മുംബൈ: ആൻഡേഴ്സൻ- ടെൻഡുൽക്കർ ട്രോഫി സമനിലയിൽ കലാശിച്ചതിനു പിന്നാലെ ഏഷ‍്യാകപ്പിനുള്ള തയാറെടുപ്പിലാണ് ടീം ഇന്ത‍്യ. നിലവിലെ ഇന്ത‍്യൻ ടെസ്റ്റ് ടീം ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ ഏഷ‍്യാ കപ്പിനുള്ള ഇന്ത‍്യൻ ട്വന്‍റി20 ടീമിൽ തിരിച്ചെത്തുമെന്ന് നേരത്തെ അഭ‍്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഗിൽ ചുമ്മാ വരികയല്ല, സെപ്റ്റംബറിൽ നടക്കുന്ന ടൂർണമെന്‍റിൽ ടീമിന്‍റെ ഉപനായകനായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ശ്രീലങ്കക്കെതിരെയാണ് ഗിൽ അവസാനമായി ടി20 മത്സരം കളിച്ചത്. കഴിഞ്ഞ ഐ.പി.എൽ സീസണിൽ 15 മത്സരങ്ങളിൽനിന്നും 650 റൺസാണ് താരത്തിന്‍റെ ബാറ്റിൽനിന്ന് പിറന്നത്. ക‍്യാപ്റ്റനെന്ന നിലയിൽ അന്ന് മികച്ച പ്രകടനമാണ് ഗിൽ പുറത്തെടുത്തത്. ഇന്ത‍്യയുടെ ഇംഗ്ലണ്ട് പര‍്യടനത്തിനു മുന്നോടിയായി രോഹിത് ശർമ അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റിൽനിന്നും വിരമിച്ചതോടെയാണ് ടീമിന്‍റെ നായകസ്ഥാനം ഗില്ലിനെ തേടിയെത്തിയത്. ബി.സി.സി.ഐ ഏൽപ്പിച്ച ക‍്യാപ്റ്റൻ സ്ഥാനം അദ്ദേഹം മികച്ച രീതിയിൽ നിർവഹിക്കുകയും ചെയ്തു.
ഏകദിന ടീമിന്‍റെ നായക സ്ഥാനം വൈകാതെ ഗിൽ ഏറ്റെടുക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ നിലവിലെ നായകൻ രോഹിത് ശർമ വിരമിച്ചതിനു ശേഷമാണോ അതോ അതിനു മുമ്പ് ആയിരിക്കുമോ ഇതെന്ന കാര‍്യം വ‍്യക്തമല്ല. കഴിഞ്ഞ വർഷം ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ കുട്ടിക്രിക്കറ്റ് രോഹിത് മതിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സൂര്യകുമാർ യാദവിനെ നായക സ്ഥാനത്ത് അവരോധിച്ചത്. നയിച്ച പരമ്പരകളിൽ ഇന്ത്യക്ക് ജയം സമ്മാനിക്കാൻ കഴിഞ്ഞതിനാൽ സൂര്യയുടെ ക്യാപ്റ്റൻസി നിലവിൽ സേഫാണെന്നാണ് വിലയിരുത്തൽ.
22 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച സൂര്യകുമാർ യാദവ് 17 എണ്ണവും വിജയത്തിലെത്തിച്ചു. ജൂണില്‍ നടന്ന മുംബൈ ട്വന്റി20 ലീഗിലാണ് സൂര്യകുമാർ ഒടുവിൽ കളിച്ചത്. മുംബൈ നോർത്ത് ഈസ്റ്റ് ടീമിനായി നാല് ഇന്നിങ്സുകളിൽനിന്ന് 122 റൺസാണ് സൂര്യകുമാർ യാദവ് സ്വന്തമാക്കിയത്. പരുക്കുമാറി തിരിച്ചെത്തുന്ന താരം ഏഷ്യാകപ്പ് മത്സരങ്ങൾക്കുവേണ്ടി പരിശീലനത്തിലാണ്. ഏഷ്യാകപ്പിൽ സൂര്യകുമാർ ക്യാപ്റ്റനാകുമ്പോൾ വൈസ് ക്യാപ്റ്റന്റെ റോളിൽ ഗില്ലുമുണ്ടാകും. അവസാനം കളിച്ച ട്വന്റി20 പരമ്പരയിൽ അക്ഷർ പട്ടേലായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ.
എല്ലാ ഫോർമാറ്റുകളിലും ഗില്ലിനെ ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ടുവരാനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്. ഓപ്പണിങ് ബാറ്ററായും വൺ ഡൗണായും ഇറക്കാവുന്ന ബാറ്ററാണ് ശുഭ്മൻ ഗിൽ. ഏഷ്യാ കപ്പിൽ അഭിഷേക് ശർമയും സഞ്ജു സാംസണും തന്നെ ഇന്ത്യയുടെ ഓപ്പണർമാരാകാനാണു സാധ്യത. അങ്ങനെയെങ്കിൽ ഗിൽ ബാറ്റിങ് പൊസിഷനിൽ താഴേക്ക് ഇറങ്ങും. മികവ് തെളിയിക്കാനായാൽ സൂര്യയിൽനിന്ന് ക്യാപ്റ്റൻസി ഗില്ലിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.