കിലൗയ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചു; 100 മീറ്റർ ഉയരത്തിൽ ലാവ പുറത്തേക്ക്

ഹോണോലുലു: ഹവായിയിലെ കിലൗയ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചു. അതിന്റെ കൊടുമുടിയിലെ ഗർത്തത്തിൽ നിന്ന് 330 അടി (100 മീറ്റർ) ഉയരത്തിൽ ലാവ പൊട്ടിത്തെറിച്ചു. യു.എസ് ജിയോളജിക്കൽ സർവേ പുറത്തുവിട്ട ദൃശ്യങ്ങളിൽ ആകാശത്ത് ഓറഞ്ച് നിറത്തിലുള്ള ഉരുകിയ ലാവ പൊട്ടിത്തെറിക്കുന്നത് കാണാം. ഏത് നിമിഷവും പൊട്ടിത്തെറിയുണ്ടാകാമെന്ന് യു.എസ് ജിയോളജിക്കൽ സർവ്വേ ജാഗ്രതാ നിർദേശം നൽകിയിരുന്നു.

ഹവായ് ദ്വീപിലെ ബിഗ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നാണ് കിലൗയ. ഇത് ഹവായ് അഗ്നിപർവ്വത ദേശീയ ഉദ്യാനത്തിന്‍റെ ഭാഗമാണ്. ഹവായ് ദ്വീപിലെ ഹൈപ്പർ ആക്ടീവ് ഷീൽഡിന്റെ ഭാഗവും ഏറ്റവും സജീവമായ അഞ്ച് അഗ്നിപർവ്വതങ്ങളിൽ ഒന്നുമാണ് കിലൗയ. 1200 മീറ്ററിൽ കൂടുതലാണ് ഈ അഗ്നിപർവ്വതത്തിന്റെ ഉയരം. ഹവായിയുടെ തെക്കൻ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഇത് 32-ാം തവണയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നത്. അർദ്ധരാത്രിക്ക് ശേഷം ഹാലെമൗമൗ ക്രേറ്ററിലെ വടക്കൻ വെന്റിൽ നിന്നാണ് ലാവ ആദ്യം ഉയർന്നുവന്നത്. രാവിലെ 6:35 ന് വെന്റിൽ നിന്ന് ലാവയുടെ ഉറവകൾ പൊട്ടിത്തെറിക്കാൻ തുടങ്ങിയെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പുലർച്ചെ ഗർത്തത്തിന്റെ തെക്കൻ വെന്റിൽ നിന്നും അതിനിടയിലുള്ള മൂന്നാമത്തെ വെന്റിൽ നിന്നും ലാവ പൊട്ടിത്തെറിച്ചു.

ഉരുകിയ ലാവ നിക്ഷേപങ്ങൾ ഹവായ് അഗ്നിപർവ്വത ദേശീയോദ്യാനത്തിനുള്ളിലെ കൊടുമുടിയിലെ ഗർത്തത്തിനുള്ളിൽ ഒതുങ്ങിനിൽക്കുന്നു. സ്ഫോടനങ്ങൾ പ്രധാനമായും അഗ്നിപർവ്വതത്തിന്‍റെ ഉച്ചകോടിയിലുള്ള ഹാലെമൗ ഗർത്തത്തിനുള്ളിലാണ് നടക്കുന്നത്. അതിനാൽ, വീടുകൾക്കോ അടിസ്ഥാന സൗകര്യങ്ങൾക്കോ നിലവിൽ ഭീഷണിയൊന്നും ഉണ്ടായിട്ടില്ല. നിരവധി പേരാണ് പൊട്ടിത്തെറി കാണാനായി പ്രദേശത്തേയ്ക്ക് എത്തിയത്. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച ശേഷമാണ് ആളുകളെ കയറ്റി വിടുന്നതെന്ന് യു.എസ് ജിയോളജിക്കൽ സർവ്വേ അധികൃതർ വ്യക്തമാക്കി. 

Tags:    
News Summary - Hawaii's Kilauea volcano erupts, spewing lava 100 metres into the sky

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.