വ്ലാദിമിർ പുടിൻ, ഷി ജിൻപിങ്, കിം ജോങ് ഉൻ എന്നിവർ വിജയദിന പരേഡിൽ പങ്കെടുക്കാനെത്തുന്നു
ബെയ്ജിങ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധം ലോകചേരികളിൽ പിരിമുറുക്കം സൃഷ്ടിക്കുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ദക്ഷിണ കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഉൾപ്പെടെ 27 രാഷ്ട്ര നേതാക്കളുടെ സാന്നിധ്യത്തിൽ ചൈനയിൽ വിജയദിനാഘോഷം.
ആണവ മിസൈലും അത്യാധുനിക ആയുധങ്ങളും പതിനായിരത്തോളം സൈനികരും അണിനിരന്ന വമ്പൻ സൈനിക പരേഡുമായാണ് ലോകമഹായുദ്ധം അവസാനിച്ചതിന്റെ 80ാം വാർഷികം അമേരിക്കക്കുള്ള മുന്നറിയിപ്പായി ബെയ്ജിങ്ങിലെ ടിയാൻമെൻ ചത്വരത്തിൽ അരങ്ങേറിയത്. ബുധനാഴ്ച രാവിലെ നടന്ന സൈനിക പരേഡായിരുന്ന ചൈന വിജയ ദിനാഘോഷത്തിന്റെ ആകർഷകം. ഒരേ വേഷവും ചുവടുവെപ്പുമായി അണിനിരന്ന സൈനികരും, സമാധാനത്തിന്റെ അടയാളമായി പറത്തിവിട്ട ആയിരത്തോളം വെള്ളരി പ്രവാവുകളും, ഹെലികോടപ്റ്ററുകളിൽ നിന്നും താഴ്ത്തിയ നീതി, സമാധാനം മുദ്രാവാക്യമുയർത്തുന്ന ബാനറുകളുമായി പരേഡ് ശ്രദ്ധയാകർഷിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിലെ ജപ്പാൻ പ്രകോപനത്തിനു മേൽ നേടിയ സമ്പൂർണ വിജയത്തിന്റെ ഓർമ പുതുക്കികൊണ്ടുള്ള വിക്ടറി പരേഡിൽ 26 വിദേശ രാഷ്ട്ര തലവൻമാരെയും പങ്കെടുപ്പിച്ചത് അമേരിക്കക്കുള്ള പരോക്ഷ മറുപടിയായാണ് വിദഗ്ധർ വിലയിരുത്തുന്നത്. ചൈനയുമായി അടുത്ത ബന്ധം നിലനിർത്തുന്ന വ്ലാദിമിർ പുടിൻ, കിം ജോങ് ഉൻ എന്നിവർക്കു പുറമെ ഇറാൻ, മലേഷ്യ, മ്യാൻമർ, മംഗോളിയ, ഇന്തോനേഷ്യ, സിംബാബ്വെ, മധ്യഏഷ്യൻ രാഷ്ട്ര മേധാവികൾ എന്നിവർ പങ്കെടുത്തു. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരിഫ്, നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസു എന്നിവരും പരേഡിൽ പങ്കെടുത്തു.
ആതിഥേയന്റെ ഉത്തരവാദിത്വവുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഭാര്യ പെങ് ലിയുവാനും വിവിധ രാഷ്ട്ര നേതാക്കളെ സ്വീകരിച്ചു.
2019ന് ശേഷം ചൈന കണ്ട ഏറ്റവും വലിയ സൈനിക പരേഡിനായിരുന്നു ടിയാൻമെൻ സ്ക്വയർ സാക്ഷിയായത്.
