കാഠ്മണ്ഡു: ആഭ്യന്തര കലാപത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നവരിൽ രണ്ട് തൃശ്ശൂർ സ്വദേശികളും. എരുമപ്പെട്ടി സ്വദേശി ഡോ. സുജയ് സിദ്ധാർത്ഥൻ, വാടാനപ്പള്ളി സ്വദേശി അഭിലാഷ് എന്നിവരാണ് ടിബറ്റിലെ ഡാർച്ചിനൽ കുടുങ്ങിയത്. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് നേപ്പാളിൽ കുടുങ്ങിയത്. കലാപത്തിന് അയവുണ്ടായാൽ മാത്രമേ തിരിച്ചുരവിന്റെ കാര്യത്തിൽ തീരുമാനമാകൂ.
നിലവിൽ നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ താമസ സ്ഥലങ്ങളിൽ തന്നെ നിലയുറപ്പിക്കണമെന്നും തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ജാഗ്രത പാലിക്കണമെന്നും നേപ്പാൾ അധികൃതരുടെയും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെയും പ്രാദേശിക സുരക്ഷാ ഉപദേശങ്ങൾ പാലിക്കാനും മന്ത്രാലയം നിർദേശിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ ഇന്ത്യൻ പൗരന്മാർ നേപ്പാളിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടു. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം. നമ്പർ: +977 - 980 860 2881, +977 - 981 032 6134.
നേപ്പാളിനെ പിടിച്ചുകുലുക്കിയ ‘ജെൻ സി’ പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി.ശർമ ഒലിയും പിന്നാലെ പ്രസിഡന്റ് രാമചന്ദ്ര പൗഡലും രാജിവെച്ചു. പാർലമെന്റിനും സുപ്രീം കോടതിക്കും ഭരണസിരാകേന്ദ്രത്തിനും രാഷ്ട്രീയ പാർട്ടികളുടെ ഓഫിസിനും പ്രക്ഷോഭകർ തീയിട്ടു. മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ വീടിനുള്ളിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റാബി ലക്ഷ്മി ചിത്രകാർ വെന്തുമരിച്ചു. സുരക്ഷ സേനയെയും നിരോധനാജ്ഞയെയും വകവെക്കാതെയാണ് വിദ്യാർഥികളും യുവാക്കളും തെരുവിലിറങ്ങിയത്.
സമൂഹമാധ്യമ നിരോധനം മാത്രമല്ല, രാഷ്ട്രീയ നേതൃത്വത്തിന്റെ അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങളും പ്രതിഷേധം ആളിപ്പടരാൻ കാരണമായി. തിങ്കളാഴ്ച പ്രക്ഷോഭത്തിനെ നേരിട്ട പൊലീസ് നടപടിയിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ഒലി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് പ്രക്ഷോഭകർ അദ്ദേഹത്തിന്റെ ഓഫിസിലേക്ക് മുദ്രാവാക്യവുമായി ഇരച്ചുകയറി. പിന്നാലെയാണ് രാജിപ്രഖ്യാപനമുണ്ടായത്. രാജ്യത്ത് അസാധാരണ സാഹചര്യമാണെന്നും അതിന് രാഷ്ട്രീയവും ഭരണഘടനാപരവുമായ പരിഹാരമുണ്ടാകാൻ താൻ സ്ഥാനമൊഴിയുകയാണെന്നുമാണ് ഒലി പ്രസിഡന്റിന് സമർപ്പിച്ച രാജിക്കത്തിൽ പറയുന്നത്. മണിക്കൂറുകൾക്കകം പ്രസിഡന്റും രാജിവെച്ചു.
സുരക്ഷ സാഹചര്യം കണക്കിലെടുത്ത് കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. തിങ്കളാഴ്ച രാത്രി തന്നെ സമൂഹമാധ്യമ നിരോധനം സർക്കാർ നീക്കിയിരുന്നു. എന്നാൽ, പ്രതിഷേധക്കാർ കൊല്ലപ്പെട്ടതും അഴിമതി പോലുള്ള വിഷയങ്ങളും ഉയർത്തി സമരം തുടരുകയായിരുന്നു. ഒലിയുടെ രാജിക്ക് മണിക്കൂറുകൾ മുമ്പാണ് പ്രക്ഷോഭകർ അദ്ദേഹത്തിന്റെ ബാൽകോട്ടിലെ വസതിക്ക് തീയിട്ടത്.
മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ, വാർത്താവിനിമയ മന്ത്രി പൃഥ്വി ശുഭ ഗുരുങ്, മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക് എന്നിവരുടെ വീടുകളും ആക്രമിച്ചു. പ്രസിഡന്റ് പൗഡലിന്റെ സ്വകാര്യ വസതിയും ആക്രമിക്കപ്പെട്ടു. അതിനിടെ, നേപ്പാൾ കരസേനയും മറ്റ് സേനാവിഭാഗങ്ങളുടെ തലവന്മാരും പ്രക്ഷോഭകരോട് അക്രമം നിർത്തി ചർച്ചക്ക് തയാറാകാൻ സംയുക്ത പ്രസ്താവനയിലൂടെ അഭ്യർഥിച്ചു.
നേപ്പാളി കോൺഗ്രസ് തലവനും മുൻ പ്രധാനമന്ത്രിയുമായ ഷേർ ബഹാദൂർ ദ്യൂബയുടെ കിഴക്കൻ കാഠ്മണ്ഡുവിലെ വീടിന് തീയിട്ട പ്രക്ഷോഭകർ ദ്യൂബയെയും ഭാര്യയെയും പിടികൂടുന്ന ദൃശ്യം പ്രചരിക്കുന്നുണ്ട്. നേപ്പാളിലെ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനാകും എന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.