ഡോണാൾഡ് ട്രംപ്, ഖത്തർ അമീർ
ദോഹ: ഇസ്രായേൽ ആക്രമണത്തിൽ ശക്തമായി അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി ഖത്തർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് ഖത്തറിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണത്തെ ശക്തമായി അപലപിച്ച ഡൊണാൾഡ് ട്രംപ്, മേഖലയിലെ പ്രശ്നങ്ങൾ നയതന്ത്രശ്രമങ്ങളിലൂടെ പരിഹാരിക്കണമെന്നും ചൂണ്ടിക്കാട്ടി. മേഖലയിൽ സമാധാനം കൈവരിക്കുന്നതിൽ ഖത്തറിന്റെ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട് ഗസ്സ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥശ്രമങ്ങൾ തുടരണമെന്നും അമീറിനോട് ആവശ്യപ്പെട്ടു.
മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന നടപടികൾക്ക് ഇസ്രായേലാണ് ഉത്തരവാദിയെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു. സംഘർഷം ലഘൂകരിക്കുന്നതിനും സുസ്ഥിരമായ നയതന്ത്ര പരിഹാരങ്ങൾ കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതുമാണിത്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം അതിന്റെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം. ഈ സമീപനത്തെ യു.എസ് പിന്തുണക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
ഖത്തർ അതിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സഹോദര -സൗഹൃദ രാഷ്ട്രങ്ങൾക്കൊപ്പം നിൽക്കുകയും മാനുഷിക ലക്ഷ്യങ്ങൾക്കായുള്ള സമീപനം തുടരുമെന്നും അമീർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.