അത്യാധുനിക ആയുധങ്ങൾ അണിനിരത്തി ശക്തിപ്രകടനം
യുദ്ധ വിമാനങ്ങൾ, മിസൈലുകൾ, ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ, അത്യാധുനിക ഡ്രോണുകൾ, ഏറ്റവും നൂതനമായ ആണവായുധ വാഹക മിസൈലുകൾ എന്നിവയും അണിനിരത്തിയായിരുന്നു ചൈനയുടെ ശക്തിപ്രകടനം. ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങളുടെ ഏറ്റവും വലിയ പ്രദർശന വേദിയാക്കി വിജയ ദിന പരേഡിനെ മാറ്റി. ആയുധ നിർമാണ മേഖലയിൽ നിർമിത ബുദ്ധിയുടെ പിന്തുണയോടെ ചൈന നടത്തിയ മുന്നേറ്റം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയായിരുന്നുവെന്ന് മിസൈൽ വിദഗ്ധനായ ഡോ. സിദ്ദാർഥ് കൗശലിനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
ഹൈപ്പർ സോണിക് ക്രൂസ് മിസൈൽ, 18 മീറ്റർ ദൈർഘ്യമുള്ള കടലിലെ ഡ്രോൺ എന്ന് വിളിക്കുന്ന ആണവ അന്തർവഹിനികൾ, നൂറുകണക്കിന് ആണവ മിസൈലുകൾ എന്നിവയുമായി ആയുധ മേഖലയിൽ അമേരിക്കയെയും റഷ്യയെയും പിന്തള്ളുന്നതാണ് ചൈനയുടെ ശേഷിയെന്നും പ്രദർശനം സാക്ഷ്യപ്പെടുത്തുന്നു.
പസഫിക് സമുദ്രത്തിലെ അമേരിക്കൻ പ്രദേശമായ ഗുവാമിന്റെ പേരിൽ ചൈന വികസിപ്പിച്ച ‘ഗുവാം കില്ലർ’ ഡോങ്ഫെങ് 26ഡി മിസൈലും ആദ്യമായി പ്രദർശിപ്പിച്ചു.
ആയുധങ്ങളും സേനാനികളും അണിനിരന്ന പരേഡിനെ അഭിവാദ്യംചെയ്തുകൊണ്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തുറന്ന വാഹനത്തിൽ സഞ്ചരിച്ചു.
ഒരു ഭീഷണിക്കും വഴങ്ങില്ല; ട്രംപിന് സന്ദേശവുമായി ഷി ജിൻപിങ്
സൗഹൃദ രാഷ്ട്രനേതാക്കളും സൈന്യവും ആയുധങ്ങളും സാക്ഷിയാക്കിയ പരേഡിൽ അമേരിക്കൻ പ്രസിഡന്റിനുള്ള ഉറച്ച സന്ദേശമാക്കി മാറ്റുകയായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ചൈന ഏറ്റവും മഹത്തരമായ രാജ്യമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഒരു തരത്തിലുള്ള ഭീഷണിക്കും വഴങ്ങില്ലെന്നും വ്യക്തമാക്കി.
അമേരിക്ക നയിക്കുന്ന ലോകക്രമത്തിന് ഒരു ബദൽ രൂപപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നതായും ഷി പറഞ്ഞു.
ചൈനീസ് വിജയദിന പരേഡിൽ നിന്ന്
രണ്ടു ദിവസം മുമ്പ് സമാപിച്ച ഷാങ്ഹായ് ഉച്ചകോടിയുടെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കാളിത്തവും ചൈനയുമായി ഇന്ത്യയുടെ കൈകോർക്കലുമായി പുതിയ സമവാക്യങ്ങൾ രൂപംകൊള്ളുന്നതിനിടെയായിരുന്നു ശക്തിപ്രകടനമായി മാറിയ പരേഡും അരങ്ങേറിയത്. ചൈനയുമായുള്ള താരിഫ് യുദ്ധവും, ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച അധിക തീരുവയുമായി അമേരിക്കയുടെ വ്യാപാര ബന്ധം സങ്കീർണമാവുന്നതും ചൈനയുടെ നേതൃത്വത്തിലുള്ള പുതുചേരിയുടെ ഉയർച്ച സൂചിപ്പിക്കുന്നു.
അതേസമയം, ലോക യുദ്ധം അവസാനിപ്പിക്കാനും ചൈനക്ക് മോചനം നൽകാനും പങ്കുവഹിച്ച അമേരിക്കയെ ചൈനീസ് പ്രസിഡന്റ് ഓർകുമോയെന്ന് കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് സാമൂഹിക മാധ്യമത്തിലൂടെ ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.