തിരുവനന്തപുരം: ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയാകുന്നു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ, സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് തിരുവനന്തപുരത്തേക്ക് മാറ്റുകയാണ് ചെയ്തത്. ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച വൈകിട്ട് ഉണ്ടാകുമെന്നാണ് വിവരം. ഐ.പി.എൽ കിരീട നേട്ടത്തിന്‍റെ വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് മത്സരങ്ങളുടെ വേദി മാറ്റുന്നത്.
ടൂർണമെന്റിന്‍റെ മത്സരക്രമം പ്രകാരം നാല് മത്സരങ്ങളാണ് ബംഗളൂരുവിൽ നിശ്ചയിച്ചിരുന്നത്. ഇന്ത്യ -ശ്രീലങ്ക (സെപ്റ്റംബർ 30), ഇംഗ്ലണ്ട് -ദക്ഷിണാഫ്രിക്ക (ഒക്ടോബർ മൂന്ന്), ഇന്ത്യ -ബംഗ്ലാദേശ് (ഒക്ടോബർ 26), രണ്ടാം സെമി-ഫൈനൽ (ഒക്ടോബർ 30) എന്നിവയാണവ. ഈ മത്സരങ്ങളിൽ ഏതെങ്കിലും തിരുവനന്തപുരമല്ലാതെ മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റുമോ എന്ന കാര്യം വ്യക്തമല്ല. ടൂർണമെന്‍റിന് മുന്നോടിയായി സെപ്റ്റംബർ അവസാന വാരം നടക്കുന്ന രണ്ട് സന്നാഹ മത്സരങ്ങൾക്കും തിരുവനന്തപുരം വേദിയാകുമെന്നാണ് വിവരം.
വനിതാ ഏകദിന ലോകകപ്പിന്റെ ട്രോഫി ടൂറിന് ഇന്നലെ മുംബൈയിൽ തുടക്കമായിരുന്നു. സെപ്റ്റംബർ 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ 50 കൗണ്ട് ഡൗൺ ദിനത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, താരങ്ങളായ സ്മൃതി മന്ഥന, ജമീമ റോഡ്രിഗസ്, ഐ.സി.സി ചെയർമാൻ ജയ് ഷാ തുടങ്ങിയവരും പങ്കെടുത്തു. 2017ൽ ഫൈനൽ കളിച്ചതാണ് വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.