ഹർഭജൻ വിമർശിച്ചു.

ലെജൻഡ്സ് വേൾഡ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരെ കളിക്കാൻ ശിഖർ ധവാനും യുവരാജ് സിങ്ങും ഉൾപ്പെടെയുള്ള താരങ്ങൾ വിസമ്മതിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്കും ഭീകരതയെ പിന്തുണക്കുന്ന അയൽ രാജ്യത്തിന്റെ നിലപാടിനോടുള്ള പ്രതിഷേധവും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ചാമ്പ്യൻസ് മത്സരങ്ങൾ ബഹിഷ്കരിച്ചത്. ആദ്യഘട്ടത്തിൽ ലീഗ് റൗണ്ടിലും പിന്നാലെ സെമിയിലും പാകിസ്താനെതിരായ കളിയിൽനിന്ന് ഇന്ത്യൻ താരങ്ങൾ പിന്മാറുകയായിരുന്നു.

‘എന്താണ് പ്രധാനമെന്നും അല്ലെന്നും തിരിച്ചറിയാനാകണം. ഇത് വളരെ ലളിതമാണ്. അതിർത്തിയിൽ കാവൽ നിൽക്കുന്ന, കുടുംബത്തിന് പലപ്പോഴും കണാൻ കഴിയാത്ത, ചിലപ്പോൾ ജീവൻ ത്യജിച്ചിട്ടും വീട്ടിലേക്ക് തിരിച്ചെത്താനാകാത്ത സൈനികനാണ് എനിക്ക് വലുത്,

അവരുടെ ജീവത്യാഗം നമുക്കെല്ലാവർക്കും വളരെ വലുതാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് വളരെ ചെറിയ കാര്യമാണ്, ഒരു ക്രിക്കറ്റ് മത്സരം കളിക്കാതിരിക്കുക എന്നത് വളരെ ചെറിയ കാര്യമാണ്’ -ഹർഭജൻ പറഞ്ഞു. നമ്മുടെ സർക്കാറിനും സമാനനിലപാടാണ്. രക്തത്തിനും വിയർപ്പിനും ഒരുമിച്ച് നിലനിൽക്കാനാകില്ല. ഈ പ്രശ്നം പരിഹരിക്കുന്നതുവരെ ക്രിക്കറ്റ് ഒരു ചെറിയ കാര്യം മാത്രമാണെന്നും ഹർഭജൻ പ്രതികരിച്ചു.

‘അതിർത്തിയിൽ, സഹോദരങ്ങളായ സൈനികർ നമ്മളെയും നമ്മുടെ രാജ്യത്തെയും സംരക്ഷിക്കാൻ കാവൽ നിൽക്കുന്നു. അവരുടെ ധൈര്യവും വലിയ മനസ്സും നോക്കൂ. അവർ നാട്ടിലേക്ക് വരാതാകുമ്പോൾ അവരുടെ കുടുംബം അനുഭവിക്കുന്ന വേദന ഒന്നു ഓർത്തുനോക്കൂ. ഇവിടെ നമ്മൾ ക്രിക്കറ്റ് കളിക്കുന്നു’ -ഹർഭജൻ പറഞ്ഞു.

യു.എ.എ വേദിയാകുന്ന ടൂർണമെന്‍റിൽ സെപ്റ്റംബര്‍ 14ന് ദുബൈയിലാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. ആറു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ നാലു ടീമുകൾ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. ഇന്ത്യയും പാകിസ്താനും യോഗ്യത നേടിയാൽ സൂപ്പർ ഫോറിലും ഇരുവരും നേർക്കുനേർ വരും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും. അവിടെയും ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് സാധ്യതയുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് നിർത്തിവെക്കണമെന്ന ആവശ്യം ശക്തമാണ്.

2023 ഏഷ്യാ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. 50 ഓവര്‍ ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്.

Tags:    
News Summary - Harbhajan Singh Blasts BCCI's Asia Cup Stance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.